സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടുന്നു

തിരുവനന്തപുരം : സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിക്കുവാന്‍ സര്‍ക്കാര്‍ തീരുമാനം. യൂണിറ്റിന് 10 മുതല്‍ 30 പൈസ വരെ കൂട്ടാനാണ് നീക്കം. നിരക്ക് വര്‍ദ്ധന അടുത്തയാഴ്ച നിലവില്‍ വരും. നാളെ ചേരുന്ന റെഗുലേറ്ററി കമ്മീഷന്റെ യോഗത്തില്‍ ഇത് സംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകും എന്നാണു അറിയുന്നത്. പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്ന വകയില്‍, പ്രതിമാസം 70 കോടി രൂപയാണ് കെഎസ്ഇബിയുടെ ബാധ്യത. ശരാശരി 76 ദശലക്ഷം യൂണിറ്റാണ് ഇപ്പോഴത്തെ പ്രതിദിന ഉപഭോഗം. ഇതില്‍ 60 ദശലക്ഷം യൂണിറ്റ് വൈദ്യുതിയും പുറത്തുനിന്ന് വാങ്ങുകയാണ്. 16 ദശലക്ഷം യൂണിറ്റ് മാത്രമാണ് ഇപ്പോഴത്തെ ആഭ്യന്തര ഉത്പാദനം. വ്യാവസായിക മേഖലയെ ഒഴിവാക്കി, സാധാരണ ഉപഭോക്താവിന് മാത്രമാണ് ഇക്കുറി നിരക്ക് വര്‍ദ്ധന. എങ്കിലും എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കുള്ള ഇളവ് പ്രതീക്ഷയാണ്. മൂന്ന് വര്‍ഷത്തിന് ശേഷമാണ് സംസ്ഥാനത്ത് വൈദ്യുതിനിരക്ക് കൂടുന്നത്. 50 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് യൂണിറ്റിന് 10 പൈസ കൂടും.