മക്കളെ തട്ടികൊണ്ടുപോയി വെടിവച്ച് വീഴ്ത്തിയശേഷം പിതാവ് ആത്മഹത്യ ചെയ്തു
ഒറിഗണ്‍: ജെയ്മി കോര്‍ട്ടിനാസ് (42) എന്ന പിതാവ് ജാനറ്റ് (8), ജാസ്മിന്‍ (11) എന്നീ രണ്ട് പെണ്‍കുട്ടികളെ തട്ടികൊണ്ടുപോയി വെടിവച്ച് കൊലപ്പെടുത്തിയ ദാരുണ സംഭവം ഒറിഗണില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഗ്ലെന്‍ ഫെയര്‍ എലിമെന്ററി സ്‌കൂളില്‍ നിന്നും പിതാവാണ് ഇവരുവരേയും കൂട്ടിക്കൊണ്ടുപോയത്. ലാന്റ് റോവര്‍ വാഹനത്തില്‍ വച്ച് ഇരു കുട്ടികള്‍ക്കും നേരെ നിറയൊഴിച്ച് വാഹനത്തിന് തീയിടുകയായിരുന്നു.
ഇതിനിടെ കുട്ടികളെ കാണാതായ വിവരം മാതാവ് പൊലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് അന്വേഷണം ആരംഭിച്ചു.
ഗ്യാസ് സ്റ്റേഷനു മുമ്പില്‍ കത്തുന്ന വാഹനം പൊലീസ് കണ്ടെത്തി. വാഹനത്തിനു സമീപം നിന്നിരുന്ന പിതാവ് ജെയ്മി പൊലീസുമായി ഏറ്റുമുട്ടുന്നതിന് തുനിഞ്ഞുവെങ്കിലും ഒടുവില്‍ തോക്ക് തനിക്കു നേരെ തന്നെ തിരിക്കുകയായിരുന്നു.
തീ അണച്ച് കുട്ടികളെ രക്ഷപ്പെടുത്താന്‍ പൊലീസ് ശ്രമിച്ചുവെങ്കിലും ഇതിനകം കുട്ടികള്‍ മരിച്ചിരുന്നു. 32 കാലിബര്‍ തോക്ക് പിന്നീട് ട്രക്കില്‍ നിന്നും പൊലീസ് കണ്ടെടുത്തു. പൊലീസ് അധികൃതരാണ് വിവരം മാധ്യമങ്ങള്‍ക്ക് നല്‍കിയത്.