സൈനികര്‍ക്ക് മോശം ഭക്ഷണമെന്ന് പരാതിപ്പെട്ട ജവാന്റെ ഉള്ള ഭക്ഷണവും പോയി
ന്യൂഡല്‍ഹി: സൈനികര്‍ക്ക് മോശം ഭക്ഷണമാണ് നല്‍കുന്നതെന്ന് സോഷ്യല്‍ മീഡിയയിലൂടെ പരസ്യപെടുത്തിയ ബി.എസ്.എഫ് ജവാന് തേജ് ബഹദൂര്‍ യാദവിനെ സൈന്യത്തില്‍ നിന്ന് പിരിച്ചുവിട്ടതായി റിപ്പോര്‍ട്ട്. സൈനിക തലത്തിലെ സ്റ്റാഫ് കോര്‍ട്ട് അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് വിവരം.
അതേസമയം യാദവിന് വിധിക്കെതിരെ മൂന്നു മാസത്തിനകം കോടതിയില്‍ അപ്പീല്‍ നല്‍കാം. മേലുദ്യോഗസ്ഥര്‍ക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് ഇയാള്‍ ഉന്നയിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി സൈന്യം രേഖപ്പെടുത്തി. എന്നാല്‍ 20 വര്‍ഷമായി സൈന്യത്തില്‍ ജോലിചെയ്യുന്ന യാദവ് വിചാരണക്കിടെ സ്വയം വിരമിക്കലിനുള്ള അപേക്ഷ സമര്‍പ്പിച്ചുവെങ്കിലും കോടതി അംഗീകരിച്ചിരുന്നില്ല. രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന എല്ലാ ജവാന്മാര്ക്കും വേണ്ടിയായിരുന്നു തന്റെ പോരാട്ടം അതുകൊണ്ട് നടപടിക്കെതിരെ കോടതിയെ സമീപിക്കാനാണ് ഉദ്ദേശമെന്ന് യാദവ് പ്രതികരിച്ചു.
ഈ വര്‍ഷം ജനുവരി ഒമ്പതിനാണ് തേജ് യാദവ് ഫേസ്ബുക്ക് വീഡിയോയിലൂടെ സൈന്യത്തിന് ലഭിക്കുന്ന മോശം ഭക്ഷണത്തെക്കുറിച്ച് പറഞ്ഞത്. പട്ടാളക്കാര്‍ക്ക് നല്കുന്ന ഭക്ഷണം മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വകമാറ്റി ഉപയോഗിക്കുകയാണെന്ന ഗുരുതര ആരോപണവും അദ്ദേഹം ഉന്നയിച്ചിരുന്നു. സംഭവം വന്‍ വിവാദമായതോടെ യാദവിനെ ജമ്മുവിലെ തന്നെ മറ്റൊരു ബി.എസ്.എഫ് ബറ്റാലിയനിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഇതിനിടെ ജവാനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹത്തിന്റെ കുടുംബം സൈനിക മേധാവിക്ക് പരാതി നല്‍കിയിരുന്നു.