മൂന്നാറില്‍ കുരിശ് പൊളിച്ച് കൈയേറ്റം ഒഴിപ്പിക്കലിന് തുടക്കം ; വിശ്വാസികളുടെ എതിര്‍പ്പിനെ നേരിടാന്‍ നിരോധനാജ്ഞ

മൂന്നാര്‍: മൂന്നാറിലെ സര്‍ക്കാര്‍ ഭൂമിയിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിന് കുരിശ് പൊളിച്ച് തുടക്കമായി. സൂര്യനെല്ലിക്ക് സമീപം പാപ്പാത്തിചോലയില്‍ സ്ഥാപിച്ച കൂറ്റന്‍ കുരിശ് റവന്യൂ അധികൃതര്‍ നീക്കം ചെയ്തു തുടങ്ങി. സര്‍ക്കാര്‍ ഭൂമി കൈയേറിയാണ് ഇവിടെ കുരിശ് സ്ഥാപിച്ചതെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ദേവികുളം തഹസീല്‍ദാരുടെ നേതൃത്വത്തിലാണ് ഒഴിപ്പിക്കല്‍. ഇന്ന് പുലര്‍ച്ചെ 4.50 ഓടെയാണ് ഒഴിപ്പിക്കല്‍ നടപടികള്‍ക്കായി ഉന്നത റവന്യൂ ഉദ്യോഗസ്ഥരും പോലിസ് സംഘവും സ്ഥലത്തെത്തിയത്.

കൈയേറ്റ സ്ഥലത്തേക്കുള്ള വഴിയില്‍ വാഹനങ്ങള്‍ നിറുത്തിയിട്ട് േൈകയേറ്റക്കാര്‍ മാര്‍ഗ തടസം സൃഷ്ടിച്ചിരുന്നു. എന്നാല്‍, ജെ.സി.ബി ഉപയോഗിച്ച് വാഹനങ്ങള്‍ അധികൃതര്‍ നീക്കി. ഒഴിപ്പിക്കലിനെ വിശ്വാസികള്‍ എതിര്‍ക്കുമെന്നത് മുന്നില്‍ കണ്ട് സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. വന്‍ പോലിസ് സന്നാഹവും സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്.

മൂന്നാം തവണയാണ് കൈയേറ്റം ഒഴിപ്പിക്കാന്‍ റവന്യൂ സംഘം ഇവിടെ എത്തിയത്. ചിന്നക്കനാല്‍ ഭാഗത്തെ 34/1 എന്ന സര്‍വെ നമ്പരിലുളള സ്ഥലമാണിത്. ഇവിടെ നിലവില്‍ സര്‍ക്കാര്‍ ആര്‍ക്കും ഭൂമി പതിച്ചു നല്‍കിയിട്ടില്ല. ഇവിടെയാണ് വലിയ ഇരുമ്പ് ഗര്‍ഡറില്‍ കോണ്‍ക്രീറ്റില്‍ ഉറപ്പിച്ച കൂറ്റന്‍ കുരിശ് സ്ഥാപിച്ചത്. ഇതിനു ചുറ്റുമുളള ഏക്കര്‍ കണക്കിന് സ്ഥലവും കൈയേറ്റക്കാര്‍ സ്വന്തമാക്കിയിട്ടുണ്ട്. കൂടാതെ ഇവിടെ ഒരു ചെറിയ കെട്ടിടവും നിര്‍മിച്ചിരുന്നു.

കുരിശ് സ്ഥാപിച്ചുളള കൈയേറ്റം കണ്ടെത്തിയതിനെ തുടര്‍ന്ന് ഉടുമ്പന്‍ചോല അഡീഷണല്‍ തഹസില്‍ദാര്‍ ദേവികുളം സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമന് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് നേരത്തെ കൈമാറിയിരുന്നു. തുടര്‍ന്ന് കുരിശ് പൊളിച്ചുമാറ്റി സ്ഥലം ഒഴിപ്പിക്കാന്‍ സബ് കലക്ടര്‍ ഉത്തരവിട്ടു. ഇതിനായി അഡീഷണല്‍ തഹസില്‍ദാരും സംഘവും നേരത്തെ സ്ഥലത്തെത്തിയെങ്കിലും കൈയേറ്റക്കാര്‍ തടഞ്ഞു.

നാലടിയോളം ഉയരത്തില്‍ കോണ്‍ക്രീറ്റ് ഉപയോഗിച്ചാണ് കുരിശ് സ്ഥാപിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ ഇത് ഇളക്കി മാറ്റുക ശ്രമകരമായ ജോലിയാണ്. കുരിശിന് സമീപത്തെ കെട്ടിടവും പൊളിച്ചു നീക്കി. വിശ്വാസികളില്‍ നിന്ന് ഇതുവരെ എതിര്‍പ്പൊന്നും അധികൃതര്‍ക്ക് നേരിടേണ്ടി വന്നിട്ടില്ല.