കുരിശ് എന്തു പിഴച്ചു ; കൈയേറ്റം ഒഴിപ്പിക്കലില്‍ സര്‍ക്കാരിനു കുരിശുവഹിക്കാന്‍ താല്‍പര്യമില്ലെന്ന് മുഖ്യമന്ത്രി
കോട്ടയം: കേരളത്തിലെ സര്‍ക്കാരിനു കുരിശുവഹിക്കാന്‍ താല്‍പര്യമില്ല. മൂന്നാറിലെ സൂര്യനെല്ലി പാപ്പാത്തിച്ചോലയില്‍ റവന്യൂ ഭൂമി കൈയേറി നിര്‍മിച്ച കുരിശ് പൊളിച്ച് നീക്കിയതില്‍ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് മുഖ്യമന്ത്രി. കൈയേറ്റം ഒഴിപ്പിക്കല്‍ നടപടികളില്‍ ജില്ലാ ഭരണകൂടത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ ശാസിച്ചു.
സര്‍ക്കാര്‍ ഭൂമിയെന്ന് ഉറപ്പുണ്ടെങ്കില്‍ ബോര്‍ഡ് സ്ഥാപിച്ച ശേഷം നിയമ നടപടികള്‍ സ്വീകരിച്ചാല്‍ മതിയായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. നടപടികളില്‍ കൂടുതല്‍ ജാഗ്രതയും ശ്രദ്ധയും വേണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്.
താല്‍ക്കാലിക ടെന്റുകള്‍ക്കു തീയിട്ട നടപടിയും മുഖ്യമന്ത്രി വിമര്‍ശിച്ചു. ഇതിനു പിന്നാലെ കോട്ടയത്തെ സി.ഐ.ടി.യു സമ്മേളന സ്ഥലത്തുവച്ചും ഇക്കാര്യത്തിലുള്ള അതൃപ്തി മുഖ്യമന്ത്രി വ്യക്തമാക്കി. കുരിശ് എന്തുപിഴച്ചെന്നു ചോദിച്ച മുഖ്യമന്ത്രി, കൂടുതല്‍ ജാഗ്രത വേണ്ടിയിരുന്നുവെന്നും ചൂണ്ടിക്കാട്ടി.
വലിയൊരു വിഭാഗം കുരിശില്‍ വിശ്വസിക്കുന്നുണ്ട്. അതില്‍ കൈവയ്ക്കുമ്പോള്‍ സര്‍ക്കാരിനോടു ചോദിച്ചില്ല. 144 പ്രഖ്യാപിച്ചു ഭീകരാന്തരീക്ഷമുണ്ടാക്കി. സര്‍ക്കാര്‍ കുരിശിനെതിരെയാണെന്ന പ്രതീതി സൃഷ്ടിച്ചു. കേരളത്തിലെ സര്‍ക്കാരിനു കുരിശുവഹിക്കാന്‍ താല്‍പര്യമില്ല. എല്ലാം പരസ്യമായി പറയാനില്ല. ബാക്കി നാളെ തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്പിരിച്ച്വല്‍ ടൂറിസത്തിന്റെ മറവില്‍ നൂറിലേറെ ഏക്കര്‍ ഭൂമിയാണ് ഇവിടെ കൈയേറിയത്. തൃശൂര്‍ കുരിയച്ചിറ ആസ്ഥാനമായ സ്പിരിറ്റ് ഇന്‍ ജീസസ് എന്ന സംഘടനയാണ് പാപ്പാത്തിച്ചോലയില്‍ ഭൂമി കൈയേറി കുരിശ് സ്ഥാപിച്ചത്. കൈയേറ്റം സംബന്ധിച്ച് ആഭ്യന്തരവകുപ്പും റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.