സിറിയ, നൈജീരിയ, ഇറാഖ് എന്നീ രാജ്യങ്ങള്‍ക്ക് പിന്നില്‍ അന്താരാഷ്ട്ര മതവിദ്വേഷ റാങ്കിങില്‍ ഇന്ത്യയുടെ സ്ഥാനം നാലെന്ന് റിപ്പോര്‍ട്ട്

2014-നു ശേഷം ഇന്ത്യയില്‍ മതസ്വാതന്ത്ര്യവും വ്യത്യസ്ത മതവിഭാഗങ്ങള്‍ തമ്മിലുള്ള സഹവര്‍ത്തിത്തവും അപകടകരമായ രീതിയില്‍ ഇല്ലാതിയക്കൊണ്ടിരിക്കുന്നുവെന്ന് അന്താരാഷ്ട്ര ഗവേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്. മതസ്വാതന്ത്ര്യത്തെയും മതവിദ്വേഷത്തെയും പറ്റി പഠനം നടത്തുന്ന സ്വതന്ത്ര ഗവേഷണ സ്ഥാപനമായ പ്യൂ റിസര്‍ച്ച് സെന്ററിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ ഇന്ത്യക്ക് നാലാം റാങ്കാണുള്ളത്. മതവിദ്വേഷ പ്രവര്‍ത്തനങ്ങളുടെ മോശം പട്ടികയില്‍ ലോക റാങ്കിംഗില്‍ സിറിയ, നൈജീരിയ, ഇറാഖ് എന്നീ രാജ്യങ്ങള്‍ക്കു പിന്നിലായാണ് ഇന്ത്യ ഇടംപിടിച്ചത്.

2009 മുതല്‍ ഓരോ വര്‍ഷവും ആഗോള മതനിയന്ത്രണ റിപ്പോര്‍ട്ട് പുറത്തിറക്കുന്ന സ്ഥാപനമാണ് പ്യൂ റിസര്‍ച്ച് സെന്റര്‍. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇവര്‍ ഐക്യരാഷ്ട്ര സഭയുടെ വിവിധ ഏജന്‍സികളുടെ റിപ്പോര്‍ട്ട് അടക്കം 18 ഉറവിടങ്ങളെ ആധാരമാക്കിയാണ് വാര്‍ഷിക റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്. 2014 മുതലുള്ള റിപ്പോര്‍ട്ടുകളില്‍ ഇന്ത്യയുടെ സ്ഥിതി വളരെ മോശമാണ്.

മതവിദ്വേഷത്തിന്റെ പേരിലുള്ള കുറ്റകൃത്യങ്ങള്‍, മതവുമായി ബന്ധപ്പെട്ട ആള്‍ക്കൂട്ട അക്രമം, വര്‍ഗീയ കലാപങ്ങള്‍, മതബന്ധിതമായ ഭീകര സംഘങ്ങള്‍, മതസ്ഥാപനങ്ങളെ പ്രവര്‍ത്തിക്കുന്നതില്‍ നിന്ന് ബലമായി തടയല്‍, മതം അനുശാസിക്കുന്ന വസ്ത്രസങ്കല്‍പം തെറ്റിക്കുന്ന സ്ത്രീകള്‍ക്കു നേരെയുള്ള അക്രമം, മതംമാറ്റത്തിനെതിരായ അക്രമം തുടങ്ങി 13 മാനദണ്ഡങ്ങളാണ് റിപ്പോര്‍ട്ട് തയാറാക്കാന്‍ നിശ്ചയിച്ചിരിക്കുന്നത്.

ആകെ 10 പോയിന്റില്‍ ഏറ്റവും കൂടുതല്‍ പോയിന്റുള്ള രാജ്യം ഏറ്റവും മോശം എന്ന നിലയിലാണ് ക്രമീകരണം. സിറിയ (9.2), നൈജീരിയ (9.1), ഇറാഖ് (8.9) എന്നിവക്കു പിന്നാലെ 8.7 പോയിന്റോടെയാണ് ഇന്ത്യ നാലാമതുള്ളത്. ആദ്യ പത്ത് സ്ഥാനങ്ങളിലുള്ള മറ്റ് രാജ്യങ്ങള്‍ യഥാക്രമം ഇസ്രാഈല്‍, യമന്‍, റഷ്യ, അഫ്ഗാനിസ്താന്‍, ഫലസ്തീന്‍, പാകിസ്താന്‍ എന്നിവയാണ്.