മുന്‍ഷി വേണു: വേദനയുണര്‍ത്തുന്ന ഓര്‍മ്മ

ഇന്നത്തെ മുന്‍ഷിയുടെ സംവിധായകന്‍ അന്ന് മാണിക്യന്‍ എന്ന സീരിയലിലൂടെ ഒന്‍പതു സംസ്ഥാന അവാര്‍ഡുകള്‍ നേടിയ സീരിയല്‍ സംവിധായകനുമായ അനില്‍ ബാനര്‍ജിയുടെ സ്‌നേഹപൂര്‍വ്വകമായ നിര്‍ബ്ബന്ധത്തെ തുടര്‍ന്നാണ് ഞാന്‍ ടെലിഫിലിം, സീരിയല്‍ മേഖലയുമായി സഹകരിയ്ക്കുന്നത്. അന്നു മുതല്‍ ബാനര്‍ജിയുടെ എല്ലാ വര്‍ക്കുകളിലും ഞാനായിരുന്നു പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടിവ്.

അന്ന് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് പിറകില്‍ അദ്ധ്യാപക ഭവനും പ്രസ് ക്ലബ്ബിനും ഇടയില്‍ വളരെ പഴക്കം ചെന്ന ഒരു ലോഡ്ജുണ്ടായിരുന്നു ‘കാര്‍ത്തിക’. അവിടെ മാസവാടകയ്‌ക്കെടുത്ത എന്റെ റൂമിലായിരുന്നു സായാഹ്നങ്ങളിലെ ഞങ്ങളുടെ സീരിയല്‍ ചര്‍ച്ചകളും, വെടിവട്ടവും. അങ്ങിനെയൊരു വെടിവട്ട സന്ധ്യയിലാണ് എങ്ങുനിന്നോയെന്ന പോലെ കറുത്ത പാന്റും കരിനീല ഷര്‍ട്ടമിട്ട വേണു പ്രത്യക്ഷപ്പെടുന്നത്. വളരെ അടുത്ത് ഇടപഴകും മുമ്പുതന്നെ ഞാന്‍ ബാനര്‍ജിയോട് ഇദ്ദേഹത്തിന്റെ കാര്യങ്ങള്‍ അന്വേഷിച്ചപ്പോഴാണ് ഈ ‘നിത്യദരിദ്രവാസി ‘ ഞാന്‍ കരുതിയ പോലെ നിസ്സാര ജന്മമല്ലെന്നു മനസ്സിലായത്.

തിരുവനന്തപുരം വഴുതക്കാട്ടെ വളരെ കുലീന കുടുംബത്തില്‍ ജനിച്ച സ്‌കൂള്‍ വിദ്യാഭ്യാസമുള്ള വ്യക്തി. സ്‌കൂള്‍ പഠന കാലത്തു തന്നെ കലാസാംസ്‌കാരിക സംരംഭങ്ങളോടായിരുന്നു വേണുവിനു പ്രണയം. യൗവനാരംഭത്തില്‍ തന്നെ സിനിമാഭ്രമം തലയില്‍ കയറി കിട്ടിയ ട്രയിനില്‍ കോടാമ്പക്കത്ത് എത്തിപ്പെട്ടു. അവിടെ താമസത്തിനും ഭക്ഷണത്തിനു പോലും മാര്‍ഗമില്ലാതിരുന്നിട്ടും അവസരങ്ങളുടെ വാതിലില്‍ മുട്ടി നടന്ന ഇദ്ദേഹം ജഗതിച്ചേട്ടന്റെ നിഴലായി മാറി. ഞങ്ങളുടെ ടീമില്‍ അംഗമായി വരുവോളം ആ ബന്ധം അങ്ങിനെ ആത്മബന്ധമായി നിലനിന്നു.

ഇതിനിടയില്‍ വഴുതക്കാട്ടെ തന്നെ ഒരു ഉന്നത കുടുംബത്തില്‍ നിന്ന വിവാഹം കഴിച്ചു. ഒരു പെണ്‍കുട്ടിയുടെ അച്ഛനായി. പക്ഷെ വേണു കൊടിയേറ്റം സിനിമയിലെ ഗോപിയുടെ കഥാപാത്രം പോലെ ഉത്തരവാദിത്വങ്ങള്‍ എല്ലാം മറന്നു സിനിമയുടെ നിഴലില്‍ അലയുകയായിരുന്നു. അതൊരു പതിവായതോടെ ആ ബന്ധം തകര്‍ന്നു. ഭാര്യ അതോടെ ബന്ധം ഉപേക്ഷിച്ച് അവരുടെ വീട്ടിലേയ്ക്കു മടങ്ങി. അതോടെ വേണുവിന് മദ്യം ഇല്ലാതെ ജീവിയ്ക്കാന്‍ ബുദ്ധിമുട്ടായി. നന്നായി എഴുതാന്‍ കഴിവുണ്ടായിരുന്ന വേണുവിന്റെ കഴിവ് മറ്റു പലരുടേയും പേരുകളില്‍ പുറത്തുവന്നേപ്പാള്‍ വേണവിന് ഒന്നോ രണ്ടോ പൈന്റ് മദ്യമാണ് കിട്ടിയിരുന്നത്.

ഞാനും ബാനര്‍ജിയും കൂടി വേണുവിന്റെ മദ്യപാന ശീലം മാറ്റുന്നതിനായി എന്റെ ഭാര്യ വീടിന് അധികം അകലെയല്ലാതുള്ള ചാലക്കുടിയിലെ മുരിങ്ങൂര്‍ ധ്യാനകേന്ദ്രത്തിലാക്കി. വേണു വളരെ വേഗം തന്നെ പനയ്ക്കല്‍ അച്ചന്റെ അടുപ്പക്കാരനായി. ഏതാണ്ട് ഒരു മാസത്തിനു ശേഷം ഞങ്ങള്‍ കാണുവാന്‍ ചെല്ലമ്പാള്‍ വേണു ശരീരമൊക്കെ തടിച്ചു നല്ല മിടുക്കനായിരുന്നു. പക്ഷേ പോരുമ്പോ അടുത്തുവന്നു ചോദിച്ചു സാധനം വല്ലതും (മദ്യം) കൈയിലുണ്ടോ?അതായിരുന്ന വേണു!

എന്നും തന്നെ കാര്‍ത്തികയിലെ റൂമില്‍ വന്നിരുന്ന വേണു ഒരു ദിവസം എന്നോട് ജോയിച്ചായാ ഞാനൊന്നു കുളിച്ചോട്ടെ എന്നു ചോദിച്ചു. സോപ്പും, തോര്‍ത്തുമൊക്കെ ബാത്ത റൂമിലുള്ളതിനാല്‍ ഞാന്‍ തലയാട്ടി സമ്മതിച്ചു. പിന്നെ ഞാന്‍ കാണുന്നത് പാന്റും ഷര്‍ട്ടുമിട്ടുനിന്നു കുളിച്ചിട്ട് തല പോലും തോര്‍ത്താതെ വരാന്തയിലൂടെ കവാത്തു നടത്തുന്ന വേണുവിനെയാണ്. ഞാന്‍ വളരെ ക്ഷുഭിതനായി. വായില്‍ വന്ന തെറിയെല്ലാം വിളിച്ചെങ്കിലും നിഷ്‌ക്കളങ്കമായി ചിരിച്ചു നിന്നതേയുള്ളു വേണു. അന്നു മുതല്‍ വേണു എന്റെ ആത്മസുഹൃത്തായി.

നാട്ടിലെത്തിയാല്‍ കണ്ടറിഞ്ഞു വല്ലതും നല്‍കിയാല്‍ സ്വീകരിയ്ക്കാന്‍ പോലും ആ ആത്മാഭിമാനി മടിച്ചിരുന്നു. പിന്നീടു് മുന്‍ഷിയില്‍ സ്ഥിരമായി വേഷം കൊടുത്തെങ്കിലും കൈയില്‍ കാശ് വന്നതോടെ സമയത്ത് ഷൂട്ടിനു വരാതായി. അതിനിടയില്‍ ഇടയ്ക്കിടെ സിനിമയിലൂടെയും തിളങ്ങി. പിന്നീട് ചാലക്കുടിയില്‍ ഞാനും ഭാര്യയും കുട്ടികളുമൊരുമിച്ചു നില്‍ക്കവെ പിന്നില്‍ നിന്നു ഓടി വന്ന് എന്നെ കെട്ടിപ്പിടിച്ചു. കുറെ സമയം സംസാരിച്ചു. പിരിയുമ്പോഴും നാരങ്ങാവെള്ളം വാങ്ങിക്കൊടുക്കുമ്പോഴും ജോയിച്ചായന് ഇന്നും ഈ നാരങ്ങാവെള്ളം തന്നെ, എനിയ്ക്ക് മറ്റവന്‍ (മദ്യം) തന്നെ വേണമെന്നു പറഞ്ഞു യാത്ര പറഞ്ഞു പോയതാണ് വേണു.

ആരോടും പരാതിയും പരിഭവവുമില്ലാതെ ജീവിച്ച വേണുവിന് എന്നും ആരുമറിയാതെ സഹായിച്ചിരുന്നത് അനില്‍ ബാനര്‍ജിയായിരുന്നു.

ജീവിച്ചിരുന്നപ്പോള്‍ എന്നും അശാന്തനായിരുന്ന വേണുവിന്റെ ആത്മാവിനു നിത്യശാന്തി…