കട്ടപ്പായ്ക്ക് എതിരെ കര്‍ണ്ണാടക ; കര്‍ണ്ണാടകയിലെ ബാഹുബലി 2 റിലീസ് തടയുവാന്‍ തയ്യാറായി രാഷ്ട്രീയ സംഘടനകള്‍
ബംഗളുരു : ഇന്ത്യന്‍ സിനിമയുടെ മുഖച്ഛായ മാറ്റിയ ചിത്രമായിരുന്നു ബാഹുബലി. 250 കോടി മുടക്കി തിയറ്ററുകളില്‍ എത്തിയ ചിത്രം സംവിധാനം ചെയ്തത് രാജമൌലിയാണ്. ഹോളിവുഡ് സിനിമയ്ക്ക് ഇന്ത്യയുടെ മറുപടിയായിരുന്നു ബാഹുബലി. ചിത്രത്തിന്റെ രണ്ടാം ഭാഗം ഈ മാസം റിലീസിന് തയ്യാറെടുക്കുകയാണ്. ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം എന്നാല്‍ കര്‍ണ്ണാടകയില്‍ റിലീസ് ചെയ്യിക്കില്ല എന്നാണു കര്‍ണ്ണാടകയിലെ വിവിധ രാഷ്ട്രീയ സംഘടനകള്‍ പറയുന്നത്. ചിത്രത്തിലെ കട്ടപ്പായുടെ കഥാപാത്രത്തെ അവതരിപ്പിച്ച തമിഴ് സിനിമാ താരം സത്യരാജിനെതിരെ എന്ന നിലയിലാണ് പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്. ഒന്‍പതുവര്‍ഷങ്ങള്‍ക്ക് മുന്‍പ് കാവേരി വിഷയത്തില്‍ സത്യരാജ് നടത്തിയ അഭിപ്രായമാണ് ഇപ്പോള്‍ പ്രതിഷേധത്തിനു കാരണമായിരിക്കുന്നത്. സത്യരാജ് കര്‍ണ്ണാടകയെയും ഇവിടുള്ള ജനങ്ങളെയും പരിഹസിച്ചു എന്നും അതുകൊണ്ടുതന്നെ അയാള്‍ അഭിനയിച്ച ചിത്രം കര്‍ണ്ണാടകയില്‍ പ്രദര്‍ശനം നടത്തുവാന്‍ സമ്മതിക്കില്ല എന്നുമാണ് അവര്‍ പറയുന്നത്. അതേസമയം ഈ കാലയളവിനകത്ത് 35 ഓളം സിനിമകള്‍ സത്യരാജിന്റേതു എന്ന നിലയില്‍ കര്‍ണ്ണാടകയില്‍ റിലീസ് ആയിരുന്നു.അതുപോലെ ബാഹുബലി ഒന്നാംഭാഗം രണ്ടുവര്‍ഷം മുന്‍പ് നിറഞ്ഞോടിയ തിയറ്ററുകളാണ് കര്‍ണ്ണാടകയിലേത്. അങ്ങനെ നോക്കുകയാണ് എങ്കില്‍ വില കുറഞ്ഞ പബ്ലിസിറ്റിക്ക് വേണ്ടിയാണ് രാഷ്ട്രീയക്കാരുടെ ഈ നാടകം എന്ന് വ്യക്തം. രണ്ടായിരത്തില്‍ പരം സംഘടനകളാണ് ഇതിനായി അണിനിരക്കുന്നത് എന്നും അറിയുന്നു. സിനിമ റിലീസ് ചെയ്യുന്ന അന്ന് ബന്ദ് നടത്തുവാനാണ് പാര്‍ട്ടികളുടെ തീരുമാനം. അതേസമയം വിഷയത്തില്‍ വിശദീകരണവുമായി സംവിധായകന്‍ രാജമൌലി തന്നെ രംഗത്ത് വന്നുകഴിഞ്ഞു.