കളിയല്ല ; മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ചിത്രത്തില്‍ സന്തോഷ് പണ്ഡിറ്റ് എത്തുന്നു
കൊച്ചി : രാജാധിരാജ എന്ന ചിത്രത്തിന് ശേഷം അജയ് വാസുദേവ് ഒരുക്കുന്ന മമ്മൂട്ടിചിത്രത്തിലാണ് ഒരു മുഴുനീള വേഷത്തില്‍ സന്തോഷ് പണ്ഡിറ്റു എത്തുന്നത്. സിനിമയുടെ ചിത്രീകരണം ചൊവ്വാഴ്ച കൊല്ലം ഫാത്തിമ മാത കോളേജില്‍ ആരംഭിക്കുകയാണ്. ചിത്രത്തിനുവേണ്ടി ഒരു മാസത്തെ ഡേറ്റാണ് പണ്ഡിറ്റ് നല്‍കിയത്. സോഷ്യല്‍ മീഡിയ താരമാക്കിയ സന്തോഷ് പണ്ഡിറ്റ് ആദ്യമായി മുഖ്യധാര സിനിമയുടെ ഭാഗമാകുന്നത്. കൃഷ്ണനും രാധയും എന്ന ചിത്രത്തിലൂടെ ഒരു സിനിമയുടെ സര്‍വ്വ പിന്നണി ജോലികളും ഒറ്റയ്ക്ക് ചെയ്ത് സിനിമയിലേക്ക് കടന്ന് വന്ന ആളാണ് സന്തോഷ് പണ്ഡിറ്റ്. കൃഷ്ണനും രാധയും തിയറ്ററില്‍ വിജയമാകുകയും ചെയ്തു. അഞ്ച് ലക്ഷം രൂപ മുതല്‍ മുടക്കിലാണ് സന്തോഷ് പണ്ഡിറ്റ് തന്റെ സിനിമകള്‍ നിര്‍മിച്ചിരുന്നത്. നൂറ് കോടി ക്ലബ്ബില്‍ ഇടം നേടിയ പുലിമുരുകന് ശേഷം ഉദയകൃഷ്ണ തിരക്കഥ ഒരുക്കുന്ന ചിത്രമാണ് ഇത്. ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. രാജാധിരാജയുടെ തിരക്കഥ ഒരുക്കിയത് ഉദയകൃഷ്ണയും സിബി കെ തോമസും ചേര്‍ന്നായിരുന്നു. ക്യാമ്പസ് പശ്ചാത്തലത്തിലുള്ള കഥയാണ് സിനിമയുടേത്. കുഴപ്പക്കാരായ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന കോളേജില്‍ എത്തുന്ന അതിലേറെ കുഴപ്പക്കാരനായ പ്രഫസറുടെ കഥാപാത്രമാണ് മമ്മൂട്ടിക്ക്. തുടര്‍ന്ന കോളേജില്‍ ഉണ്ടാകുന്ന സംഭവങ്ങള്‍ ആരാധകര്‍ക്കും കുടുംബങ്ങള്‍ക്കും രസിക്കുന്ന വിധത്തില്‍ അവതരിപ്പിക്കുന്ന സിനിമയായിരിക്കും ഇത്. കമലിന്റെ മഴയെത്തും മുന്‍പേയ്ക്കുശേഷം മമ്മൂട്ടി ഒരു കോളേജ് അധ്യാപകന്റെ വേഷം ചെയ്യുന്നു എന്ന പ്രത്യേകതയുണ്ട് ഈ ചിത്രത്തിന്. ഓണത്തിന് റിലീസ് ആകുന്ന തരത്തിലാണ് ചിത്രം പൂര്‍ത്തിയാവുക.