ആമിയില്‍ നിന്ന് വിദ്യാബാലന് പിന്മാറിയതിന്റെ കാരണം
കമലാ സുരയ്യയുടെ ജീവിതകഥ പറയുന്ന കമലിന്റെ ആമിയില്‍ നിന്നും വിദ്യാബാലന് പിന്മാറിയതിനെ കാരണം വെളിപ്പെടുത്തി താരം. പ്രതീക്ഷിച്ച രീതിയില്‍ തന്റെ കഥാപാത്രവും ചിത്രവും വികസിച്ചില്ലെന്ന പേരില്‍ ആമി ടീമുമായി ഉണ്ടായ അഭിപ്രായവ്യത്യാസമാണ് സിനിമയില്‍ നിന്ന് പിന്മാറാന് കാരണമെന്നാണ് വിദ്യാബാലന് പറയുന്നത്.
തിരക്കഥ പൂര്‍ത്തിയായപ്പോഴാണ് കഥാപാത്രത്തിന് പൂര്‍ണത വന്നിട്ടില്ലെന്ന് തിരിച്ചറിഞ്ഞത്. ആമി ടീമിനെ ഇക്കാര്യം അറിയിച്ചെങ്കിലും മാറ്റാന്‍ പറ്റില്ലെന്ന് അറിയിക്കുകയായിരുന്നു. എന്നാല്‍ ആവേശത്തോടെയാണ് കമലാ സുരയ്യയുടെ വേഷം ചെയ്യാന്‍ തീരുമാനിച്ചിരുന്നതെന്നും താരം വ്യക്തമാക്കി.
എഴുത്തുകാരി കമലാ സുരയ്യയുടെ ജീവിതകഥ പറയുന്ന ചിത്രത്തില്‍ നായികയായി ആദ്യം നിശ്ചയിച്ചിരുന്നത് ബോളിവുഡ് താരം വിദ്യാബാലനെയായിരുന്നു. ചിത്രീകരണം തുടങ്ങുന്നതിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ വിദ്യാബാലന് ചിത്രത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. ഈ സംഭവങ്ങള്‍ക്കു ശേഷം ആമിയായി നടി മഞ്ജു വാര്യരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.