തൊടുപുഴയില്‍ അടഞ്ഞുകിടന്ന നാലു ബിയര്‍ പാര്‍ലറുകള്‍ തുറന്നു പ്രവര്‍ത്തിക്കും: തുണയായത് കേരള ഹൈക്കോടതി ഉത്തവ്

തൊടുപുഴ: സര്‍ക്കാരിന്റെ പുതിയ മദ്യനയം വരുന്നതിനു മുമ്പേ തൊടുപുഴയില്‍ അടഞ്ഞുകിടന്ന നാലു ബിയര്‍ പാര്‍ലറുകള്‍ക്ക് എക്സൈസ് അധികൃതര്‍ തുറന്നു പ്രവര്‍ത്തിക്കുവാന്‍ അനുവാദം നല്‍കി. കേരള ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് ബിയര്‍ പാര്‍ലറുകള്‍ക്ക് പ്രവര്‍ത്തനാനുമതി ലഭിച്ചത്.

ഇടുക്കി റോഡിലുള്ള സിസിലിയ ഹോട്ടല്‍സ്, ജോവാന്‍സ് റീജന്‍സി, വെങ്ങല്ലൂരുള്ള മൂണ്‍ലിറ്റ് റീജന്‍സി, മൂവാറ്റുപുഴ റോഡിലുള്ള അമ്പാടി ഹോട്ടല്‍ എന്നിവിടങ്ങളിലാണ് തിങ്കളാഴ്ച മുതല്‍ ബിയര്‍ പാര്‍ലറുകള്‍ പ്രവര്‍ത്തനം പുനരാരംഭിച്ചത്. സംസ്ഥാന-ദേശീയ പാതയോരങ്ങളിലെ മദ്യശാലകള്‍ മാറ്റണമെന്ന നിയമം മേജര്‍ ജില്ലാ റോഡുകള്‍ക്ക് ബാധകമാകില്ല എന്ന കാരണം ചൂണ്ടികാട്ടിയതാണ് തൊടുപുഴയിലെ ബിയര്‍ പാര്‍ലറുകള്‍ക്കു തുണയായത്. ഈ ബാറുകള്‍ സംസ്ഥാന-ദേശീയ പാതയുടെ സമീപത്താണെങ്കിലും അവ അതാത് സ്ഥലങ്ങളില്‍ മേജര്‍ ഡിസ്ട്രിക്റ്റ് റോഡ് എന്നാണ് രേഖകളില്‍ അടയാളപ്പെടുത്തിയിരിക്കുന്നത്. തൊടുപുഴയിലെ മദ്യശാലയ്ക്ക് വേണ്ടി അഡ്വ. തോമസ് ആനക്കല്ലുങ്കല്‍ ഹൈകോടതിയില്‍ ഹാജരായി.

അതേസമയം സര്‍ക്കാരിന്റെ പുതിയ മദ്യനയം മലപ്പുറം ഉപതെരഞ്ഞെടുപ്പിന് ശേഷമായിരിക്കും പ്രഖ്യാപിക്കുക എന്നാണ് മുമ്പ് പുറത്ത് വന്ന റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം കൂടിയ മന്ത്രിസഭാ യോഗത്തില്‍ സംസ്ഥാന-ദേശീയ പാതയോരങ്ങളിലെ ബിയര്‍ വൈന്‍ പാര്‍ലറുകള്‍ മാറ്റില്ലെന്ന് പറഞ്ഞിരുന്നു. ഹോട്ടലുകളിലെ വൈന്‍-ബിയര്‍ പാര്‍ലറുകള്‍ സുപ്രീംകോടതിയുടെ പരിധിയില്‍ വരില്ലെന്ന അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹത്ഗിയുടെ നിയമോപദേശത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ നിലപാട് സ്വീകരിച്ചത്.