വേള്‍ഡ് മലയാളി ഫെഡറേഷന്‍: അല്‍ ഖസീം യൂണിറ്റ് ഇന്ന് രൂപീകരിക്കും

ബുറൈദ: മലയാളികളുടെ ആഗോള സംഘടനയായ വേള്‍ഡ് മലയാളി ഫെഡറേഷന്‍ അല്‍ ഖസീം യൂണിറ്റ് ഇന്ന് രൂപീകൃതമാകും. സൗദി അറേബ്യയിലെ അഞ്ചാമത്തെ യൂണിറ്റാണ് ഇതോടെ രൂപീകൃതമാകുന്നത്.

സൗദിയിലെ മലയാളികള്‍ക്ക് വിഷു-ഈസ്റ്റര്‍ സമ്മാനമായാണ് പുതിയ യൂണിറ്റ് രൂപീകരിക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു. സൗദി അറേബ്യയുടെ മധ്യഭാഗത്തായി നിലകൊള്ളുന്ന ഖസീം പ്രവിശ്യയില്‍ നിരവധി മലയാളികള്‍ ജോലി ചെയ്യുന്നുണ്ട്. രാജ്യത്തിന്റെ പ്രധാന കാര്‍ഷിക ഉല്‍പ്പന്ന കേന്ദ്രമാണ് അല്‍ ഖസീം. ഇവിടങ്ങളില്‍ ജോലി ചെയ്യുന്ന മലയാളികളെ ആഗോള സംഘടനയുടെ ഭാഗമാക്കുക എന്ന ലക്ഷ്യത്തോടെയാണ് യൂണിറ്റ് രൂപീകരിക്കുന്നതെന്നും ഭാരവാഹികള്‍ അറിയിച്ചു.

ഇന്ന് രാത്രി 10.30 ബുറൈദ ലേഡീസ് മാര്‍ക്കറ്റില്‍ നടക്കുന്ന ചടങ്ങിലാണ് സംഘടന രൂപീകരിക്കുന്നത്. സലീം മങ്കയം,ശരീഫ് തലയാട്, ഇഖ്ബാല്‍ പള്ളിമുക്ക്(മലയാളം ന്യൂസ്), മനാഫ് തലയാട് തുടങ്ങി പ്രമുഖര്‍ സംബന്ധിക്കും. രൂപീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഡബ്ലൂ.എം.എഫ് നേതാക്കളായ നൗഷാദ് ആലുവ,മുഹമ്മദ് കായംകുളം,നജീബ് എരമംഗലം, ഹാരിസ് ബാബു തുടങ്ങിയവര്‍ നേതൃത്വം നല്‍കും.