ആ വീഡിയോയുടെ പിന്നില്‍ സംഭവിച്ചത് എന്ത്; ഇന്ത്യന്‍ സൈന്യം ജീപ്പിനു മുന്നില്‍ കെട്ടിവെച്ച് യാത്രചെയ്ത യുവാവിന് പറയാനുള്ളത്…
ജനാധിപത്യഥ്റ്റിന്റെ ഈറ്റില്ലമെന്നു അറിയപ്പെടുന്ന ഇന്ത്യയില്‍ അടുത്തകാലത്തായി നേര് വിപരീതമായ കാര്യങ്ങളാണ് നടന്നു വരുന്നത്. പശുവിന്റെ പേരില്‍ സ്ഥിരം ആക്രമങ്ങള്‍ നടക്കുന്ന രാജ്യത്ത് കാശ്മീരില്‍ ആളിക്കത്തിയ തീ ഇതുവരെ അണഞ്ഞിട്ടുമില്ല. ജനങ്ങളും സൈന്യവും തമ്മിലുള്ള പ്രശ്നങ്ങള്‍ അവിടെ നിരന്തരം തുടരുകയാണ്. അക്രമികള്‍ക്ക് പാക്കിസ്ഥാന് സഹായം ലഭിക്കുന്നു എന്ന് ആരോപണം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. അതിനിടയിലാണ് കശ്മീരില്‍ ആള്‍ക്കൂട്ടം ആക്രമിക്കുമ്പോഴും സംയമനം പാലിക്കുന്ന ജവാന്മാരുടെ വീഡിയോ പുറത്തുവന്നത്. അതിന്റെ പിന്നാലെ സൈനികര്‍ യുവാവിനെ മനുഷ്യകവചമാക്കിയുള്ള വീഡിയോയും പുറത്തുവന്നു.
വീഡിയോയില്‍ പ്രതിഷേധം അറിയിച്ച മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി പൊലീസില്‍ നിന്നും സൈന്യത്തില്‍ നിന്നും വിശദീകരണം തേടിയിരുന്നു. വിവാദ വീഡിയോ പരിശോധിച്ചു വരുകയാണെന്നും കശ്മീര്‍ സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍ ജീവിതത്തില്‍ ഇതുവരെ ആരേയും കല്ലെറിഞ്ഞിട്ടില്ലെന്നാണ് സൈന്യം ബോണറ്റില്‍ കെട്ടിവെച്ച യുവാവായ ഫറൂഖ് അഹ്മദ് ദറിന്റെ പ്രതികരണം. ഏഴു മണിക്കൂറോളം നേരം സൈന്യത്തില്‍ നിന്നും കൊടും യാതന നേരിട്ടതിനെ കുറിച്ച് 26കാരന് ദേശിയ ദിനപത്രമായ ഇന്ത്യന്‍ എക്സ്പ്രസ്സിനോട് പറഞ്ഞത്.
തന്നെ ജീപ്പില്‍ കെട്ടിയിട്ട് സൈന്യം ഒമ്പതു ഗ്രാമങ്ങള്‍ ചുറ്റിയെന്ന് കശ്മീരില്‍ സി.ആര്.പി.എഫിന്റെ അതിക്രമത്തിന് ഇരയായ 26കാരന് ഫാറൂഖ് അഹമ്മദ് ദര് പറയുന്നു. താനൊരു കല്ലേറുകാരനല്ലെന്നും ജീവിതത്തില്‍ ഒരിക്കല്‍ പോലും അങ്ങനെ ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഏപ്രില്‍ ഒമ്പതിനു രാവിലെ 11 മണിയോടെ നാലു മണിക്കൂറോളമാണ് തന്നെ സൈന്യം ജീപ്പിനു മുന്നില്‍ കെട്ടിയിട്ടു യാത്രചെയ്തതെന്നും അദ്ദേഹം പറയുന്നു. 25 കിലോമീറ്ററോളം സഞ്ചരിച്ചു. അള്‍ട്ടിഗാമില്‍ നിന്നും സോന്‍പയിലേക്ക്, പിന്നെ നാജന്‍, ചാക്പോര, ഹാങ്ജിഗുരൂ, രാവല്‍പോറ, ഖോസ്പോറ, അറിസാല്‍ എന്നിവിടങ്ങള്‍ താണ്ടി ഹാര്‍പാന്‍സൂവിലെ സി.ആര്.പി.എഫ് കാമ്പിലാണ് യാത്ര അവസാനിച്ചതെന്നും അദ്ദേഹം പറയുന്നു. ബന്ധു മരിച്ചതിന്റെ നാലാംദിന ചടങ്ങില്‍ പങ്കെടുക്കാനായി വീട്ടില്‍ നിന്നും 17 കിലോമീറ്റര്‍ അകലെയുള്ള ഗാംപോരയിലേക്കു പോകവെയായിരുന്നു ദാര്‍ സൈന്യത്തിന്റെ അതിക്രമത്തിന് ഇരയായത്. മോട്ടോര്‍സൈക്കിളിലായിരുന്നു യാത്ര. സഹോദരന് ഗുലാം ഖാദിറും, അയല്‍വാസി ഹിലാല്‍ അഹമ്മദ് മാഗ്രേയും മറ്റൊരു മോട്ടോര്‍സൈക്കിളില്‍ യാത്ര തുടര്‍ന്നു. അള്‍ട്ടിഗാമില്‍ എത്തിയപ്പോള്‍ തെരഞ്ഞെടുപ്പിനെതിരെ സ്ത്രീകള്‍ പ്രതിഷേധിക്കുന്നത് കണ്ട് നിര്‍ത്തി. ‘അതായിരുന്നു എന്റെ പിഴവ്’ അദ്ദേഹം പറയുന്നു. മോട്ടോര്‍ സൈക്കിളില്‍ നിന്ന് ഇറങ്ങുന്നതിനു മുമ്പു തന്നെ പട്ടാളക്കാര്‍ തനിക്കുനേരെ അടുത്തെന്നും അദ്ദേഹം പറയുന്നു. ‘അവര്‍ എന്നെ മര്‍ദ്ദിച്ചു. ജീപ്പിനു മുമ്പില്‍ കയറ്റി കെട്ടിയിട്ടശേഷം ഒമ്പതു ഗ്രാമങ്ങള്‍ ചുറ്റി.’ ദാര്‍ വിശദീകരിക്കുന്നു.
സ്ത്രീകള്‍ തന്നെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും പൊലീസ് ആകാശത്തേക്ക് വെടിയുതിര്‍ത്തതോടെ അവര്‍ ഓടുകയായിരുന്നു. ‘എന്നെ ജീപ്പില്‍ കെട്ടിയിട്ടിരിക്കുകയായിരുന്നു. നെഞ്ചില്‍ ഒരു വെള്ള പേപ്പര്‍ വെച്ച് റോപ്പുകൊണ്ട് കെട്ടിയിരുന്നു. അതില്‍ എഴുതിയ എന്റെ പേരു മാത്രമേ ഞാന്‍ കണ്ടുള്ളൂ.’ ദാര്‍ പറയുന്നു. ‘വണ്ടി നീങ്ങവെ പട്ടാളക്കാര്‍ കാണുന്നവരോടൊക്കെ രോഷംകൊള്ളുന്നുണ്ടായിരുന്നു. എറിയെടോ, കൂട്ടത്തിലുള്ളവനുനേരെ തന്നെ എറിയൂ.’ എന്നും അവര്‍ വിളിച്ചുപറയുന്നുണ്ടായിരുന്നു. ഇതുകണ്ട് ആളുകള്‍ ഭയന്നോടി. ഒരക്ഷരം മിണ്ടരുത്, മിണ്ടായാല്‍ വെടിവെച്ചുകൊല്ലും’ എന്നാണ് തന്നോടു പറഞ്ഞത്. ഖോസ്പോരയിലെത്തിയപ്പോള്‍ എന്നെ വിട്ടയക്കാന്‍ ചിലര്‍ പട്ടാളക്കാരോട് അപേക്ഷിക്കുന്നുണ്ടായിരുന്നു. ‘പട്ടാളക്കാര്‍ പറഞ്ഞു. അങ്ങനെ ചെയ്യാന്‍ പറ്റില്ല. ഇയാള്‍ ഒരു കല്ലേറുകാരനാണ് എന്ന്.’ ദാര്‍ പറയുന്നു. ആര്.ആര്. ക്യാമ്പില്‍ മൂന്നു മണിക്കൂറോളമാണ് കഴിഞ്ഞത്. അവിടെവെച്ച് ഒരു കപ്പ് ചായ തന്നു. ‘രാത്രി എഴരയോടെ എന്റെ ഗ്രാമത്തിലെ സര്‍പഞ്ച് ബാഷിര്‍ അഹമ്മദ് മാഗ്രേയ്ക്കൊപ്പം എന്നെവിട്ടയച്ചു. ഇപ്പോള്‍ ബാന്റേജ് ചുറ്റിയ കയ്യുമായി വീട്ടില്‍ വിശ്രമത്തിലാണ് ദാര്‍. അപ്പോഴും അദ്ദേഹം ആവര്‍ത്തിച്ചു പറയുന്നത് ‘ഞാന്‍ കല്ലേറുകാരനല്ല. എന്റെ ജീവിതത്തില്‍ ഒരിക്കല്‍ പോലും കല്ലെറിഞ്ഞിട്ടില്ല. ഷാളുകളില്‍ എംബ്രോഡറി ജോലികള്‍ ചെയ്താണ് ഞാന്‍ ജീവിക്കുന്നത്. അല്ലറ ചില്ലറ ആശാരിപ്പണിയും അറിയാം. ഇതാണ് ഞാന്‍ ചെയ്യുന്നത്.’ എന്നാണ്. തെറ്റുകാരന്‍ ആണെങ്കില്‍ എന്ത് കൊണ്ട് ഇയാളെ വെറുതെ വിട്ടു എന്നുള്ള ചോദ്യം അവശേഷിക്കുകയാണ്.