സിനിമാ നടിയെ കൂട്ടുപിടിച്ച് കൊച്ചിയില്‍ നിന്നും അരക്കോടി പറ്റിച്ചവനാണ് സുകേഷ് ചന്ദ്രശേഖർ
കൊച്ചി: എഐഎഡിഎംകെയുടെ രണ്ടില ചിഹ്നത്തിന് കൈക്കൂലി നല്‍കാന്‍ ഇടനില നിന്ന സുകേഷ് ചന്ദ്രശേഖര്‍ സിനിമാ നടിയെ കൂട്ടുപിടിച്ച് കൊച്ചിയില്‍ നിന്നും അരക്കോടി തട്ടിച്ച കേസില്‍ കേരളാ പോലീസ് അന്വേഷിക്കുന്ന പ്രതി. നടി ലീന മരിയ പോളുമായി ചേര്‍ന്ന് ടെക്‌സ്‌റ്റൈല്‍ സ്ഥാപനത്തെ കബളിപ്പിച്ച് അരക്കോടിയിലധികം രൂപ തട്ടിയെടുത്ത കേസിലാണ് ഇയാളെ പൊലീസ് അന്വേഷിച്ചിരുന്നത്. കൂട്ടുപ്രതിയും നടിയുമായ നീന മരിയ പോളുമായി ചോര്‍ന്നാണ് നാലുവര്‍ഷം മുന്‍പ് കൊച്ചിയില്‍ തട്ടിപ്പ് നടത്തിയത്. ഇടപ്പളളിയില്‍ പ്രവര്‍ത്തിച്ചിരുന്ന ടെക്‌സ്‌റ്റൈല്‍ സ്ഥാപനത്തിന് പരസ്യം നല്‍കാം എന്ന പേരിലായിരുന്നു അറുപത് ലക്ഷം രൂപ വാങ്ങിയത്. ലീന മരിയ പോളുമായെത്തിയായിരുന്നു സുകേഷ് പണവുമായി കടന്നത്. ടെക്‌സ്‌റ്റൈല്‍ ഉടമയുടെ പരാതിയില്‍ കളമശേരി പൊലീസാണ് കേസെടുത്തിരുന്നത്. പിന്നീട് മറ്റ് തട്ടിപ്പുകേസുകളില്‍ ഡല്‍ഹിയിലെ ഫാം ഹൗസില്‍വെച്ച് നടിയെ പിടികൂടിയെങ്കിലും സുകേഷ് രക്ഷപെട്ടു.
ഇതിനിടെ എ ഐ എഡിഎംകെ നേതാവ് ടിടിവി ദിനരകരന്‍ ഉള്‍പ്പെട്ട കൈക്കൂലി കേസിന്റെ അന്വേഷണം കൊച്ചിയിലേക്കും നീളുകയാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കാനുളള കോടിക്കണക്കിന് രൂപ കൊച്ചിയിലെ ഹവാല റാക്കറ്റ് വഴിയാണ് ഡല്‍ഹിയില്‍ സുകേഷ് ചന്ദ്രശേഖറിന്റെ കൈവശം എത്തിച്ചതെന്നാണ് വിവരം. രാജ്യത്തെ നിരവധി തട്ടിപ്പ് കേസുകളില്‍ പ്രതിയാണ് ഡല്‍ഹി പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്ന് കഴിഞ്ഞ ദിവസം അറസ്റ്റിലായ സുകേഷ് ചന്ദ്രശേഖര്‍. പല സംസ്ഥാനങ്ങളിലെയും പോലീസ് ഇയാള്‍ക്കായി അന്വേഷണം നടത്തി വരികയായിരുന്നു.