പകര്‍ച്ച പനിയെ പ്രതിരോധിക്കാന്‍ ക്ലീന്‍ ക്യാമ്പസ് കാംമ്പൈന്‍
തിരുവനന്തപുരം: വര്‍ധിച്ചു വരുന്ന പകര്‍ച്ച പനിയെ പ്രതിരോധിക്കാന്‍ മെഡിക്കല്‍ കോളേജില്‍ നിലവിലുള്ള ക്ലീന്‍ ക്യാമ്പസ് ക്യാമ്പൈന്‍ ശക്തിപ്പെടുത്തുന്നു. ഇടവിട്ടുള്ള മഴയോടനുബന്ധിച്ചുണ്ടാകുന്ന വിവിധ പകര്‍ച്ചപ്പനികള്‍ തടയുന്നതിന്റെ ഭാഗമായാണ് തീവ്ര ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റുമായി സഹകരിച്ച് സംസ്ഥാന പീഡ് സെല്ലിന്റെ നേതൃത്വത്തിലുള്ള ക്രൈസിസ് മാനേജ്മെന്റ് ടീമാണ് ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
വെള്ളം കെട്ടിനില്‍ക്കാന്‍ അനുവദിക്കാതിരിക്കുക, മാലിന്യം ശരിയായ രീതിയില്‍ നിര്‍മാര്‍ജ്ജനം ചെയ്യുക, കൊതുകുജന്യ രോഗങ്ങളില്‍ നിന്നും പകര്‍ച്ച വ്യാധികളില്‍ നിന്നും ഈ ക്യാമ്പസിലെത്തുന്നവര്‍ക്ക് മോചനം നല്‍കുക എന്നിവയാണ് ക്ലീന്‍ ക്യാമ്പസ് ക്യാമ്പൈന്റെ ലക്ഷ്യം.
മെഡിക്കല്‍ കോളേജ്, മെഡിക്കല്‍ കോളേജ് ആശുപത്രി, എസ്.എ.ടി. ആശുപത്രി, ശ്രീ ചിത്ര, ആര്‍.സി.സി. തുടങ്ങിയ മെഡിക്കല്‍ കോളേജ് കാമ്പസില്‍ ഉള്‍പ്പെട്ട എല്ലാ സ്ഥാപനങ്ങളേയും ഉള്‍പ്പെടുത്തിയായിരിക്കും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുക. ഈ ക്യാമ്പസിനെ പത്ത് സോണുകളായി തിരിക്കുകയും ഓരോ ഉദ്യോഗസ്ഥന്‍ വീതം ഈ സോണുകളുടെ പ്രവര്‍ത്തനത്തിന്റെ മേല്‍നോട്ടം വഹിക്കുകയും ചെയ്യും.
മെഡിക്കല്‍ കോളേജിനെ സമ്പൂര്‍ണ ശുചിത്വ ക്യാമ്പസാക്കി മാറ്റാന്‍ എല്ലാവരുടേയും സഹകരണം പ്രിന്‍സിപ്പല്‍ അഭ്യര്‍ത്ഥിച്ചു. ആശുപത്രിക്കകത്തും പുറത്തും അലക്ഷ്യമായി പാഴ്വസ്ഥുക്കള്‍ വലിച്ചെറിയുന്ന അവസ്ഥ ഒഴിവാക്കേണ്ടതാണ്. ഇതോടൊപ്പം വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. വെള്ളം കെട്ടിനില്‍ക്കുന്ന അവസ്ഥ പൂര്‍ണമായി ഒഴിവാക്കിയാല്‍ പകര്‍ച്ച പനിയില്‍ നിന്നും ഒരു പരിധിവരെ മുക്തി നേടാനാകും.
ഏത് പനിയും പകര്‍ച്ച പനിയാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ പനി, ശരീര വേദന, തലവേദന, ജലദോഷം, ചുമ, തൊണ്ട വേദന തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടായാല്‍ നിസാരമായി കണ്ട് സ്വയം ചികിത്സിക്കാതെ ഡോക്ടര്‍മാരെ കാണേണ്ടതാണ്. പ്രാരംഭ ദശയില്‍ തന്നെ ചികിത്സിച്ചാല്‍ ഭേദമാകുന്നതാണ് ഇത്തരം പകര്‍ച്ച പനികള്‍.