മദ്യരഹിത കേരളം സ്വപ്‌നം മാത്രമോ : സംസ്ഥാനത്ത് അപകടകരമായ സ്ഥിതിയെന്ന് ഋഷിരാജ് സിങ്, 10 മാസത്തിനിടെ 23,000 അബ്കാരി കേസുകള്‍, 22,000 അറസ്റ്റ്
കൊച്ചി: മദ്യരഹിത കേരളം സൃഷ്ടിക്കാനുള്ള നടപടി കൊണ്ടു ഒരു കാര്യവുമില്ലേ. ഇല്ലെന്നാണ് എക്‌സൈസ് കമ്മീഷ്ണര്‍ ഋഷിരാജ് സിങിന്റെ അഭിപ്രായം. കണക്കുകള്‍ നിരത്തിയാണ് മദ്യവില്‍പനശാലകള്‍ക്ക് പൂട്ടു വീണത് മൂലം കേരളത്തില്‍ ഉടലെടുത്ത അപകടകരമായ സ്ഥിതിയെ ഋഷിരാജ് സിങ് വിലയിരുത്തുന്നത്.
കഴിഞ്ഞ 10 മാസത്തിനിടെ സംസ്ഥാനത്ത് എക്‌സൈസ് വകുപ്പ് 1.27 ലക്ഷം പരിശോധനകള്‍ നടത്തി. 23,600 അബ്കാരി കേസുകളിലായി 22,000 പേരെ അറസ്റ്റ് ചെയ്തു. 3600 എന്‍.ഡി.പി.എസ് കേസുകളിലായി 3900 പേര്‍ അറസ്റ്റിലായി. 10,400 ലിറ്റര്‍ അനധികൃത മദ്യം, 2780 ലിറ്റര്‍ സ്പിരിറ്റ്, 34200 ലിറ്റര്‍ വിദേശമദ്യം, 1.48 ലക്ഷം ലിറ്റര്‍ വാഷ്, 22,200 ലിറ്റര്‍ അരിഷ്ടം, 830 കിലോഗ്രാം കഞ്ചാവ്, 2892 കഞ്ചാവ് ചെടി, 135 ഗ്രാം ബ്രൗണ്‍ഷുഗര്‍, 2573 ലഹരി ഗുളിക എന്നിവ പിടികൂടി.
ഒരു വിഭാഗം മദ്യവില്‍പനശാലകള്‍ അടച്ചുപൂട്ടിയതു കൊണ്ട് സംസ്ഥാനത്ത് അപകടകരമായ സ്ഥിതിയാണ്. ലഹരി മരുന്നുകേസുകള്‍ നാലിരട്ടി വര്‍ധിച്ചു. ഇതു മദ്യശാലകള്‍ അടച്ചുപൂട്ടിയതിന്റെ ഫലമാണ്. കൂടുതല്‍ പേര്‍ ലഹരി മരുന്നുകളുടെ ഉപയോഗത്തിലേക്കു പോകുന്ന എന്നത് വസ്തുതയാണെന്നും സിങ് വ്യക്തമാക്കുന്നു.
സമ്പൂര്‍ണ മദ്യനിരോധനം പ്രായോഗികമല്ല. ഒരു സുപ്രഭാതത്തില്‍ ആളുകളുടെ ശീലം മാറ്റാന്‍ കഴിയില്ല. സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കിയ ഗുജറാത്തിലും ബിഹാറിലും വ്യാജമദ്യം കഴിച്ചു നിത്യേന 50 പേരെങ്കിലും മരിക്കുന്നുണ്ടെന്നും ഋഷിരാജ് സിങ് വ്യക്തമാക്കി.
മദ്യശാലകള്‍ ഏറ്റവും കൂടുതല്‍ അടച്ചുപൂട്ടിയത് കൊല്ലത്താണ്. കൊല്ലത്താണ് ഏറ്റവു കൂടുതല്‍ സ്പിരിറ്റ് പിടിച്ചതും. മദ്യശാലകള്‍ പൂട്ടിയതിന് പിന്നാലെ വ്യാജവാറ്റിനു വ്യാപകമായി ശ്രമം തുടങ്ങിയിട്ടുണ്ട്. അതിന്റെ ഭാഗമാണ് വന്‍തോതിലുള്ള സ്പിരിറ്റ് സംഭരണം. നാഷനല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുപ്രകാരം അമൃത്സര്‍ കഴിഞ്ഞാല്‍ ഏറ്റവുമധികം ലഹരിമരുന്നുപയോഗിക്കുന്ന നഗരം കൊച്ചിയാണെന്നും ഋഷിരാജ് സിങ് പറഞ്ഞു.
നാഷനല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ ആധാരമാക്കുന്നത് കേസുകളുടെ എണ്ണം മാത്രമാണ്. ഒരു ഗ്രാം കഞ്ചാവ് പിടിച്ചാലും കേരളത്തില്‍ കേസെടുക്കുന്നുണ്ട്. എന്നാല്‍ യു.പി പോലെയുള്ള സംസ്ഥാനങ്ങളില്‍ ഇങ്ങനെ കേസെടുക്കാറില്ല. മരണം നടന്നാല്‍ പോലും കേസെടുക്കാത്ത സംസ്ഥാനമാണു ഉത്തര്‍പ്രദേശെന്നും സിങ് വ്യക്തമാക്കി.
ലഹരി മരുന്നു മാഫിയ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നതായി കരുതുന്നില്ല. മിക്ക കേസുകളിലും ലഹരി മരുന്നു കൊടുക്കുന്നവനും വാങ്ങുന്നവനും പരസ്പരം അറിയുന്നു പോലുമില്ല.