ബാബറി മസ്ജിദ് ; അദ്വാനിയടക്കമുള്ളവര്‍ വിചാരണ നേരിടേണ്ടി വരും
ബാബറി മസ്ജിദ് കേസില്‍ മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനി അടക്കമുള്ളവര്‍ വിചാരണ നേരിടണമെന്ന് സുപ്രീം കോടതി. അദ്വാനിക്ക് പുറമെ മുതിര്‍ന്ന നേതാക്കളായ മുരളി മനോഹര്‍ ജോഷി, ഉമാ ഭാരതി എന്നിവര്‍ അടക്കമുള്ള 13 പേര്‍ വിചാരണ നേരിടണമെന്നാണ് സുപ്രീം കോടതി വിധി. നേതാക്കള്‍ക്ക് എതിരായ ഗൂഢാലോചനക്കുറ്റം സുപ്രീം കോടതി പുനഃസ്ഥാപിച്ചു. അതേസമയം കേസിലെ പ്രതിയായ ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി കല്യാണ്‍ സിങ് നിലവില്‍ രാജസ്ഥാന്‍ ഗവര്‍ണര്‍ ആണ്. ഭരണഘടനാ പദവിയില്‍ ഇരിക്കുന്ന ആളായതിനാല്‍ കല്യാണ്‍ സിങ്ങിനെ വിചാരണ നേരിടുന്നതില്‍ നിന്ന് താല്‍കാലികമായി കോടതിഒഴിവാക്കിയിട്ടുണ്ട്. ഗവര്‍ണര്‍ പദവിയില്‍ നിന്ന് മാറുമ്പോള്‍ കല്യാണ്‍ സിങ് വിചാരണ നേരിടണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. 1992 ലാണ് ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട രണ്ട് കേസുകളില്‍ വിചാരണ നടക്കുന്നുണ്ട്. ഗൂഢാലോചന കേസിന് പുറമെ മസ്ജിദ് തകര്‍ത്ത സംഭവത്തിലാണ് രണ്ടാമത്തെ കേസ്. ഈ രണ്ട് കേസുകളിലും ഒരുമിച്ച് വിചാരണ നടത്തണമെന്നും സുപ്രീം കോടതി ഉത്തരവിട്ടിട്ടുണ്ട്. മസ്ജിദ് തകര്‍ക്കല്‍ കേസ് റായ്ബറേലി കോടതിയിലും ഗൂഢാലോചന കേസ് ലക്‌നോ കോടതിയുമാണ് വിചാരണ നടന്നിരുന്നത്. വിചാരണ നേരിടണമെന്ന് സുപ്രീംകോടതി ഉത്തരവിട്ട പ്രതികളിലൊരാളായ ഉമാഭാരതി നിലവില്‍ നരേന്ദ്ര മോദി സര്‍ക്കാറില്‍ ജലവിഭവ മന്ത്രിയാണ്. 25 വര്‍ഷങ്ങളായി വിവിധ കോടതികളില്‍ ഇഴഞ്ഞു നീങ്ങിയിരുന്ന ബാബരി മസ്ജിദ് തകര്‍ക്കലുമായി ബന്ധപ്പെട്ട കേസുകളിലാണ് സുപ്രീംകോടതി വിധിയോടെ വേഗത വന്നിരിക്കുന്നത്.