മൂന്ന് മാസം മാത്രം പ്രായമുള്ള തീവ്രവാദി അമേരിക്കയില്‍ പിടിയിലായി

ലോകത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ തീവ്രവാദി എന്ന പേര് ഇനി  ഹാര്‍വി കെന്യാന്‍ എന്ന കുഞ്ഞിനു സ്വന്തം. തീവ്രവാദികള്‍ എന്ന് വെറുതെ പറഞ്ഞാലേ പേടിക്കുന്ന അമേരിക്കയിലാണ് സംഭവം. തീവ്രവാദ ബന്ധത്തിന്റെ പേരില്‍ ചോദ്യം ചെയ്യാന്‍ വിളിച്ച് വരുത്തിയപ്പോള്‍ യുഎസ് എംബസി അധികൃതര്‍  തന്നെ അമ്പരന്നു. അമ്മയുടെ തോളില്‍ എന്ത് എംബസി എന്ന ഭാവത്തില്‍ അള്ളിപ്പിടിച്ചിരിക്കുകയായിരുന്നു മൂന്ന് മാസം മാത്രം പ്രായമായ  ഹാര്‍വി കെന്യാന്‍. അങ്ങനെ ഏറ്റവും കുറഞ്ഞ പ്രായത്തില്‍ തീവ്രവാദ ബന്ധം ആരോപിക്കപ്പെടുന്ന ആളെന്ന റെക്കോര്‍ഡും കുഞ്ഞു ഹാര്‍വി  നേടി. കഴിഞ്ഞ ദിവസം വിസ പേപ്പര്‍ പൂരിപ്പിക്കുന്നതിനിടെ ഹാര്‍വിയുടെ മുത്തച്ഛന്‍ പോള്‍ കെന്യാന് പറ്റിയ ചെറിയൊരു പിശകാണ് ഈ പുലിവാലിനൊക്കെ കാരണമായത്.  താങ്കള്‍ എതെങ്കിലും തരത്തിലുള്ള തീവ്രവാദ പ്രവര്‍ത്തനത്തിലോ, ചാരക്കേസിലോ മറ്റോ പ്രതിയായിട്ടുണ്ടോയെന്ന് വിസ പേപ്പറിലെ ചോദ്യത്തിന് അറിയാതെ യെസ് എന്ന കോളം ടിക്ക് ചെയ്തതാണ് പ്രശ്നമായത്. ഇതൊന്നുമറിയാതെ ഫ്‌ലോറിഡയില്‍ അവധിക്കാലം ആഘോഷിക്കാന്‍ പോവാന്‍ വിമാനത്താവളത്തിലെത്തിയ കെന്യാന് അതോടെ  അധികൃതര്‍ ബോര്‍ഡിംഗ് പാസ് നിഷേധിക്കുകയായിരുന്നു.