നന്തങ്കോട് കൂട്ടക്കൊല ; കേഡല്‍ പഠിച്ച കള്ളനോ മാനസികരോഗിയോ ?അന്വേഷണം ക്ലൈമാക്‌സിലേക്ക്
തിരുവനന്തപുരം : നഗരഹൃദയത്തില്‍ സ്വന്തം മാതാപിതാക്കളെ ക്രൂരമായി കൊലപ്പെടുത്തിയ മകന്‍ കൃത്യം നടത്തി ദിവസങ്ങള്‍ക്കുള്ളില്‍ പിടിയിലായി എങ്കിലും കേസില്‍ ഇതുവരെ വ്യക്തത കൊണ്ട് വരാന്‍ പോലീസിനു ആയിട്ടില്ല. മാനസികരോഗം, ആഭിചാരക്രിയ, മുന്‍ വൈരാഗ്യം, പിതാവിന്‍റെ സ്വഭാവദൂഷ്യം എന്നിങ്ങനെ പല സമയം പല മൊഴികളാണ് പ്രതിയായ കേഡല്‍ പോലീസിനു നല്‍കിയത്. ഇതിനെ പിന്‍പറ്റി കേഡലിന്റെ കുടുംബം മുഴുവന്‍ ആഭിചാരക്രിയകള്‍ ചെയ്യുന്നവരായിരുന്നു , കുടുംബാഗങ്ങള്‍ തമ്മില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമായിരുന്നു എന്നിങ്ങനെ അതിന്റെ പിന്നാലെ വാര്‍ത്തകളും പുറത്തുവന്നിരുന്നു. അതുപോലെതന്നെ സ്വത്തിനു വേണ്ടി ബന്ധുക്കള്‍ പോലീസില്‍ സ്വാധീനം ചെലുത്തി കേസ് വഴിതെറ്റിക്കാന്‍ ശ്രമിക്കുന്നു എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. കേരളത്തിലും പുറത്തുമായി ധാരാളം സ്വത്തുക്കള്‍ കേഡലിന്റെ കുടുംബത്തിനു ഉണ്ടായിരുന്നു. കേഡല്‍ കൂടി ജയിലില്‍ ആയാല്‍ സ്വത്തുക്കള്‍ മുഴുവന്‍ ബന്ധുക്കള്‍ക്ക് വീതിച്ചു കിട്ടും.എന്നാല്‍ കേഡല്‍ മാനസികരോഗി എന്ന് തെളിഞ്ഞാല്‍ ജയിലിനു പകരം ആശുപത്രിയിലാകും കേഡല്‍ എത്തുക.അതോടെ സ്വത്തുകളില്‍ അവകാശം കേഡലിന് ലഭിക്കും.മറിച്ച് യതാര്‍ത്ഥ പ്രതിയാണ് എന്ന് കോടതിയ്ക്ക് ബോധ്യം വന്നാല്‍ മാതാപിതാക്കളെ കൊലപ്പെടുത്തി എന്ന കുറ്റം ചുമത്തി സ്വത്തുക്കളുടെ അവകാശം ഇയാള്‍ക്ക് ലഭിക്കുകയുമില്ല.
അതേസമയം പിടിയിലായപ്പോള്‍ താന്‍ മാനസികരോഗിയാണ് എന്ന് തെളിയിക്കുവാനാണ് ഇയാള്‍ ശ്രമിച്ചത്. അതിനു കൂട്ടായി ആഭിചാരക്രിയകളുടെ കഥകള്‍ വിശദീകരിക്കുകയും ചെയ്തു. താന്‍ ചെയ്തത് സാത്താന്‍ സേവയാണെന്നും ഇയാള്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് അന്വേഷണസംഘത്തിനൊപ്പം മനോരോഗ വിദഗ്ധനെയും ഉള്‍പ്പെടുത്തി. മനോരോഗ വിദഗ്ധന്റെ ചോദ്യം ചെയ്യലിലാണ് കേഡലിന്റേത് വെറും അഭിനയം മാത്രമാണെന്ന് വ്യക്തമായത്. ഇതോടെയാണ് നടന്നത് മാസങ്ങള്‍ തയ്യാറെടുത്തു നടത്തിയ കൊലപാതകം തന്നെയാണ് എന്ന് പോലീസ് നിഗമനത്തില്‍ എത്തിയത്. താന്‍ ആസൂത്രിതമായി തന്നെയാണ് കൊല ചെയ്തതെന്ന് കേഡല്‍ സമ്മതിച്ചത് അന്വേഷണസംഘത്തിന് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കി. കേഡല്‍ തന്നെയാണ് കൊല ചെയ്തതെന്നു തെളിയിക്കുന്ന സാഹചര്യ തെളിവുകളും പോലീസിനു ലഭിച്ചിരുന്നു. കേഡല്‍ പെട്രോള്‍ വാങ്ങിയ പമ്പ്, സഞ്ചരിച്ച ഓട്ടോ, ഭക്ഷണം വാങ്ങിയ ഹോട്ടല്‍, വിഷം വാങ്ങിയ കട, ഇന്റര്‍നെറ്റ് കഫേ എന്നീവിടങ്ങളില്‍ നടത്തിയ തെളിവെടുപ്പിലും കേഡലിനെതിരേ പോലീസ് തെളിവുകള്‍ ശേഖരിച്ചിരുന്നു. മാതാപിതാക്കളെയും സഹോദരിയെയുമടക്കം നാലു പേരെയും കൊലപ്പെടുത്തിയത് താന്‍ തന്നെയാണെന്ന് കേഡല്‍ നേരത്തേ പോലീസിന്റെ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയിരുന്നു. അച്ഛന്‍, അമ്മ, സഹോദരി എന്നിവരെ മഴു കൊണ്ട് വെട്ടിക്കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങള്‍ കത്തിക്കുകയായിരുന്നു. കൂടാതെ ബന്ധുവായ ലളിതയെയും തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. കേസിന്റെ തെളിവെടുപ്പിനായി കേഡലിനെയും കൊണ്ട് ചെന്നയിലാണ് അന്വേഷണസംഘം. ഇവിടുത്തെ തെളിവെടുപ്പ് കഴിയുന്നതോടെ കുറ്റപത്രം തയ്യാറാക്കാനാണ് പോലീസിന്റെ പദ്ധതി.