ഭൂമിയുടെ അരികിലൂടെ ഒരു ക്ഷുദ്രഗ്രഹം കടന്നുപോകുന്നു ; ഭയക്കുവാന്‍ ഒന്നുമില്ല എന്ന് നാസ
ഭൂമിക്ക് 18 ലക്ഷം കിലോമീറ്റര്‍ അടുത്തുകൂടെ ഇന്ന് ഒരു ക്ഷുദ്രഗ്രഹം കടന്നുപോകും. 2014ജെ.ഒ.25 എന്നു പേരുള്ള ക്ഷുദ്രഗ്രഹത്തിന് 2000 അടി നീളമുണ്ട്. ക്ഷുദ്രഗ്രഹം ഭൂമിക്ക് ഏറ്റവും അടുത്തുകൂടിയാകും കടന്ന പോകുക എങ്കിലും കൂട്ടിഇടിക്ക് സാധ്യതയില്ല എന്ന് നാസ അറിയിച്ചു.ചെറിയ ക്ഷുദ്രഗ്രഹങ്ങള്‍ ആഴ്ചയില്‍ പലവട്ടം ഈ അകലത്തിലൂടെ കടന്നുപോകാറുണ്ട്. എന്നാല്‍, ഇത്രവലിയ ക്ഷുദ്രഗ്രഹം കടന്നുപോവുന്നത് അപൂര്‍വമാണെന്ന് നാസ പറഞ്ഞു. 400 വര്‍ഷം മുമ്പാണ് ഭൂമിയുടെ അയല്‍ക്കാരായി 2014ജെ.ഒ.25 ആദ്യം എത്തിയത്. ഇന്ന് കടന്ന് പോയാല്‍ പിന്നെ 2600 ൽ വീണ്ടും എത്തുമെന്നാണ് പറയുന്നത്. വിശിഷ്ടമായ ഒരു ദിവസം എന്നാണു ശാസ്ത്രലോകം ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. ഇത്രയും വലിപ്പമുള്ള ക്ഷുദ്രഗ്രഹം ഇനി 2027-ലേ ഭൂമിയോട് അടുത്തെത്തൂ. 1999എ.എന്‍.10 ആണത്. ചെറിയ ഒപ്റ്റിക്കല്‍ ദൂരദര്‍ശനിയിലൂടെ ഒന്നോ രണ്ടോ രാത്രികളില്‍ ഇതിനെ കാണാന്‍ സാധിക്കുമെന്നും നാസ അറിയിച്ചു.