പടുകുഴിയിലായ സ്വയം പ്രഖ്യാപിത ജനപ്രിയനായകന്‍; കൊടുത്തത് തിരിച്ചു വാങ്ങേണ്ടി വരും?
ഈ ദിലീപിന് ഇതെന്തു പറ്റി. സനിമ ലോകവും ആരാധകരും പോലും മൂക്കത്ത് വിരല്‍വെച്ചു ചോദിക്കുകയാണ്. മറുപക്ഷത്തിലൂടെ മറുപക്ഷത്തുള്ളവരെയും ചില മാധ്യമ പ്രവര്‍ത്തകരെയും, നവ മാധ്യമങ്ങളെയും അമേരിക്കന്‍ മലയാളിയെയും അടച്ചാക്ഷേപിച്ച് നടത്തിയ പ്രകടനം ബൂമറാങ്ങായി മാറുമോയെന്ന് സ്വയം ജനപ്രിയ നടന്‍ വേഷം കെട്ടിയാടുന്ന ദിലീപിന്റെ ഫാന്‍സുകളും ഭയപ്പെടുന്നു.
മനോരമ ഓണ്‍ലൈന് നടന്‍ ദിലീപ് നല്‍കിയ അഭിമുഖത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. അഭിമുഖം നിരവധിപേര്‍ ശ്രദ്ധിച്ചപ്പോള്‍ അതുണ്ടാക്കിയ പ്രതികരണം നടന് അത്ര സ്വീകാര്യത ഉണ്ടാക്കിയിട്ടില്ലെന്നതാണ് വസ്തുത. കൃത്യമായ പ്ലാനിങില്‍ ദിലീപുമായി ചേര്‍ന്ന് മുന്‍കൂട്ടി തയ്യാറാക്കിയ ചോദ്യങ്ങള്‍. ദിലീപ് എന്ത് ചോദിക്കണമെന്ന് പറഞ്ഞു എന്നത് തന്നെ ചോദ്യ കര്‍ത്താവിന്റെ പ്രകടനത്തില്‍ തന്നെ തിരിച്ചറിയാം. മാതൃഭൂമി ചാനലിന്റെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ വേണു ബാലകൃഷ്ണനെതിരെ ദിലീപ് അഭിമുഖത്തില്‍ നടത്തിയ കടുത്ത വിമര്‍ശനം മാധ്യമ പ്രവര്‍ത്തര്‍കര്‍ക്കിടയില്‍ ചര്‍ച്ച ആയിട്ടുണ്ട്. എന്നാല്‍, തല്‍ക്കാലം പ്രതികരിക്കാതെ തക്കം കിട്ടുമ്പോള്‍ തിരിച്ചടിക്കാനാണ് അവര്‍ കോപ്പുകൂട്ടുന്നത്.
അതുപോലെ സീനിയര്‍ ഫിലിം ജേര്‍ണലിസ്റ്റ് പല്ലിശ്ശേരിയ്ക്കും കൊടുത്തു നല്ല അടി. അടിമാത്രമല്ല, വെടിയും. വെറും നിസ്സാരതുകയ്ക്കു വേണ്ടി സിനിമ വാര്‍ത്തകള്‍ സൃഷ്ടിക്കുകയാണ് പല്ലിശ്ശേരി എന്നും സ്വന്തം മോനെ അസ്സിസ്‌റ് സംവിധായകന്‍ ആക്കാന്‍ ദിലീപിന്റെ അടുത്ത് അടുത്തെത്തി സാധിക്കാത്ത നൊമ്പരം പല്ലിശ്ശേരി വാക്കുകളാക്കി എന്നുമൊക്കെയാണ് ജനപ്രിയനായകന്‍ കളിയാക്കിയത്.
ദിലീപ് എന്ന നടന്‍ അദ്ദേഹത്തിന്റെ വ്യക്തി ജീവിതത്തില്‍ നേരിട്ട പ്രതിസന്ധികളും വിജയങ്ങളുമൊക്കെ അഭിമുഖത്തില്‍ വിവരിച്ചു. പതിവുശൈലിയില്‍ നിന്നും മാറി ഗൗരവത്തോടെ തന്റെ ഭാഗങ്ങള്‍ കൃത്യമായി അവതരിപ്പിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്തു. എന്നാല്‍ അഭിമുഖത്തിന്റെ പല ഘട്ടങ്ങളിലും ദിലീപ് നല്ല ഒരു ഒന്നാംതരം ന്യായികരണ തൊഴിലാളിയായി മാറി. പല സ്ഥലങ്ങളിലും ദിലീപിന്റെ ജീവിതത്തില്‍ മറുപക്ഷത്ത് വന്നിട്ടുള്ളവരെ ചെറുതാക്കുന്ന രീതിയിലുള്ള ആക്ഷേപ സംസാരരീതികളും, ഭീക്ഷണികളുടെ സ്വരവും നിഴലിച്ചു. ഉയര്‍ന്ന തലത്തില്‍ വന്ന അഭിമുഖം ഒടുവില്‍ തറയിലേക്ക് കൂപ്പുകുത്തി.
ദിലീപ് എന്ന നടനെ ചുറ്റിപറ്റി കേരളത്തിലെ ഒട്ടുമിക്ക മാധ്യമങ്ങളും (ദേശിയ മാധ്യമങ്ങള്‍ പോലും) വാര്‍ത്ത നല്‍കിയിരുന്നു. അതില്‍ ഓരോരുത്തരും അതവരുടേതായ മാനദണ്ഡങ്ങള്‍ പരിഗണിച്ചു വാര്‍ത്ത നല്‍കി. മനോരമയിലൂടെ ഇന്റര്‍വ്യൂ നല്‍കുന്നതു അത് ജനങ്ങള്‍ വിശ്വസിക്കുന്നത് കൊണ്ടാണെന്നും, മഞ്ഞ പത്രങ്ങളില്‍ വരുന്നത് എല്ലാം നുണയാണെന്നും അവര്‍ക്കു കഞ്ഞി കുടിച്ചു പോകാന്‍ എഴുതിപിടിപ്പിക്കുന്നതുമാണ് എന്നാണ് അദ്ദേഹം പറഞ്ഞു വച്ചത്. മഞ്ഞപത്രങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ നിസാരമാണെങ്കില്‍ അതിനെ എന്തിനാണ് ഭയക്കുന്നത്. ഈ വാര്‍ത്തകള്‍ താരത്തെ ഒട്ടും സ്വാധിനിച്ചില്ലെങ്കില്‍ ഒരിക്കലും ഇങ്ങനെയൊരു അഭിമുഖം ഉണ്ടാകുമായിരുന്നോ?
എന്നാല്‍ മഞ്ഞ പത്രങ്ങള്‍ എന്ന് ആക്ഷേപിക്കുന്ന നവ മാധ്യമ വിഭാഗത്തിലുള്ള ഓണ്‍ലൈന്‍ പത്രങ്ങള്‍ ഇന്ന് മലയാളി സമൂഹത്തില്‍ ശക്തമായ സ്വാധീനമാണ് ചെലുത്തുന്നത്. ഓണ്‍ലൈനില്‍ വാര്‍ത്ത വായിക്കുന്നവര്‍ക്കറിയാം ഏതു പത്രമാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്നും, വാര്‍ത്ത നല്‍കാന്‍ കഴിവുള്ള പത്രങ്ങള്‍ ഏതാണെന്നുള്ള റേറ്റിംഗ് മനസിലാക്കിയട്ടുമല്ല സാധാരണ വായനക്കാര്‍ വാര്‍ത്ത ക്ലിക്ക് ചെയ്തു കയറുന്നത്. ഓണ്‍ലൈന്‍ ഉപഭോകതാവിനെ ആകര്‍ഷിക്കുന്ന വാര്‍ത്തകള്‍ അവന്‍ വായിക്കും. ചിലതു വിശ്വസിക്കും മറ്റുള്ളവ വായിച്ചു തള്ളും.
ഈ തിരിച്ചറിവ് മുഖ്യധാരാ മാധ്യമങ്ങള്‍ക്കും മനസ്സിലാകുന്നുണ്ട്. പല വ്യവസ്ഥാപിത പത്രങ്ങളും മുക്കിമൂടാന്‍ ശ്രമിക്കുന്ന പല സാമൂഹ്യ പ്രസക്തിയുള്ള വിഷയങ്ങളും നവ മാധ്യമങ്ങള്‍ പുറത്തെത്തിക്കുന്നുവെന്നുള്ളത് ജനം മനസിലാക്കി തുടങ്ങിയിരിക്കുന്നു. ഓണ്‍ലൈന്‍ ന്യൂസ് മാര്‍ക്കറ്റ് വലിയ മാറ്റങ്ങളിലൂടെ കടന്നു പോകുകയാണ്.
വാര്‍ത്തയ്ക്കുവേണ്ടി വാര്‍ത്ത സൃഷ്ട്ടിക്കുന്ന കുട്ടി ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ രംഗത്ത് ഉണ്ടെങ്കിലും ചിലതൊക്കെ വളരെ ശക്തമായ നിലപാടുകളും ഉയര്‍ന്ന മാധ്യമ ബോധവും മുറുകെപ്പിടിച്ചാണ് മുന്നോട്ടു പോകുന്നത് എന്നും നടന്‍ മനസിലാക്കണം. കാലത്ത് എഴുന്നേറ്റു കട്ടന്‍ കാപ്പിയും കുടിച്ചു അച്ചടിച്ച് വന്നിരിക്കുന്ന പത്രം സമയമെടുത്ത് വായിക്കുന്ന ഒരു ജനതയുടെ സ്പന്ദനങ്ങള്‍ അല്ല ഇന്റര്‍നെറ്റിലൂടെ കാര്യങ്ങള്‍ മനസിലാക്കുന്ന വായനക്കാരുടെ മനോതലങ്ങളില്‍ നടക്കുന്നത്. വാര്‍ത്തകള്‍ ഇന്ന് വളരെയധികം ഇന്റര്‍ ആക്റ്റിവ് ആണ്. അതുകൊണ്ടു തന്നെയാണ് നടന്‍ ദിലീപിന്റെ വിഷയം ഇത്രെയും ചര്‍ച്ചയായതും.
ദിലീപിന്റെ അമേരിക്കന്‍ ഷോയുമായി ബന്ധപ്പെട്ടു ഒരു വ്യക്തി നല്‍കിയ വീഡിയോ നവ മാധ്യമങ്ങളില്‍ വൈറലായിരുന്നു. എന്നാല്‍ വീഡിയോ നല്‍കിയ വ്യക്തിയെ വളരെ തരംതാണ രീതിയിലാണ് അദ്ദേഹം പരാമര്‍ശിച്ചത്. അമേരിക്കന്‍ മലയാളിയോ അദ്ദേഹത്തിന്റെ ആരെങ്കിലുമോ ഇതുവരെ പ്രതികരിച്ചിട്ടില്ല. അതുകൊണ്ടു തന്നെ ഈ വിഷയത്തില്‍ സത്യമെന്തെന്നു അറിയില്ല. അതേസമയം ദിലീപ് എന്ന നടന്റെ വ്യക്തിജീവിതത്തെ അടിസ്ഥാനമാക്കി അമേരിക്കന്‍ മലയാളി നടത്തിയ പരാമര്‍ശവും അഭംഗിയുടെ വാക്കുകളായിരുന്നു.
ഈ വിഷയത്തില്‍ അഴിമുഖം ഓണ്‍ലൈനില്‍ വന്ന ഒരു ലേഖനത്തിന്റെ പ്രസക്ത ഭാഗം ഇങ്ങനെയാണ് ‘അമേരിക്കയിലുള്ള നഴ്സിനെ കെട്ടി വീട്ടില്‍ വെറുതെ ഇരിക്കുന്ന മലയാളി, ഭാര്യയുടെ ചിലവില്‍ മദ്യപിച്ചു കഴിയുന്നവന്‍ എന്നൊക്കെയാണ് അദ്ദേഹം തനിക്കെതിരെ ഒരു വീഡിയോ ഇറക്കിയ വ്യക്തിയെ കുറിച്ച് വിമര്‍ശിച്ചിരിക്കുന്നത്. ഈ പറയപ്പെടുന്ന വ്യക്തിയെക്കുറിച്ച് അറിയില്ലെങ്കിലും, ഈ പരാമര്‍ശിച്ചത് ഒരു വ്യക്തിയെ മാത്രമാണെങ്കിലും അദ്ദേഹത്തിന്റെ ഈ പരാമര്‍ശം, അത് വേദനിപ്പിക്കുന്നത് ഒട്ടനേകം അമേരിക്കന്‍ മലയാളികളെയാണ് എന്നതാണ് യാഥാര്‍ഥ്യം. അമേരിക്കയില്‍ വല്ലപ്പോഴും ഒരു ഷോയ്ക്കോ ഹണിമൂണിനോ ഒക്കെ പോകുന്ന ഒരു ജനപ്രിയന് ഇങ്ങനെയുള്ള തെറ്റിധാരണ സ്വാഭാവികം മാത്രമായിരിക്കും.’
മാധ്യമം ആയാലും വ്യക്തി ആയാലും ഓരോരുത്തരും കടന്നു പോകുന്നത് ഒരു അവസ്ഥകളിലൂടെയാണ്. ദിലീപ് എന്ന നടന്‍ ഇപ്പോള്‍ സഞ്ചരിക്കുന്നതും അത്തരം ചില അവസ്ഥകളിലൂടെയാണ്. അത് പക്വതയോടെ അദ്ദേഹം മാനിക്കുക എന്നതാണ് മറുപക്ഷത്തെ മറ്റൊരു ചിന്ത. ദിലീപ് നടത്തിയ ഈ അഭിമുഖം സത്യം അറിയാന്‍ ആഗ്രഹിച്ചു കേള്‍ക്കുമ്പോള്‍ താന്‍ ചെയ്തതെല്ലാം ശരിയും, തന്റെ മറുപക്ഷത്ത് നിലയുറപ്പിച്ചവര്‍ പറഞ്ഞതും പ്രവര്‍ത്തിച്ചതും എല്ലാം തെറ്റുമായി എന്നതിലെ സത്യങ്ങളും അസത്യങ്ങളും വേര്‍തിരിച്ചു മനസിലാക്കാന്‍ അഭിമുഖം സഹായിച്ചോ എന്നത് ദിലീപ് തന്നെ തീരുമാനിക്കട്ടെ.
നിരീക്ഷന് ലഭിച്ച ഒരു പോസ്റ്റ് കൂടി പറഞ്ഞുകൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കാം. അമേരിക്കന്‍ മലയാളിയായ മനോജ് കെ. ജോണിന്റെതാണ് പോസ്റ്റ്:
ദിലീപ്, നിങ്ങള്‍ ഡൈവോഴ്‌സ് ചെയ്യുകയോ വേറെ കെട്ടുകയോ എന്തുവേണേലും ചെയ്യ്. കേരളത്തില്‍ അത്യാവശ്യം ബോധമുള്ള ആര്‍ക്കും ഇത് ഒരു പ്രെശ്‌നം അല്ല. ഒരു പുതിയ വാര്‍ത്തയും അല്ല.
ഡിവോഴ്‌സ് ആവുന്നത് ചിലപ്പോ ഭര്‍ത്താവിന്റെയോ ഭാര്യയുടെയോ ഒരാളുടെ കുഴപ്പം കൊണ്ടായിരിക്കും , അല്ലെങ്കില്‍ രണ്ടു പേരുടെയും കുഴപ്പം, മറ്റു ചിലപ്പോ രണ്ടു പേര്‍ക്കും ഒരു കുഴപ്പവുമില്ല പക്ഷെ ഒരു മിച്ചു ജീവിക്കുവാന്‍ ഇഷ്ടമില്ലാത്തത് കൊണ്ട്. ഈ വന്ന കാലത്തു വിവാഹമെന്ന പ്രസ്ഥാനത്തിന്റെ നില നില്പിനു് തന്നെ അനിവാര്യമായ ഘടകം ആണ് ഡൈവോഴ്‌സ്. പല ജീവിതങ്ങളൂം, പല കുഞ്ഞുങ്ങളുടെയും ജീവിതം ഇത് കാരണം രക്ഷപെടുന്നുണ്ട്.
മാരിയേജ് കൗണ്‍സിലര്‍മാര്‍ പറയുന്ന ഒരു കാര്യം, വിവാഹം കഴിക്കുന്നത് സ്വന്തം സുഹൃത്വലയത്തില്‍ നിന്നുള്ള ആള്‍ ആണെങ്കില്‍ അതാണ് ആണ് ഏറ്റവും നല്ലതു എന്നാണ്. ഒരു പരിചയവും ഇല്ലാത്ത ഒരാളെ കെട്ടുന്നതിനേക്കാള്‍ എന്തുകൊണ്ടും നല്ലതു ഇത് തന്നെ. അത് കൊണ്ട് നിങ്ങള്‍ കാവ്യാ മാധവനെ കെട്ടിയതു നല്ല തീരുമാനം…
പ്രശ്‌നങ്ങളില്ലാത്ത മനുഷ്യര്‍ ഈ ലോകത്തില്ലല്ലോ. അപ്പോള്‍ നിങ്ങളെ പോലെയുള്ള പോപ്പുലര്‍ ആയ വ്യക്തികള്‍ അവരുടെ പ്രതിസന്ധികള്‍ എങ്ങനെ തരണം ചെയ്യുന്നു എന്നറിയാന്‍ പബ്ലിക്കിനു താല്പര്യം കാണും. സ്വഭാവികമായും മീഡിയ അറ്റന്‍ഷന്‍ കൂടും.
പിന്നെ, ഒരു മനുഷ്യനെ അളക്കാന്‍ ഏറ്റവും ഈസിയായ മാര്‍ഗമാണ് അയാള്‍ പ്രതിസന്ധികളില്‍ എങ്ങനെ പ്രതികരിക്കുന്നു, എങ്ങനെ നേരിടുന്നു, അപ്പോഴുള്ള അവരുടെ ചിന്താ പ്രക്രിയകള്‍ (thought process) എന്താണ് എന്നൊക്കെ അറിയുന്നത്.
നിങ്ങളുടെ ഈ ഇന്റര്‍വ്യൂ ഒരു പരാജയമായതു അതുകൊണ്ടു തന്നെയാണ്. ഊത്തെന്നും,
വ്യംഗ്യമായി ഭീഷണിപ്പെടുത്തുകയും ഒക്കെ ചെയ്യുമ്പോള്‍ സ്വയം ഇളഭ്യനാകുകയേ ഉള്ളു.
മാത്രവുമല്ല ആ ഇന്റര്‍വ്യൂ കണ്ടാല്‍ അറിയാം അത് നേരത്തെ തന്നെ എഴുതി തയാറാക്കിയ സ്‌ക്രിപ്റ്റ് ആണ് . എന്നിട്ടും കുളമാക്കിയെങ്കില്‍, you are at a lonely place and you need new friends who can give you good advice.
ഒരു നല്ല PR ഏജന്‍സിയെ പിടിച്ചിരുന്നെങ്കില്‍ അവരെഴുതി തരുമായിരുന്നു കൊള്ളാവുന്ന ഒരെണ്ണം.
അതുമല്ലെങ്കില്‍ നിങ്ങളുടെ തന്നെ സുഹൃത്ത് മംമ്ത മോഹന്‍ദാസിന്റെ അടുത്ത് ചോദിക്കാമായിരുന്നു. കാരണം അവര്‍ ക്യാന്‍സറും, ഡൈവോഴ്സും എല്ലാം ധീരമായി അഭിമുഖീകരിച്ചു, പരസ്യമായി വിഴുപ്പലക്കാതെ, കരയാതെ, തന്റേടത്തോടെ എങ്ങനെ നേരിടണമെന്ന് മലയാളികള്‍ക്ക് കാണിച്ചു തന്ന സ്ത്രീ ആണ്.