യൂറോപ്യന്‍ യൂണിയന്‍ അംഗത്വം, ഇരട്ട പൗരത്വം ഉള്‍പ്പെടെ വിവിധ കാര്യങ്ങളില്‍ തുര്‍ക്കിയോട് ഓസ്ട്രിയയ്ക്ക് കടുത്ത എതിര്‍പ്പ്

വിയന്ന: ഇനിമുതല്‍ തുര്‍ക്കിയില്‍ നിന്നുള്ളവര്‍ക്ക് ഓസ്ട്രിയയില്‍ ഇരട്ടപൗരത്വമില്ല, തന്നെയുമല്ല ഉള്ളവര്‍ക്ക് അത് നഷ്ടപ്പെടുമെന്നും സൂചന. തുര്‍ക്കിയില്‍ എദോഗാന്‍ ഹിത പരിശോധന അതിജീവിച്ചതിനു പിന്നെലെയാണ് ഓസ്ട്രിയയിലെ ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം തുര്‍ക്കികള്‍ക്ക് ഇരുട്ടടിപോലെ എത്തിയത്.

ഓസ്ട്രിയന്‍ ആഭ്യന്തരമന്ത്രി വോള്‍ഫ്ഗാംഗ് സബോറ്റ്കയാണ് പുതിയ തീരുമാനങ്ങള്‍ പുറത്ത് വിട്ടത്. ഇരട്ട പൗരത്വം നേടിയ നേടിയ തുര്‍ക്കി വംശജര്‍ പിഴയൊടുക്കേണ്ടി വരുമെന്നും സൂചനയുണ്ട്. ഓസ്ട്രിയയിലുള്ള തുര്‍ക്കികള്‍ മാതൃരാജ്യത്ത് അനധികൃതമായി തുര്‍ക്കി പൗരത്വം കൂടി നേടിയത് മനസിലാക്കിയാണ് ഓസ്ട്രിയ സര്‍ക്കാര്‍ പുതിയ നിലപാടുകള്‍ സ്വീകരിച്ചത്. ഇത്തരക്കാര്‍ക്ക് പൗരത്വം നഷ്ടപ്പെടുന്നതുള്‍പ്പെടെ നല്ല തുക പിഴ ഒടുക്കേണിവരുമെന്നാണ് വിവരം.

അതിനിടയില്‍ തുര്‍ക്കിയോട് യൂറോപ്യന്‍ യൂണിയന്റെ അംഗത്വ സാധ്യതയെ ‘അടക്കം’ ചെയ്‌തേക്കുയാണ് നല്ലതെന്ന് രാജ്യത്തെ രാഷ്ട്രീയ നേതൃത്വം പറഞ്ഞു. തുര്‍ക്കി പ്രസിഡന്റ് റെസെപ് തയ്യിപ് എര്‍ദോഗന്‍ കൂടുതല്‍ അധികാരങ്ങള്‍ കൈക്കലാക്കാന്‍ നടത്തിയ അഭിപ്രായ വോട്ടെടുപ്പിനു ശേഷം യൂറോപ്യന്‍ യൂണിയന്‍ അംഗത്വം തുര്‍ക്കിയ്ക്കു കിട്ടാക്കനിയാകുമെന്നു ചാന്‍സലര്‍ ക്രിസ്റ്റ്യന്‍ കെര്‍ന്‍ അഭിപ്രായപ്പെട്ടു. ഒപ്പം മറ്റ് യൂറോപ്യന്‍ നേതാക്കളെപ്പോലെ, തുര്‍ക്കിയില്‍ വധശിക്ഷ പുനഃസ്ഥാപിക്കുന്നതിനുള്ള നീക്കത്തിനെതിരെയും അദ്ദേഹം സംസാരിച്ചു.

തുര്‍ക്കിയിലെ ഹിത പരിശോധന കഴിഞ്ഞപ്പോള്‍ ‘ഞങ്ങള്‍ ഒരു പുതിയ കാലഘട്ടത്തിലേക്ക് പ്രവേശിക്കുന്നു,’ എന്നാണ് ഒരു സോഷ്യല്‍ ഡെമോക്രാറ്റ് വിയന്നയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. അംഗത്വവുമായി മുന്നോട്ടു പോകാന്‍ തുര്‍ക്കിക്ക് യൂറോപ്യന്‍ യൂണിയന്‍ നല്‍കുന്ന സഹായം ഇപ്പോള്‍ അസാധുവായിരിക്കുകയാണ്, എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘സാധാരണഗതിയില്‍ ഞങ്ങള്‍ക്കു പഴയരീതിയിലേയ്ക്ക് എളുപ്പത്തില്‍ മടങ്ങിയെത്താന്‍ കഴിയുകയില്ല’ എന്നാണു വിദേശകാര്യമന്ത്രി സെബാസ്റ്റിയന്‍ കുര്‍സ് ഹിതപരിശോധനയ്ക്കു ശേഷം അഭിപ്രായപ്പെട്ടത്. യൂറോപ്യന്‍ യൂണിയനിലെ എന്‍ട്രി ചര്‍ച്ചകള്‍ അവസാനിപ്പിച്ച് പകരം അയല്‍രാജ്യ ഉടമ്പടി രൂപീകരിക്കാന്‍ ശ്രമിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

1963 മുതല്‍ യൂറോപ്യന്‍ യൂണിയനുമായി തുര്‍ക്കിയ്ക്കു സഹകരണ ഉടമ്പടി ഉണ്ട്. 1987 ഏപ്രില്‍ 14ന് തുര്‍ക്കി ഇയു അംഗത്വം ലഭിക്കാന്‍ അപേക്ഷിച്ചു. എന്നാല്‍ തുര്‍ക്കിയിലെ മനുഷ്യാവകാശ ലംഘനങ്ങളും ജനാധിപത്യ പ്രക്രിയക്കുമെതിരെ ബ്രസ്സല്‍സില്‍ ചോദ്യങ്ങളുണ്ടാകുകയും അംഗത്വ നപടികള്‍ അവതാളത്തിലാകുകയുമായിരുന്നു.