മൂന്നാറില്‍ സി.പി.എം സി.പി.ഐ ചക്കളത്തിപ്പോരിനിടയില്‍ വന്‍കിട കയ്യേറ്റക്കാര്‍ രക്ഷപ്പെടുന്നു: രമേശ് ചെന്നിത്തല

തിരുവനന്തപുരം: മൂന്നാറില്‍ കയ്യേറ്റം ഒഴിപ്പിക്കുന്നതിന്റെ പേരില്‍ സി.പി.എമ്മും സി.പി.ഐയും തമ്മില്‍ നടക്കുന്ന ചക്കളത്തിപ്പോരാട്ടത്തിനിടയില്‍ വന്‍കിട കയ്യേറ്റക്കര്‍ രക്ഷപ്പെട്ട് പോകുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുമെന്ന് സി.പി.ഐയുടെ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. അതേ സമയം മുഖ്യമന്ത്രിയാകട്ടെ ദുരൂഹമായ മൗനം തുടരുന്നു. കയ്യേറ്റം ഒഴിപ്പിക്കാന്‍ വരുന്നവരെ കൈകാര്യം ചെയ്യുമെന്ന നിലപാടിലാണ് സി.പി.എം പ്രാദേശിക നേതൃത്വം. ഇത് കാരണം ഒഴിപ്പിക്കും, ഒഴിപ്പിക്കും എന്ന് പറയുന്നതല്ലാതെ ഒഴിപ്പിക്കല്‍ നടപടികള്‍ ഒരിഞ്ച് മുന്നോട്ട് നീങ്ങുന്നില്ല. ഭരണ മുന്നണിയിലെ രണ്ട് പ്രമുഖ ഘടക കക്ഷികള്‍ തമ്മിലുള്ള നാടകം കളിക്കിടയില്‍ വന്‍കിട റിസോര്‍ട്ട് മാഫിയകള്‍ ഉള്‍പ്പടെയുള്ള വന്‍കിട കയ്യേറ്റക്കാര്‍ രക്ഷപ്പെട്ട് പോകുന്നു.

മൂന്നാറില്‍ കുടിയേറ്റവും കയ്യേറ്റവും രണ്ടായി വേണം കാണാന്‍. മൂന്ന് മുതല്‍ പത്തും സെന്റില്‍ വര്‍ഷങ്ങളായി വീട് വച്ച് താമസിക്കുന്ന കര്‍ഷകരെയും തൊഴിലാളികളെയും, ചെറുകിട കച്ചവടക്കാരെയും സാധാരണക്കാരെയും ഇറക്കിവിടരുത്. അതേ സമയം വന്‍കിട കയ്യേറ്റക്കാരെ നിര്‍ദാക്ഷണ്യം ഒഴിപ്പിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.