വെമ്പള്ളിയിലെ കൊലപാതകം ; കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡണ്ടും സഹായിയും അറസ്റ്റില്‍

കുറവിലങ്ങാട് : കൊലപാതക കേസില്‍ കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡണ്ടും  സഹായിയും അറസ്റ്റില്‍. വെമ്പള്ളിയില്‍ കുടിവെള്ളവിതരണ വാഹനത്തിന്റെ ഡ്രൈവര്‍ കാണക്കാരി ചിറ്റക്കാട്ട് കിഴക്കേതില്‍ സി.എസ് ഷാബു(45)വിനെ ആക്രമിച്ചു കൊലപ്പെടുത്തിയ കേസിലാണ്   കേസിലെ മുഖ്യപ്രതി കോണ്‍ഗ്രസ് കടുത്തുരുത്തിബ്ലോക്ക് വൈസ്പ്രസിഡണ്ടുമായ പട്ടിത്താനം ചീക്കപ്പാറയില്‍ ജോണ്‍സണ്‍(54) ഡ്രൈവര്‍ മനീഷ്ഭവനില്‍ മണി(62)എന്നിവര്‍ അറസ്റ്റിലായത്.  കേസന്വേഷിക്കുന്ന വൈയ്ക്കം ഡിവൈഎസ്പി സുഭാഷ് കടുത്തുരുത്തി സി.ഐ കെ.പി തോംസണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇവരെ  അറസ്റ്റുചെയ്തത്.  തിങ്കളാഴ്ച രാവിലെ 7.30 ന് വെമ്പള്ളി വെള്ളാക്കല്‍ റോഡരുകിലെ വെള്ളം ഊറ്റുകേന്ദ്രത്തില്‍വച്ചുണ്ടായ സംഘര്‍ഷമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഘര്‍ഷത്തിനിടെ തലക്കുപിന്നില്‍ തടിക്കഷണത്തിനുള്ള അടിയേറ്റതിനേത്തുടര്‍ന്ന് ഷാബുവിന്റെതലച്ചോറില്‍ ഉണ്ടായആന്തരീകരക്തസ്രാവമാണ് മരണത്തിനിടിയാക്കിയതെന്ന് പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചനലഭിച്ചിരുന്നു. ഈസ്റ്റര്‍ദിനമായ തലേന്ന് ഞായറാഴ്ചയും പ്രതികളായവരും കൊല്ലപ്പെട്ട ഷാബുവും തമ്മില്‍ സംഘര്‍ഷം നടന്നിരുന്നു. ഷാബുവിന്റെ ലോറിയില്‍ 6000 ലിറ്റര്‍വെള്ളംസംഭരിക്കുന്ന ടാങ്കും ജോണ്‍സന്റെ ലോറിയില്‍ 4000 ലിറ്ററിന്റെ ടാങ്കുമാണ് ഘടിപ്പിച്ചിരുന്നത് കാണക്കാരി പഞ്ചായത്തിന്റെ ശുദ്ധജലവിതരണത്തിനുപുറമേ സ്വകാര്യ ആവശ്യങ്ങള്‍ക്കും ഷാബുവെള്ളം എത്തിച്ചുകൊടുത്തിരുന്നു ഇതിന് വിലകുറച്ചുവിറ്റിരുന്നത് മൂന്ന് ലോറികളുടെ ഉടമയായജോണ്‍സണെ പ്രകോപിപ്പിച്ചിരുന്നു. ഇതിനൊച്ചൊല്ലി പലവട്ടം ഇവര്‍തമ്മില്‍ വെള്ളം ഊറ്റുകേന്ദ്രത്തില്‍വച്ചു വഴക്കുണ്ടാക്കിയിരുന്നു. വിലയെച്ചൊല്ലി ഞായറാഴ്ച ഉണ്ടായ വഴക്കുംസംഘര്‍ഷവും തിങ്കളാഴ്ച പുലര്‍ച്ചയും ആവര്‍ത്തിച്ചു.തലയ്ക്കുപിന്നില്‍ അടിയേറ്റുവീണ ഷാബു  ചീക്കപ്പാറ ലോറിയുടമ ജോണ്‍സണും ഡ്രൈവര്‍ മണിയും ചേര്‍ന്ന് തന്നെ ആക്രമിച്ചുവെന്ന്  മൊബൈല്‍ഫോണില്‍ വിളിച്ച് അനുജനോട് പറഞ്ഞിരുന്നതായി പോലീസിന് മൊഴിലഭിച്ചിരുന്നു. സംഘര്‍ഷസ്ഥലത്തുനിന്നും ഓടിരക്ഷപെട്ട് വാഹനത്തില്‍കയറി രക്ഷപെട്ട ഷാബു 200 മീറ്റര്‍മാറി വെമ്പള്ളി പാലത്തിനുസമീപം ലോറിയുടെക്യാബിനില്‍തന്നെ അബോധാവസ്ഥയിലാവുകയായിരുന്നു. നാട്ടുകാര്‍വിവരം അറിയിച്ചതിനേത്തുടര്‍ന്ന് കുറവിലങ്ങാട് പൊലീസ് എത്തി അവരുടെ വാഹനത്തില്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും ഷാബുവിന്റെ ജീവന്‍ രക്ഷിക്കാനായില്ല. തലയ്ക്കുപിന്നില്‍ ഇടിയേറ്റഷാബുവിന്റെ ചെവിയില്‍ നിന്നും രക്തസ്രാവം ഉണ്ടായനിലയില്‍ കണ്ടെത്തിയിരുന്നു. പാലാ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.