നവയുഗം സാംസ്‌കാരികവേദിയുടെ എ.ബി.ബര്‍ദാന്‍ സ്മാരക നിസ്വാര്‍ത്ഥ സാമൂഹ്യസേവനപുരസ്‌കാരം ഇ.എം.കബീറിന്
ദമ്മാം: നവയുഗം സാംസ്‌കാരികവേദിയുടെ 2016ലെ സഖാവ് എ.ബി.ബര്‍ദ്ദാന്‍ സ്മാരക നിസ്വാര്‍ത്ഥ സാമൂഹ്യപ്രവര്‍ത്തന അവാര്‍ഡിന്, കിഴക്കന്‍ പ്രവിശ്യയിലെ മുതിര്‍ന്ന പൊതുപ്രവര്‍ത്തകനും, സാമൂഹ്യ, ജീവകാരുണ്യ മേഖലകളിലെ സജീവ സാന്നിധ്യവുമായ ഇ.എം. കബീറിനെ തെരെഞ്ഞെടുത്തു.
നവയുഗം കേന്ദ്രകമ്മിറ്റി നിയോഗിച്ച അവാര്‍ഡ് ജഡ്ജിങ് കമ്മിറ്റി, കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി സൗദി അറേബ്യയിലെ പ്രവാസിക്ഷേമത്തിനും, സാമൂഹ്യസേവനരംഗത്തും നല്‍കിയ നിസ്വാര്‍ത്ഥ സേവനത്തെ മുന്‍നിര്‍ത്തിയാണ്, ഇ.എം.കബീറിനെ ഈ അവാര്‍ഡിനായി തെരെഞ്ഞെടുത്തത്.
തിരുവനന്തപുരം പൂന്തുറ സ്വദേശിയായ ഇ.എം.കബീര്‍ 1985ലാണ് പ്രവാസിയായി ദമ്മാമില്‍ എത്തുന്നത്. അന്ന് മുതല്‍ തന്നെ സാമൂഹ്യസേവന മേഖലയില്‍ സജീവമായ ഇ.എം.കബീര്‍, നവോദയ സാംസ്‌കാരികവേദിയുടെ രൂപീകരണകാലം മുതല്‍ സംഘാടകനായും ഭാരവാഹിയായും കഴിവ് തെളിയിച്ചിട്ടുണ്ട്. നിലവില്‍ നവോദയ രക്ഷാധികാരി സമിതി അംഗമാണ് അദ്ദേഹം.
പ്രവാസികളുടെ പ്രശ്‌നങ്ങളില്‍ നിരന്തരം ഇടപെട്ട് പ്രതികരിയ്ക്കാനും, അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാനും, പ്രവാസി ആവശ്യങ്ങള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുടെ ശ്രദ്ധയില്‍ കൊണ്ടുവരാനും ഉതകുന്ന നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തിയ ശ്രീ. ഇ.എം.കബീര്‍, ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലൂടെ പ്രവാസലോകത്തിന് നല്‍കിയ സേവനങ്ങള്‍ വളരെ വലുതാണ്.
അദ്ദേഹം മുന്‍കൈ എടുത്തു നടത്തിയ 2004ലെ സുനാമി ദുരിതാശ്വാസപദ്ധതികള്‍, 2010 ലെ ക്യാന്‍സര്‍ കെയര്‍ ഫോര്‍ ലൈഫ് പദ്ധതി, 2013 ലെ പൊതുമാപ്പ് കാലത്ത് പ്രവാസികള്‍ക്കു ചെയ്ത സഹായങ്ങള്‍, റംസാന്‍ റിലീഫ് ഫണ്ട്, നിതാഖത്ത് കാലത്തു നടത്തിയ പ്രവര്‍ത്തനങ്ങള്‍ എന്നിവയൊക്കെ ശ്രദ്ധേയമായിരുന്നു. ശക്തമായ ഇടതുപക്ഷബോധം ഉയര്‍ത്തിപ്പിടിച്ചു, പ്രവാസി സാമൂഹ്യസേവനരംഗത്ത് അദ്ദേഹം പുലര്‍ത്തിയ നിസ്വാര്‍ത്ഥത, ഓരോ പൊതുപ്രവര്‍ത്തകനും മാതൃകയാണ് എന്ന് ജഡ്ജിങ് കമ്മിറ്റി നിരീക്ഷിച്ചു.
മെയ് 19 ദമ്മാമില്‍ വെച്ച് നടത്തുന്ന നവയുഗം പത്താം വാര്‍ഷികആഘോഷപരിപാടികളുടെ ഉത്ഘാടനചടങ്ങില്‍ വെച്ച് ഇ.എം.കബീറിന് അവാര്‍ഡ് സമ്മാനിയ്ക്കുമെന്ന് നവയുഗം കേന്ദ്രകമ്മിറ്റി അറിയിച്ചു.
നവയുഗം സാംസ്‌കാരികവേദി എല്ലാവര്‍ഷവും നല്‍കി വരുന്ന അവാര്‍ഡിന്, ഇത്തവണ പരേതനായ ഇന്ത്യന്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ മുന്‍ ജനറല്‍ സെക്രട്ടറി സഖാവ് എ.ബി.ബര്‍ദാന്റെ പേര് നല്‍കാന്‍ നവയുഗം കേന്ദ്രകമ്മിറ്റി തീരുമാനിയ്ക്കുകയായിരുന്നു. വെളിയം ഭാര്ഗ്ഗവന്‍, ഷാജി മതിലകം, സാജിദ് ആറാട്ടുപുഴ, ശ്രീദേവി ടീച്ചര്‍, മുഹമ്മദ് നജാത്തി, പി.ഏ.എം.ഹാരിസ്, ഡോ. സിദ്ദിഖ് അഹമ്മദ് എന്നിവരായിരുന്നു മുന്‍വര്‍ഷങ്ങളില്‍ നവയുഗം പുരസ്‌ക്കാരം നേടിയ വ്യക്തിത്വങ്ങള്‍.