അമേരിക്കന്‍ ആക്രമണം ;ഐഎസ്എസില്‍ ചേര്‍ന്ന മലയാളികള്‍ അടക്കം 36 ഭീകരര്‍ കൊല്ലപ്പെട്ടു

ഐഎസ് ഭീകരരുടെ കേന്ദ്രത്തില്‍ യുഎസ് നടത്തിയ ബോംബാക്രമണത്തില്‍ 36 ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം.ഇതില്‍ കേരളത്തില്‍ നിന്ന് ഐഎസിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടവരും ഉള്‍പ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ച് ഇന്ത്യ ടുഡേയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അഫ്ഗാനിസ്ഥാനിലെ പാക് അതിർത്തിക്ക് സമീപത്തെ മലനിരകളിലാണ് ആക്രമണം നടന്നത്. ആക്രമണം സിവിലിയന്മാരെ ബാധിക്കാതിരിക്കാൻ നേരത്തേ തെയ്യാറെടുപ്പുകൾ നടത്തിയിരുന്നതായി അഫ്ഗാൻ അറിയിച്ചു.വ്യാഴാഴ്ച രാത്രി ഏഴരയോടെയാണ് ജിബിയു-43 എന്ന കൂറ്റന്‍ ബോംബ് ഉപയോഗിച്ച് യുഎസ് ഐഎസ് കേന്ദ്രത്തില്‍ ആക്രമണം നടത്തിയത്. 11 ടണ്‍ ഭാരമുള്ള ജിബിയു-43  പ്രയോഗിക്കപ്പെട്ടതില്‍ ഏറ്റവും വലിയ ആണവേതര ബോംബാണ്. ബോംബുകളുടെ മാതാവ് എന്നാണ് ഇതറിയപ്പെടുന്നത്. 2003ൽ ഇറാഖ് അധിനിവേശത്തിന് മുമ്പാണ്  ഈ ബോംബ്‌ ആദ്യമായി പരീക്ഷിച്ചത്. മാസ്സീവ് ഓർഡനൻസ് എയർ ബ്ലാസ്റ്റ് ബോംബ് എന്ന് പൊതുവെ അറിയപ്പെടുന്ന ഇവക്ക് ഏകദേശം പതിനൊന്ന് ടൺ സ്ഫോടക വസ്തുക്കൾ വഹിക്കാൻ ശേഷിയുണ്ട്. അതേസമയം മേഖലയില്‍ ഉണ്ടായിരുന്ന മലയാളികളുടെ കുടുംബാംഗങ്ങളെ ബന്ധപ്പെടാന്‍ എന്‍ഐഎക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.  കേരളത്തില്‍ നിന്ന് ഐഎസില്‍ ചേര്‍ന്നവര്‍ തങ്ങള്‍ അഫ്ഗാനിസ്ഥാനിലാണ് ഉള്ളതെന്ന് ബന്ധുക്കള്‍ക്ക് സന്ദേശം അയച്ചതായി നേരത്തേ റിപ്പോര്‍ട്ടുകള്‍  പുറത്തുവന്നിരുന്നു.