അമേരിക്കന്‍ ബോംബാക്രമണം അഞ്ചു മലയാളി ഭീകരര്‍ കൊല്ലപ്പെട്ടതായി വിവരം ; ഐസില്‍ കൂടുതല്‍ മലയാളികള്‍
അമേരിക്ക നടത്തിയ ബോംബാക്രമണത്തില്‍ അഞ്ചിലേറെ മലയാളി ഐ.എസ്. ഭീകരര്‍ കൊല്ലപ്പെട്ടതായി വിവരം. അഫ്ഗാനിസ്താന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ പറയുന്നു. മരണസംഖ്യ ഉയരാനോ കൂടുതല്‍പേര്‍ക്ക് മാരകമായി പരിക്കേല്‍ക്കാനോ ഉള്ള സാധ്യതയും അന്വേഷണ ഏജന്‍സികള്‍ തള്ളിക്കളയുന്നില്ല. എത്രപേര്‍ കൊല്ലപ്പെട്ടു എന്നതിന്റെയോ നാശനഷ്ടങ്ങളുടെയോ കൃത്യമായ കണക്കുകള്‍ എന്‍.ഐ.എ.യ്ക്ക് ലഭ്യമായിട്ടില്ല. അതേസമയം അഫ്ഗാനിസ്താനിലെ ഐസിസ് ക്യാംപില്‍ കൂടുതല്‍ മലയാളികള്‍ ഉള്‍പ്പെട്ടിട്ടുള്ളതായി സംശയം. അവര്‍ തങ്ങളുടെ ബന്ധുക്കള്‍ക്കു സന്ദേശം അയച്ചതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഒരു സഹോദരന്‍ കൂടി സത്യവിശ്വാസത്തിന്റെ പേരില്‍ രക്തസാക്ഷിയായിരിക്കുന്നു. തങ്ങളെല്ലാം അതേ മാര്‍ഗത്തില്‍ കാത്തിരിക്കുകയാണെന്നും സന്ദേശത്തില്‍ പറയുന്നു. അമേരിക്കന്‍ ആക്രമണം നടക്കുന്ന സമയത്ത് മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ നാംഗര്‍ഹാറില്‍ ഉണ്ടായിരുന്നതായി തെളിഞ്ഞിട്ടുണ്ട്. അഫ്ഗാനിലെ ഐസിസ് താവളത്തില്‍ അമേരിക്ക നടത്തിയ ബോംബാക്രമണത്തില്‍ 90ല്‍ അധികം പേര്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 36 ഐസിസ് ഭീകരര്‍ മരിച്ചുവെന്നായിരുന്നു നേരത്തേ അഫ്ഗാന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചത്. അഫ്ഗാനിലെ നംഗര്‍ഹാറിലെ ഐസിസ് താവളത്തില്‍ ബോംബുകളുടെ മാതാവ് എന്നു വിശേഷിപ്പിക്കപ്പെടുന്ന ജിബിയു 43 ഉപയോഗിച്ചാണ് അമേരിക്ക ആക്രമണം നടത്തിയത്. വ്യാഴാഴ്ചയായിരുന്നു സംഭവം.