മൂന്നാറിലെ കയ്യേറ്റം ; സ്പിരിറ്റ് ഇന്‍ ജീസസ് സംഘടനയുമായി മുഖ്യമന്ത്രിയുടെ അവിശുദ്ധബന്ധം അന്വേഷിക്കണം എന്ന് കുമ്മനം
മൂന്നാറിലെ കയ്യേറ്റ വിഷയത്തില്‍ കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതില്‍ ജാതിയുടെയോ മതത്തിന്റെയോ വിശ്വാസങ്ങളുടെയോ പേരിലുള്ള വിവേചനം പാടില്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. കൂടാതെ സ്പിരിറ്റ് ഇന്‍ ജീസസ് എന്ന സംഘടനയുമായി മുഖ്യമന്ത്രിയ്ക്കുള്ള അവിശുദ്ധബന്ധം അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മൂന്നാറിലെ കൈയ്യേറ്റം ഒഴിപ്പിക്കലിനെപ്പറ്റി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പ്രസ്താവന അപലപനീയമാണ്. കൈയ്യേറ്റ ഭൂമിയിലെ കുരിശ് നീക്കംചെയ്ത രീതിയെയാണ് മുഖ്യമന്ത്രി വിമര്‍ശിച്ചത്. അദ്ദേഹം നേരത്തെ നടത്തിയ പ്രസ്താവനകള്‍ പലതും ഇത്തരത്തില്‍ ആയിരുന്നില്ലെന്നു അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ മതസംഘടനകളുടെയോ രാഷ്ട്രീയ പാര്‍ട്ടികളുടെയോ പിന്തുണ നോക്കാതെ കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിന് ശക്തമായ നടപടി സ്വീകരിക്കണമെന്നും കുരിശ് നീക്കിയതിനെ ക്രൈസ്തവ സഭകള്‍ അനുകൂലിച്ചിട്ടും മുഖ്യമന്ത്രി വികാരംകൊള്ളുന്നത് എന്തിനാണെന്ന് വ്യക്തമാക്കണമെന്നും കുമ്മനം ചോദിക്കുന്നു. മൂന്നാറിലെ കൈയ്യേറ്റ വിഷയം കേന്ദ്ര വനം പരിസ്ഥിതി മന്ത്രി അനില്‍ മാധവ് ധവെയുടെ ശ്രദ്ധയില്‍പ്പെടുത്തും. കേന്ദ്ര സംഘത്തെ അയയ്ക്കണമെന്ന് ആവശ്യപ്പെടുമെന്നും അദ്ദേഹം ഡല്‍ഹിയില്‍ ആവശ്യപ്പെട്ടു.