ഒരുങ്ങുന്നു ആ മഹാ സിനിമാ ‘രണ്ടാമൂഴം’
ലോകത്തിന്നുവരെ രചിക്കപ്പെട്ടിട്ടുള്ള ഏറ്റവും വലിയ ഇതിഹാസങ്ങളിൽ ഒന്നാണ് ‘മഹാഭാരതം’. മഹാഭാരതത്തിലെ പതിനേഴാം പർവ്വമായ മഹാപ്രസ്ഥാനിക പർവ്വത്തെ ആസ്പദമാക്കി എം.ടി രചിച്ച നോവൽ ആണ് ‘രണ്ടാമൂഴം’. അദ്ധേഹത്തിന്റെ എക്കാലത്തെയും മികച്ച രചനകളിൽ ഒന്നായ രണ്ടാമൂഴം 1985 ൽ വയലാർ അവാർഡും 1994 ൽ മുട്ടത്തു വർക്കി അവാർഡും നേടിയിരുന്നു.
അക്കാലം മുതൽ ഇന്നുവരെ വളരെ സജീവമായി സിനിമാ ലോകത്തു ചർച്ചചെയ്യപ്പെട്ട വിഷയം ആണ് ‘രണ്ടാമൂഴം’ ഒരു സിനിമയായി മാറുക എന്നത് . എം.ടി. – ഹരിഹരൻ ടീമിന്റെ ‘പഴശ്ശിരാജ’ പുറത്തിറങ്ങിയതോടെ ഈ ചർച്ചകൾ സജീവമായി, തുടർന്ന് ബ്രഹ്മ്മാൻഡ ചിത്രമായ ‘ബാഹുബലി’ പുറത്തിറങ്ങിയതോടെ ചർച്ചകൾക്ക് ശക്തി കൂടി. എം.ടി – ഹരിഹരൻ ടീം തന്നെ ‘രണ്ടാമൂഴ’വുമായി എത്തും എന്നും ഉറപ്പിച്ചിരുന്നു മലയാള സിനിമാപ്രേമികൾ.
ഒരു യാഥാർഥ്യം എപ്പോഴും ഈ ചർച്ചകളെ പുറകോട്ടു വലിച്ചിരിന്നു, സിനിമയുടെ ‘മുതൽമുടക്ക്’ എന്ന സത്യം. എം.ടി വായനക്കാരിൽ വരച്ചുവച്ച രണ്ടാമൂഴം അതിന്റെ എല്ലാ പ്രൗഡിയോടും കൂടി അഭ്രപാളിയിൽ എത്തിക്കാൻ മലയാളിയെന്നല്ല ഒരുപക്ഷേ ഇന്ത്യൻ സിനിമ തന്നെ ഇന്നേവരെ കണ്ടിട്ടില്ലാത്ത മുതൽമുടക്ക് തന്നെ വേണം. ഇപ്പോൾ അതു യാഥാർത്യത്തിനോട് അടുക്കുന്നതിനു ‘ബാഹുബലിയും’, ‘പുലിമുരുഗനും’ പോലുള്ള സിനിമകളും അവയുടെ വിജയവും പ്രചോദനയമായി എന്നുതന്നെ ഉറച്ചു വിശ്വസിക്കണം.
എന്നാൽ എക്കാലത്തും ഉണ്ടായ ചർച്ചകളിൽ ഒന്നു മാത്രം സ്ഥായിയായി നിന്നു, കേന്ദ്രകഥാപാത്രമായ ഭീമന്റെ വേഷം ആരു ചെയ്യും എന്നത്; ഇന്ത്യൻ സിനിമ കണ്ടതിൽ വച്ച് ഏറ്റവും മികച്ച നടൻതന്നെ ആ വേഷം ചെയ്യണം എന്നുവരുമ്പോൾ എക്കാലത്തും വിരൽചൂണ്ടപ്പെട്ടതു മോഹൻലാൽ എന്ന നമ്മുടെ സ്വന്തം ലാലേട്ടനു നേർക്കുതന്നെ. മലയാളി മാത്രമല്ല ഇന്ത്യൻ സിനിമപ്രവർത്തകർ തന്നെ ആഗ്രഹിക്കുന്നത് രണ്ടാമൂഴം എന്ന സിനിമ മോഹൻലാൽ എന്ന മഹാപ്രതിഭ ഊർജസ്വലതയോടെ അഭിനയ രംഗത്ത് നിൽക്കുന്ന സമയത്തു തന്നെ സംഭവിക്കണം എന്നതാണ്.
എല്ലാ ചർച്ചകൾക്കും വിരാമമിട്ടുകൊണ്ട്, ഇന്ന് മോഹൻലാൽ തന്നെ തന്റെ ഫെയിസ്ബുക്കിൽ സ്ഥിരീകരിച്ചു, ‘രണ്ടാമൂഴം’ സംഭവിക്കുന്നു എന്ന്. 150 മില്യൺ ഡോളർ (1000 കോടി രൂപ) മുതൽ മുടക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ലോകം മുഴുവൻ വ്യാപിച്ചുകിടക്കുന്ന യു.എ. ഇ എക്സ്ചേഞ്ചിന്റെ അധിപനായ ബി.ആർ.ഷെട്ടിയാൽ ചിത്രം നിർമിക്കുന്നത്. പരസ്യ ചിത്ര സംവിധായകനും ‘പുഷ് ഇന്റഗ്രെറ്റഡ് കമ്മ്യൂണിക്കേഷൻസ്’ എന്ന പരസ്യ കമ്പനിയുടെ ഉടമയുമായ വി.എ. ശ്രീകുമാർ മേനോൻ ആണ് രണ്ടാമൂഴം സംവിധാനം ചെയുന്നത്. കല്യാൺ, റാങ്ളർ ജീൻസ്, എവിടി, അന്നപൂർണ്ണ, നീൽഗിരീസ്, കലാനികേതൻ തുടങ്ങി ഒട്ടനവധി പരസ്യചിത്രങ്ങൾ നിർമ്മിച്ചിട്ടുണ്ട് ഇദ്ദേഹം.
രണ്ടു ഭാഗങ്ങളായാണ് ചിത്രം പുറത്തിറങ്ങുന്നത്. സെപ്റ്റംബർ 2018ൽ ചിത്രീകരണം ആരംഭിക്കാനും 2020 തുടക്കത്തിൽ തീയറ്ററുകളിൽ എത്തിക്കാനും രണ്ടാം ഭാഗം 90 ദിവസങ്ങൾ കഴിഞ്ഞും പുറത്തിറക്കാനും ആണ് പദ്ധതി. ഇംഗ്ലീഷ്, ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും മറ്റു ഇന്ത്യൻ ഭാഷകളിലേക്കും ലോക ഭാഷകളിലേക്കും ഡബ്ബിങ്ങും ചെയ്യും. ഓസ്കാർ ജേതാക്കൾ ഉൾപ്പടെ ലോകസിനിമയിലെ പ്രഗത്ഭരായ അഭിനേതാക്കളും ടെക്‌നീഷ്യന്മാരും ഈ സിനിമയുടെ ഭാഗമാകും. ഒരു ഇന്ത്യൻ സിനിമയായല്ല ലോകസിനിമയായി തന്നെയാണ് രണ്ടാമൂഴം ഒരുങ്ങുന്നത്.
ഇനി ഇന്ത്യൻ സിനിമാലോകം ഉറ്റുനോക്കുന്ന സിനിമ ഇതുതന്നെയാണ്.