എപ്പോള്‍ വേണമെങ്കിലും ആണവ യുദ്ധം ഉണ്ടായേക്കാമെന്ന്
ന്യൂയോര്‍ക്ക്: യു.എസിനെതിരെ ഉത്തര കൊറിയ. ആണവ യുദ്ധത്തിന്റെ വക്കിലേക്ക് ലോകത്തെ തള്ളിവിടുന്നത് അമേരിക്ക ആണെന്ന് ഉത്തര കൊറിയ ആരോപിച്ചു. ഏത് സമയത്തും ആണവ യുദ്ധം പൊട്ടിപ്പുറപ്പെടാനുള്ള സാധ്യതയാണ് ഇപ്പോള്‍ നിലനില്‍ക്കുന്നതെന്ന് ഐക്യരാഷ്ട്രസഭയിലെ ഉത്തര കൊറിയന്‍ പ്രതിനിധി കിന്‍ ഇന്‍ റ്യോങ് പറഞ്ഞു.
ഉചിതമെന്ന് തോന്നുന്ന സമയത്ത് ഉത്തര കൊറിയ വീണ്ടും ആണവ പരീക്ഷണം നടത്തും. യുഎസ് സൈനിക നടപടി ആരംഭിച്ചാല്‍ ഏതറ്റംവരെ പോകാനും ഉത്തര കൊറിയ തയാറാണെന്നും വാര്‍ത്താസമ്മേളനത്തില്‍ റ്യോങ് അറിയിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കൊറിയന്‍ ഉപഭൂഖണ്ഡത്തിലേക്ക് യുഎസിന്റെ വിമാനവാഹിനി കപ്പല്‍ ട്രംപ് ഭരണകൂടം വിന്യസിച്ചത് ഉത്തര കൊറിയയെ കീഴടക്കാമെന്ന യുഎസിന്റെ വീണ്ടുവിചാരമില്ലാത്ത നടപടിയുടെ തെളിവാണ്. യുഎസ് -ദക്ഷിണ കൊറിയ സൈനിക അഭ്യാസങ്ങള്‍ തങ്ങളുടെ രാജ്യത്തിനുനേരെയുള്ള പ്രകോപനമായ യുദ്ധപരിശീലനമാണ്. ഇത്തരം സാഹചര്യങ്ങളെത്തുടര്‍ന്നാണ് ഉത്തരകൊറിയ സ്വയം പ്രതിരോധത്തിനുവേണ്ടിയുള്ള സൈനിക ശേഷി വര്‍ധിപ്പിക്കുന്നത്, റ്യോങ് വ്യക്തമാക്കി.
ആഗോള സമാധാനവും സ്ഥിരതയുമാണ് യുഎസ് തകര്‍ക്കുന്നത്. പരമാധികാരമുള്ള മറ്റൊരു രാജ്യത്തേക്ക് അതിക്രമിച്ചു കടക്കുന്നത് ശരിയാണെന്ന ഗുണ്ടാസംഘങ്ങളുടെ ചിന്താരീതിയാണ് യുഎസ് പ്രയോഗിക്കുന്നത്. യുഎസിനെതിരെ ഏതു തരത്തിലെ യുദ്ധ പ്രതികരണത്തിനും ഉത്തര കൊറിയ തയാറാണെന്നും റ്യോങ് വ്യക്തമാക്കി.
അതേസമയം, ഉത്തര- ദക്ഷിണ കൊറിയകളുടെ ഇടയ്ക്കുള്ള സൈനികരഹിത മേഖല യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് സന്ദര്‍ശിച്ചു മണിക്കൂറുകള്‍ക്കകമാണ് റ്യോങ് വാര്‍ത്താസമ്മേളനം നടത്തിയത്. തങ്ങളുടെ സൈന്യത്തിന്റെ ശക്തിയെ പരീക്ഷിക്കരുതെന്ന് പെന്‍സ് ഉത്തര കൊറിയയ്ക്ക് മുന്നറിയിപ്പു നല്‍കുകയും ചെയ്തിരുന്നു.