മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരേ ഫേസ്ബുക്ക് പോസ്റ്റിട്ടു: അസി. എക്സൈസ് ഇന്‍സ്പെക്ടറെ ഋഷിരാജ് സിങ് സസ്പെന്റ് ചെയ്തു
തിരുവനന്തപുരം: മുഖ്യമന്ത്രിയെയും മന്ത്രിമാരെയും രാഷ്ട്രീയ നേതാക്കളെയും ആക്ഷേപിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട എക്സൈസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍. പയ്യന്നൂര്‍ റേഞ്ചിലെ അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ ടി.വി രാമചന്ദ്രനെയാണ് എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് സര്‍വീസില്‍ നിന്നു സസ്പെന്റ് ചെയ്തത്. ഔദ്യോഗിക കൃത്യനിര്‍വ്വഹണ സമയത്തു ഫേസ്ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ മാധ്യമങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ലെന്നും ഇത്തരം മാധ്യമങ്ങളിലൂടെ സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തുന്ന വാര്‍ത്തകളോ ചിത്രങ്ങളോ പോസ്റ്റു ചെയ്യാനോ ഷെയര്‍ ചെയ്യാനോ പാടില്ലെന്നുമുള്ള സര്‍ക്കാര്‍ ഉത്തരവ് അവഗണിച്ചു ടി.വി രാമചന്ദ്രന്‍ കഴിഞ്ഞ കുറച്ചു നാളായി ഇത്തരം പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു വന്നത്. ഇതു സംബന്ധിച്ച പത്രവാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ എക്സൈസ് കമ്മീഷണര്‍ അന്വേഷണം നടത്തി അച്ചടക്ക നടപടി സ്വീകരിക്കുകയായിരുന്നു. മേലില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകരുതെന്നു കമ്മീഷണര്‍ കര്‍ശന നിര്‍ദേശം നല്‍കി.