അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഉത്തരകൊറിയയുടെ ശക്തി പ്രകടനവും സൈനിക പരേഡും ; ലോകം ഒരു യുദ്ധത്തിന്റെ വക്കില്‍

അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഉത്തരകൊറിയയുടെ ശക്തി പ്രകടനം. ഉത്തരകൊറിയന്‍ തലസ്ഥാനമായ പ്യോങ്യാങിലായിരുന്നു പ്രകടനം. അമേരിക്കയും ഉത്തരകൊറിയയും തമ്മിലുള്ള പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് ഉത്തരകൊറിയയുടെ നടപടി. കൊറിയയുടെ തുടർച്ചയായ ആണവപരീക്ഷണങ്ങളിൽ അതൃപ്തിയുള്ള അമേരിക്ക സൈനിക നടപടിയിലൂടെ അത് നേരിടാനാണ് ഒരുങ്ങുന്നത്. ആഭ്യന്തരമായി നടത്തിയ പ്രകടനമാണെങ്കിലും ലോക രാജ്യങ്ങള്‍ക്കു മുന്നില്‍ കരുത്തു കാണിക്കാനും യുഎസിന് മുന്നറിയിപ്പ് നല്‍കാനും ലക്ഷ്യം വച്ചാണ് നടപടിയെന്നാണ് വിലയിരുത്തപ്പെടുന്നത്. യുദ്ധക്കപ്പലുകളില്‍ നിന്ന് വിക്ഷേപിക്കാന്‍ ശേഷിയുള്ള ഒരു മിസൈലും കരയില്‍ നിന്ന് വിക്ഷേപിക്കാവുന്ന മറ്റൊരു മിസൈലും പരേഡില്‍ പ്രദര്‍ശിപ്പിച്ചു. ഇത് രണ്ടു പുതുതായി സേനയിലെത്തിയവയാണ്.  സിറിയയിൽ ഐസിസിനെതിരെ എക്കാലത്തെയും വലിയ ആണവേതര ബോംബ് പ്രയോഗിച്ച് ഡോണൾഡ് ട്രംപ് നയം വ്യക്തമാക്കിക്കഴിഞ്ഞു. അതേ നാണയത്തിൽ തിരിച്ചടിക്കുമെന്ന് ഉത്തര കൊറിയയും ഭീഷണിപ്പെടുത്തുന്നു.  എന്നാല്‍ ഇരു പക്ഷവും പ്രകോപിപ്പിക്കാതെ ശാന്തത പുലർത്തണമെന്ന് ചൈന ആവശ്യപ്പെട്ടു. എന്നാൽ ഇരു രാജ്യങ്ങളും വിട്ടുവീഴ്ചക്കില്ലെന്ന് വ്യക്തമാക്കി. മൂന്നാം ലോക മഹായുദ്ധത്തിലേക്ക് നീങ്ങുകയാണോയെമന്ന ഭീതിയിലാണ് ലോകം.  ഇരു രാജ്യങ്ങളും സൈനിക വിന്യാസം ശക്തിപ്പെടുത്തിക്കഴിഞ്ഞു.ഏത് നിമിഷവും യുദ്ധമുണ്ടായേക്കുമെന്ന് ചാനീസ് വിദേശകാര്യ മന്ത്രി വാങ് യീ പറഞ്ഞു. ചൈനയിൽ നിന്നും കൊറിയയിലേക്കുള്ള വിമാന സർവീസ് ഇന്ന് മുതൽ നിർത്തലാക്കിയേക്കും.