മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് ഇല്ല എന്ന് ജിഷ്ണുവിന്റെ അമ്മ; മുഖ്യമന്ത്രിയുടെ വാക്കുകള്‍ വേദനിപ്പിച്ചു

സമരം കൊണ്ട് എന്തുനേടിയെന്ന് ചോദിച്ച മുഖ്യമന്ത്രിയുടെ വാക്കുകള്‍ക്ക് മറുപടിയായി കൂടിക്കാഴ്ചയ്ക്ക് ഇല്ല എന്ന് ജിഷ്ണുവിന്റെ അമ്മ മഹിജ. മുഖ്യമന്ത്രിയുടെ വാക്കുകള്‍ തന്നെ വേദനിപ്പിച്ചു ഇക്കാരണത്താലാണ് കൂടിക്കാഴ്ചയ്ക്ക് തയാറാകാത്തതെന്നും മഹിജ വ്യക്തമാക്കി. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് മഹിജക്ക് നാളെ രാവിലെ പത്തിന് സമയം അനുവദിച്ചിരുന്നു. സമരം ഒത്തുതീർക്കുന്നതിന് സർക്കാർ മുന്നോട്ടുവെച്ച വ്യവസ്ഥകളിൽ മുഖ്യമന്ത്രിയുടെ സമയം ലഭിക്കുന്ന മുറക്ക് ബന്ധുക്കൾക്ക് കൂടിക്കാഴ്ച നടത്താൻ അവസരെമാരുക്കുമെന്നതും ഉള്‍പ്പെടുത്തിയിരുന്നു. മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ സി.പി.ഐ ജനറല്‍ സെക്രട്ടറി കാനം രാജേന്ദ്രൻ ഇന്നലെ രംഗത്തെത്തിയിരുന്നു. ഡിജിപിയെ കാണാന്‍ പോലീസ് ആസ്ഥാനത്ത് എത്തിയ മഹിജയെയും ബന്ധുക്കളെയും പോലീസ് ബലമായി അറസ്റ്റ് ചെയ്തിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നെങ്കിലും മുഖ്യമന്ത്രി പോലീസ് നടപടിയെ ന്യായീകരിക്കുകയാണ് ചെയ്തിരുന്നത്.