അറിഞ്ഞാരും കുഴിയില്‍ ചാടില്ല; മാണിയുടെത് വഴിമാറി ഒഴുകുന്ന സ്വപ്നങ്ങള്‍
കോട്ടയം: മലപ്പുറം തിരഞ്ഞെടുപ്പില്‍ പി.കെ കുഞ്ഞാലിക്കുട്ടി നേടിയ വിജയത്തിന്റെ ഹാങോവറില്‍ കെ.എം മാണിയെ എം.എം ഹസന്‍ തിരിച്ചു വിളിച്ചിരിക്കുന്നു. എന്നാല്‍, രണ്ട് വിജിലന്‍സ് കേസുകള്‍ തലയ്ക്കു മേലെ തൂങ്ങുമ്പോള്‍ മാണി തല്‍ക്കാലം എങ്ങോട്ടുമില്ല. 2019 വരെ സമയം നീണ്ടു നിവര്‍ന്നു കിടക്കുകയാണ്. അന്നത്തെ രാഷ്ട്രീയ സാഹചര്യം നോക്കി മാത്രമേ ചരല്‍കുന്ന് ക്യാംപിലെടുത്ത തീരുമാനത്തിന് മാണി മാറ്റം വരുത്തു.
ബാര്‍ കോഴയില്‍ കുരുങ്ങി പഴയ ഗ്ലാമര്‍ പോയെങ്കിലും മാണി ഇപ്പോഴും മൂന്നു മുന്നണിക്കും വേണ്ടപ്പെട്ടവനാണ്. സ്വന്തം ലാഭം എത്രയോ അതിനനുസരിച്ച് എന്ത് അടവും മാണിയെ രാഷ്ട്രീയക്കാരന്‍ പയറ്റും. ഇത്രയും കാലം അതു പയറ്റിയതുമാണ്. അടുത്തെങ്ങും ഇനി തിരഞ്ഞെടുപ്പുകളില്ല. 2019 ല്‍ ലോകസഭ, 2010 ല്‍ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ്. 2021 ലെ നിയമസഭ പോരാട്ടം നടക്കൂ. ഇന്നത്തെ അവസ്ഥയില്‍ യു.ഡി.എഫിന്റെ അന്നത്തെ സ്ഥിതിയും ഗതിയും എന്തെന്ന് പോലും മാണിക്കെന്നല്ല ദൈവം തമ്പുരാന് പോലും അറിയില്ല.
പ്രതിപക്ഷത്തിന്റെ നിലവിലെ അവസ്ഥ വളരെ പരിതാപകരമാണ്. മുന്നണിയെ നയിക്കുന്ന കോണ്‍ഗ്രസിന്റെ സ്ഥിതി പരിതാപകരം. പ്രതിപക്ഷ നേതാവ് പ്രസ്താവന നേതാവ് മാത്രമായി. നെടുങ്കന്‍ നാല് ഡയലോഗ് പോലും കുറിക്കു കൊള്ളുന്നത് പോലെ പറയാനറിയില്ല. എന്നിട്ടല്ലെ ജനകീയ പ്രശ്നങ്ങളില്‍ ഇടപെടുന്നത്. ദുര്‍ബലമായ ഹൈക്കമാന്‍ഡിന് കീഴില്‍ അതിലും ദുര്‍ബലമായ കെ.പി.സി.സി. നാലാളെ കൂട്ടാനറിയുന്നത് ഉമ്മന്‍ചാണ്ടിക്ക് മാത്രം. ഒ.സിയാവട്ടെ ഹൈക്കമാന്‍ഡിനെ ഇടയ്ക്കിടെ വിരട്ടുന്നു. പിന്നെ ജോലി സോളാര്‍ കമ്മീഷന്‍ സിറ്റിങില്‍ സരിത നായരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കി നടപ്പാണ്.
പണ്ടേ ദുര്‍ബല ഇപ്പോള്‍ ഗര്‍ഭിണി. ഇനി സംഘടന തിരഞ്ഞെടുപ്പ് കൂടി കഴിയുമ്പോള്‍ കോണ്‍ഗ്രസിന്റെ സ്ഥിതി എന്തെന്നറിയില്ല. അത് കൊണ്ടു തല്‍ക്കാലം താനും പാര്‍ട്ടിയും ഐക്യമുന്നണിയിലേക്ക് ഇല്ലെന്ന് മാണി വ്യക്തമാക്കുന്നത്. മുന്നണിയിലേക്ക് തിരികെ പോയാല്‍ ബാര്‍ കോഴ പിടലിക്കിരിക്കും. ഇനി വയസാം കാലത്ത് അഴിയെണ്ണാനാവില്ല. അതോണ്ട് മണ്ടത്തരത്തിന് മാണി തല്‍ക്കാലം മുതിരില്ല.
മാണിയോട് മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനുമെല്ലാം പണ്ടേയ്ക്ക് പണ്ടേ ബല്യ സ്നേഹമാണ്. ഇടയ്ക്ക് സമ്മന്തം കൂടുന്നതിന്റെ അടുത്തവരെ എത്തിയതാണ്. ഉമ്മന്‍ചാണ്ടിയുടെയും തിരുവഞ്ചൂരിന്റെയും വവാക്ക് വിശ്വസിച്ച് പുത്രന്‍ പരിച പിടിച്ചതാണ് ചുവടു പിഴപ്പിച്ചത്. വീണ്ടും അടുക്കാന്‍ ശ്രമിച്ചപ്പോഴേക്കും ബാര്‍ കോഴയും നോട്ടെണ്ണല്‍ യന്ത്രവുമെല്ലാം തലയ്ക്ക് വെച്ചു കെട്ടി കൊടുത്തു രമേശ് ചെന്നിത്തലയുടെ പോലിസ്. ബാര്‍ കോഴയില്‍ നിന്നും തലയൂരി നല്‍കിയാല്‍ ഇടത്തോട്ട് ചാടിക്കയറാന്‍ അധ്വാന വര്‍ഗ സിദ്ധാന്തക്കാരന് ഒരു മടിയുമില്ല.
പിണറായി സര്‍ക്കാരിന് നാല് വര്‍ഷം നീണ്ടു നിവര്‍ന്ന് കിടക്കയല്ലെ. പിന്നെ എന്തൂട്ട് യു.ഡി.എഫ്. മറ്റൊന്ന് ബി.ജെ.പിയുടെ കാവി തണലിനോടും മമതയില്ലാതില്ല. സഭ ഒന്നു തലകുലുക്കിയാല്‍ പുത്രനെ കേന്ദ്ര മന്ത്രിയാക്കി മോദിയോടും അമിത് ഷായോടും ഒപ്പം ചാടിക്കയറി ഇരിക്കാനും മടിയില്ല. നേട്ടമാകുന്ന നിരവധി അവസരങ്ങളുടെ വാതയാനങ്ങള്‍ തുറന്നു കിടക്കുമ്പോഴാണ് ഇങ്ങട്ട് പോന്നോളൂ പോന്നോളൂ എന്ന് മാണിയെ ബാസു കൂട്ടി താല്‍ക്കാലികക്കാരനായ ഹസന്‍ നെഞ്ചത്തടിച്ച് വിളിക്കുന്നത്. ഹസനല്ല സാക്ഷാല്‍ സോണിയാഗാന്ധി വിളിച്ചാലും പാലായുടെ ഉടയതമ്പുരാന്‍ കരിങ്ങോഴക്കല്‍ മാണി തല്‍ക്കാലം എങ്ങോട്ടുമില്ല.