ഒരു വര്‍ഷത്തിലേറെ നീണ്ട നിയമപോരാട്ടത്തിന് ഒടുവില്‍ നവയുഗത്തിന്റെ സഹായത്തോടെ ആബേദ് അലി നാട്ടിലേയ്ക്ക് മടങ്ങി

ദമ്മാം: കരാര്‍പ്രകാരമുള്ള ശമ്പളത്തിനും ആനുകൂല്യങ്ങള്‍ക്കും വേണ്ടി സ്‌പോണ്‌സര്‍ക്കെതിരെ ലേബര്‍ കോടതിയില്‍ ഒരു വര്‍ഷത്തിലധികമായി കേസ് നടത്തിയ ഹൌസ് ഡ്രൈവര്‍, ഒടുവില്‍ നവയുഗം ജീവകാരുണ്യവിഭാഗത്തിന്റെ സഹായത്തോടെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.

ഉത്തരപ്രദേശ് അലഹാബാദ് സ്വദേശിയായ ആബേദ് അലി 2014 ലാണ് ദമ്മാമിലെ ഒരു സൗദി പൗരന്റെ വീട്ടില്‍ ഹൌസ് ഡ്രൈവറായി ജോലിയ്ക്ക് എത്തിയത്. 2000 റിയാല്‍ ശമ്പളവും, താമസവും ആഹാരവും ഉള്‍പ്പടെ ആനുകൂല്യങ്ങളും ഉള്‍പ്പെട്ടിരുന്ന തൊഴില്‍ കരാര്‍ പ്രകാരമാണ് ആബേദ് അലി ജോലിയ്ക്കു വന്നത്. എന്നാല്‍ കരാര്‍ വ്യവസ്ഥകള്‍ ഒന്നും പാലിയ്ക്കാന്‍ സ്‌പോണ്‍സര്‍ തയ്യാറായില്ല. 1500 റിയാല്‍ മാത്രമേ ശമ്പളമായി നല്‍കുകയുണ്ടായുള്ളൂ എന്ന് മാത്രമല്ല, താമസസ്ഥലമോ ഭക്ഷണമോ നല്‍കാതെ അതിനുള്ള പണം സ്വന്തമായി ചിലവാക്കാനുമായിരുന്നു സ്പോണ്‍സറുടെ നിര്‍ദ്ദേശം. കരാര്‍ലംഘനത്തില്‍ ആബേദ് അലി പ്രതിഷേധിച്ചെങ്കിലും യാതൊരു ഫലവുമുണ്ടായില്ല. എങ്കിലും നാട്ടിലെ തന്റെ പാവപ്പെട്ട കുടുംബത്തിന്റെ അവസ്ഥയോര്‍ത്ത്, എങ്ങനെയും ജോലിയില്‍ പിടിച്ചു നില്‍ക്കാനായിരുന്നു ആബേദ് അലിയുടെ ശ്രമം.

രാപകലില്ലാതെ ആ വീട്ടുകാര്‍ ആബേദിനെക്കൊണ്ട് ജോലി ചെയ്യിപ്പിച്ചു. അതിരാവിലെ എഴുന്നേറ്റാല്‍, പാതിരാത്രി വരെ നീളുന്ന ഡ്രൈവര്‍ ജോലിയ്ക്കു പുറമേ, ആ വീട്ടിലെ പുറംപണികളും അയാള്‍ക്ക് ചെയ്യേണ്ടി വന്നു. ശമ്പളം പലപ്പോഴും രണ്ടു മൂന്നു മാസം വൈകിയായിരുന്നു കിട്ടിയത്.

രണ്ടു വര്ഷം പിന്നിട്ടപ്പോള്‍, നാട്ടിലേയ്ക്ക് വെക്കേഷന്‍ അയയ്ക്കാന്‍ ആബേദ് അലി ആവശ്യപ്പെട്ടെങ്കിലും സ്‌പോണ്‍സര്‍ അതിനും സമ്മതിച്ചില്ല. അപ്പോഴേയ്ക്കും 4 മാസത്തെ ശമ്പളം കുടിശ്ശികയായിരുന്നു. തുടര്‍ന്ന് ആബേദ് അലി പ്രതിഷേധിച്ചപ്പോള്‍, സ്‌പോണ്‍സര്‍ അയാളെ ജോലിയില്‍ നിന്നും പുറത്താക്കി വിട്ടു.

ചില സുഹൃത്തുക്കളുടെ ഉപദേശപ്രകാരം ആബേദ് അലി സ്‌പോണ്‍സര്‍ക്കെതിരെ ലേബര്‍ കോടതിയില്‍ കേസ് കൊടുത്തു. എന്നാല്‍ കേസ് വിളിച്ചപ്പോഴൊന്നും, സ്‌പോണ്‍സര്‍ കോടതിയില്‍ വരാകാത്തതിനാല്‍ കേസ് അനിശ്ചിതമായി നീണ്ടു പോയി. അതോടെ ജോലിയില്ലാതെ, പണമില്ലാതെ കഴിയേണ്ടി വന്ന ആബേദ് അലിയുടെ അവസ്ഥ കൂടുതല്‍ ദയനീയമായി.

ഒരു ദിവസം ലേബര്‍ കോടതിയുടെ വരാന്തയില്‍ വിഷമിച്ചു നില്‍ക്കുന്ന ആബേദ് അലി, മറ്റൊരു കേസിന്റെ കാര്യത്തിനായി അവിടെയെത്തിയ നവയുഗം ജീവകാരുണ്യവിഭാഗം കണ്‍വീനര്‍ ഷാജി മതിലകത്തിന്റെ ശ്രദ്ധയില്‍പ്പെട്ടു. കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കിയ ഷാജി മതിലകം, ആബേദ് അലിയെ നേരിട്ട് മുഖ്യലേബര്‍ ഓഫീസറുടെ മുന്നില്‍ ഹാജരാക്കി, അയാളുടെ ദയനീയാവസ്ഥ വിവരിച്ചു സഹായിയ്ക്കാന്‍ അഭ്യര്‍ത്ഥിച്ചു. തുടര്‍ന്ന് ലേബര്‍ ഓഫീസര്‍ ആബേദ് അലിയുടെ സ്പോണ്‍സറെ നേരിട്ട് വിളിച്ചു, കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടു.

പിറ്റേന്ന് തന്നെ കോടതിയില്‍ ഹാജരായ സ്‌പോണ്‍സറുമായി ലേബര്‍ ഓഫീസറുടെ സാന്നിദ്ധ്യത്തില്‍ ഷാജി മതിലകം ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തി. തുടര്‍ന്ന് ആബേദ് അലിയ്ക്ക് ഫൈനല്‍ എക്‌സിറ്റും, വിമാനടിക്കറ്റ് ഒഴിച്ചുള്ള ആനുകൂല്യങ്ങളും നല്‍കാമെന്ന് സ്‌പോണ്‍സര്‍ സമ്മതിച്ചു..

നിയമനടപടികള്‍ പൂര്‍ത്തിയായപ്പോള്‍, എല്ലാവര്‍ക്കും നന്ദി പറഞ്ഞ്, സ്വന്തമായി എടുത്ത വിമാനടിക്കറ്റില്‍, ആബേദ് അലി നാട്ടിലേയ്ക്ക് മടങ്ങി.