സി.പി.എം – സി.പി.ഐ പോരില്‍ കോണ്‍ഗ്രസ് കൊതിക്കുന്നതെന്ത്; സി.പി.ഐയോട് അടുപ്പം കാട്ടി എം.എം ഹസന്‍
തിരുവനന്തപുരം: കേരളത്തിലെ ഭരണമുന്നണിയിലെ പ്രധാന മുട്ടനാടുകളുടെ തമ്മിലിടിയില്‍ ചോര കുടിക്കാനുള്ള ശ്രമത്തിലാണോ കെ.പി.സി.സിയുടെ താല്‍ക്കാലിക താക്കോല്‍ സ്ഥാനക്കാരനായ എം.എം ഹസന്‍. നല്ല ബാസുള്ള സൗണ്ടില്‍ ഹസന്‍ സി.പി.ഐയെ അങ്ങ് ചേര്‍ത്ത് പിടിക്കുകയാണ്. കാനത്തെ വാനോളം പുകഴ്ത്തുന്നു. ഇടതിലെ വല്യേട്ടന്‍ കൊച്ചേട്ടന്‍ തല്ലില്‍ ബിരിയാണി കിട്ടിയാലോ.
സി.പി.ഐയോട് കോണ്‍ഗ്രസിന് ഒരു തരത്തിലുള്ള അകല്‍ച്ചയും ഇല്ലെന്നാണ് കെ.പി.സി.സി അധ്യക്ഷന്‍ എം.എം.ഹസന്‍ വ്യക്തമാക്കിയത്. ഇന്ദിര ഭവനില്‍ വിളിച്ചു ചേര്‍ത്ത ഈസ്റ്റര്‍ ദിനത്തിലെ വാര്‍ത്താസമ്മേളനത്തിലാണ് ഹസനിക്ക സി.പി.ഐയും കാനം രാജേന്ദ്രനെയും പുകഴ്ത്തിയത്. പണ്ട് ഒരേ മുന്നണിയില്‍ ഒരേ കട്ടിലില്‍ കിടന്നുറങ്ങിയതിന്റെ ഓര്‍മ തികട്ടി വന്നു എന്നതാണ് കാര്യം.
സി.പി.ഐ യാഥാര്‍ഥ്യബോധമുള്ള പാര്‍ട്ടിയാണെന്ന സര്‍ട്ടിഫിക്കറ്റും ഹസന്‍ജി വാര്‍ത്താ സമ്മേളനത്തില്‍ സി.പി.ഐക്ക് നല്‍കി. മൂന്നാര്‍, ജിഷ്ണു വിഷയങ്ങളില്‍ കോണ്‍ഗ്രസിന്റെ അതേ നിലപാടാണ് ഇടതുമുന്നണിയിലെ രണ്ടാം കക്ഷിയായ സി.പി.ഐയ്ക്കും ഉള്ളതെന്നും ഹസന്‍ പറഞ്ഞുവെച്ചു.
സി.പി.എമ്മിന്റെ മേല്‍ക്കോയ്മ ചോദ്യംചെയ്ത സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിലപാട് ധീരമാണെന്നും ഹസന്‍ വാഴ്ത്തി. ഇടതുമുന്നണിയില്‍ ആശയപരമായ ഐക്യമില്ലെന്ന കണ്ടു പിടുത്തവും നടത്തി. സി.പി.എമ്മിന്റേയും സി.പി.ഐയുടേയും സംസ്ഥാന സെക്രട്ടറിമാര്‍ പരസ്യമായി പോരടിക്കുന്നത് ഇതിനു തെളിവായി ഹസന്‍ നിരത്തി. ഇടതുമുന്നണി എന്ന പേരില്‍ ഇപ്പോള്‍ അവശേഷിക്കുന്നത് ഭരണം നിലനിര്‍ത്താനുള്ള അവസരവാദ കൂട്ടുകെട്ട് മാത്രമാണെന്നാണ് കെ.പി.സി.സി താക്കാലിക അധ്യക്ഷന്റെ കണ്ടു പിടുത്തം.