സ്വിറ്റ്സര്‍ലാന്‍ഡില്‍ വേള്‍ഡ് മലയാളി കൗണ്‍സിലിനൊപ്പം സംഗീത വിസ്മയമൊരുക്കാന്‍ തൈക്കുടം ബ്രിഡ്ജ് എത്തുന്നു
സൂറിച്ച്: വേള്‍ഡ് മലയാളി കൗണ്‍സില്‍ സ്വിസ്സ് പ്രൊവിന്‍സ് 2017ലെ കേരളപ്പിറവി ആഘോഷങ്ങള്‍ നവംബര്‍ 4ന് നടത്തുവാന്‍ സൂറിച്ചില്‍ കുടിയ എക്‌സിക്കുട്ടീവ് കമ്മറ്റി തീരുമാനിച്ചു.
ഈ വര്‍ഷത്തെ പ്രധാന ആകര്‍ഷണം കേരളത്തിലെ പ്രശസ്ത മ്യൂസിക് ബാന്‍ഡ് തൈക്കുടം ബ്രിഡ്ജ് സംഗീതത്തിന്റെ മാസ്മരിക ലോകത്തേക്ക് സ്വിസ്സ് മലയാളികളെ ആനയിക്കുമെന്നതാണ്.
ഗോവിന്ദ് മേനോന്‍ സിദ്ധാര്‍ഥ് മേനോന്‍ എന്നീ സഹോദരന്മാര്‍ ചേര്‍ന്ന് രൂപം കൊടുത്ത തൈക്കൂടം ബ്രിഡ്ജ് എന്ന ഇന്ത്യന്‍ മ്യൂസിക് ബാന്‍ഡ് ചുരുങ്ങിയ കാലം കൊണ്ടുതന്നെ ലോകമെങ്ങുമുള്ള പുതു തലമുറ സംഗീത പ്രേമികള്‍ക്കിടയില്‍ വന്‍ തരംഗം ആയി മാറി. ഇംഗ്ലീഷ്, മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലെ ഹിറ്റ് ഗാനങ്ങളുമായ് വേറിട്ട ശൈലിയില്‍ അമ്പരിപ്പിക്കുന്ന പ്രകടനവുമായി 18 പ്രശസ്ത കലാകാരന്മാരാണ് തൈക്കുടം ബ്രിഡ്ജിന്റെ ഈ ഷോയില്‍ പങ്കെടുക്കാനെത്തുന്നത്. മ്യൂസിക് മോജോ എന്ന പ്രശസ്ത ഷോയിലും ഏറ്റവുമധികം ആരാധകരുള്ള ബാന്‍ഡ് ആണ് തൈക്കൂടം ബ്രിഡ്ജ്. ഫേസ്ബുക്കില്‍ 16 ലക്ഷത്തോളം ആരാധകര്‍ ഉള്ള ഇവരുടെ പാട്ടുകള്‍ യുറ്റുബില്‍ 60 ലക്ഷം ആളുകള്‍ കണ്ടു കഴിഞ്ഞു.
ഒരു ബിഗ് ബഡ്ജറ്റ് മെഗാ ഇവന്റ് ആയി സ്വിസ്സ് മലയാളികളുടെ ചരിത്രത്തില്‍ രേഖപ്പെടുമെന്ന് ഉറപ്പുള്ള ഈ പ്രോഗ്രാമിന് എല്ലാവരെയും വളരെ നേരത്തെ തന്നെ ക്ഷണിക്കുകയാണെന്ന് കമ്മറ്റി അറിയിച്ചു.
പ്രോഗ്രാം കമ്മറ്റികളുടെ നേതൃത്വം വഹിക്കുന്നത് ചെയര്‍മാന്‍ ജിമ്മി കൊരട്ടിക്കാട്ടുതറയില്‍, പ്രസിഡണ്ട് ജോസ് വള്ളാടിയില്‍, ജനറല്‍ സെക്രട്ടറി ബാബു വേതാനി, ട്രഷറര്‍ ബോസ് മണിയംപാറയില്‍ എന്നിവരാണ്. ഈ പ്രോഗ്രാമിന്റെ കോര്‍ഡിനേറ്റര്‍ ആയി ടോമി തൊണ്ടാംകുഴിയെ കമ്മറ്റി തെരഞ്ഞെടുത്തു.
കേരളപ്പിറവിയോടനുബന്ധിച്ച് നടത്തുന്ന ഈ സംഗീതസായാഹ്നം ഒരു വന്‍ വിജയമാക്കുന്നതിനായി രൂപീകരിച്ച കമ്മറ്റിയില്‍ വിവിധ കണ്‍വീനര്‍മാരായി ജോയ് കൊച്ചാട്ട്, ജോബിന്‍സണ്‍ കൊറ്റത്തില്‍, ജോഷി പന്നാരക്കുന്നേല്‍, ജോണി ചിറ്റക്കാട്ട്, ജോര്‍ജ്കുട്ടി നമ്പുശേരില്‍, ജോഷി താഴത്തുകുന്നേല്‍, ആല്‍ബി ജോസഫ്, സിറിയക് മുടവംകുന്നേല്‍, സാജു ചേലപ്പുറത്ത്, ടോണി ഉള്ളാട്ടില്‍, മോളി പറമ്പേട്ട്, മിനി ബോസ് മണിയംപാറയില്‍, സ്മിത നമ്പുശേരില്‍ എന്നിവര്‍ ചുമതലയേറ്റു.