സ്വദേശി പൗരന്മാര്ക്ക് പരിഗണന; തൊഴില്‍ വിസ പദ്ധതി റദ്ദാക്കി ഓസ്ട്രേലിയ; ഇന്ത്യക്ക് തിരിച്ചടി
മെല്‍ബണ്‍: തൊഴിലിടങ്ങളില്‍ സ്വദേശി പൗരന്മാര്ക്ക് പ്രഥമപരിഗണന ലഭിക്കുന്നതിന് വേണ്ടി ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ വിദേശ പൗരന്മാര്ക്ക് അനുവദിക്കുന്ന താല്‍ക്കാലിക തൊഴില്‍ വിസയായ ‘457 വിസ’ പദ്ധതി റദ്ദാക്കി. രാജ്യ താല്പര്യത്തിെന്റ ഭാഗമായി താല്‍ക്കാലിക തൊഴില്‍വിസ അനുവദിക്കുന്നത് നിര്‍ത്തുകയാണെന്ന് പ്രധാനമന്ത്രി മല്‍കോം ടേന്‍ബല്‍ അറിയിച്ചു. 457 വിസയിലൂടെ വര്‍ഷത്തില്‍ 95,000 വിദേശ പൗരന്മാരാണ് താല്‍ക്കാലിക തൊഴിലുകള്‍ക്കായി ഓസ്ട്രേലിയയിലെത്തുന്നത്. ഈ വിസ കൂടുതല്‍ പ്രയോജനപ്പെടുത്തുന്നത് ഇന്ത്യക്കാരാണ്. ഉദ്യോഗാര്‍ഥിക്ക് രണ്ടു വര്‍ഷത്തെ തൊഴില്‍പരിചയം, ക്രിമിനല്‍ റെക്കോഡ് പരിശോധന, ഇംഗ്ളീഷ് പരിജ്ഞാനം തുടങ്ങിയ പരിശോധനകള്‍ക്കു ശേഷമേ പുതിയ വിസ അനുവദിക്കൂ. രാജ്യത്തേക്ക് ഇനിമുതല്‍ വിദഗ്ധ തൊഴിലാളികളെ മാത്രമേ സ്വീകരിക്കൂ. പാസ്പോര്‍ട്ടുണ്ടെങ്കില്‍ ഓസ്ട്രേലിയയില്‍ ജോലി ചെയ്യാമെന്നത് അനുവദിക്കുന്നതല്ല. 457 വിസ രാജ്യത്തെ വിദഗ്ധ തൊഴിലാളികളുടെ കുറവു നികത്താന്‍ വേണ്ടി അനുവദിച്ചുകൊണ്ടിരുന്നതാണ്. എന്നാല്‍ അത് ദുരുപയോഗം ചെയ്യപ്പെടുകയും അതിന്റെ വിശ്വാസ്യത നഷ്ടപ്പെടുകയും ചെയ്തിരിക്കുന്നു.