സുന്ദരമല്ലാത്തതായി നിങ്ങളുടെ ശരീരത്തില്‍ ഒന്നുമില്ല

ഡേറ്റിംഗ് ആപ്പുകളിലൂടെ കറങ്ങി നടക്കുന്ന സമയത്ത് ആദ്യം ചെയ്യാറുള്ളത് ആളുകള്‍ എന്താണ് അവരെക്കുറിച്ചും അവരുടെ ആഗ്രഹങ്ങളെക്കുറിച്ചും എഴുതിവെച്ചിട്ടുള്ളത് എന്ന് വായിക്കലാണ്. എന്നെ അത്ഭുതപ്പെടുത്തിയ ഒരു കാര്യം എന്താണെന്നു വെച്ചാല്‍ ചില കാര്യങ്ങള്‍, പ്രത്യേകിച്ചും ശരീരത്തെക്കുറിച്ചുള്ള ചില കണ്‍സെപ്റ്റുകള്‍ ഇതിലെ ഒരു വലിയ വിഭാഗം പ്രൊഫൈലുകളിലും അച്ചടിക്കോപ്പി പോലെ ആവര്‍ത്തിക്കാറുണ്ട് എന്നുള്ളതാണ്. അതില്‍ ചിലത് ഇതാണ്.
1) സ്‌ത്രൈണതയുള്ള ആളുകള്‍ മാറിനില്‍ക്കുക. താല്പര്യമില്ല.
2) തടിയന്മാരും പ്രായക്കൂടുതലുള്ളവരും മാറിനില്‍ക്കുക.
3) മെലിഞ്ഞ ആളുകളില്‍ താല്പര്യമേയില്ല.
4) നല്ല ശരീരമുള്ള പൊക്കവും പൗരുഷവുമുള്ള ആളുകള്‍ക്ക് സ്വാഗതം. ( വെളുത്തവരേയും കൂടി ഉള്‍പ്പെടുത്തുന്നു.)
മേള്‍പ്പറഞ്ഞ ശരീര സവിശേഷതകള്‍ ഉള്ള ആളുകളെ ഇവര്‍ അടുപ്പിക്കുക പോലുമില്ല. ഒരു സംസാരത്തിനു പോലും സ്‌പേസ് നല്‍കില്ല. ‘stay away’ എന്നാണ് സ്ഥിരമായി ഉപയോഗിച്ച് കണ്ടിട്ടുള്ളത്. അതായത് ഒരു വെര്‍ച്വല്‍ അയിത്തം നിങ്ങളുടെ ശരീരം നോക്കി കളിയാക്കി അപമാനിക്കുന്നതിനേക്കാള്‍ ഭീകരമാണ്, നിങ്ങള്‍ ഇത്തരത്തിലുള്ള ശരീരത്തിനുടമായണെങ്കില്‍ ഞാന്‍ നോക്കാന്‍ പോലും താല്പര്യപ്പെടുന്നില്ല എന്നത്. ഇങ്ങനെയിരിക്കുന്ന സമയത്താണ് ഇതേ ആപ്പില്‍ നിന്നും ഒരാളെ പരിചയപ്പെടുന്നത്. ഹലോയും ഹായും ഒക്കെ പറഞ്ഞ ഉടനെ അയാള്‍ പറഞ്ഞത് ഇതാണ്. ‘ശ്രദ്ധിക്കൂ.. ഞാന്‍ കുടവയറുള്ള, തടിയുള്ള, കറുത്തനിറമുള്ള, കഷണ്ടിയുള്ള മുപ്പത്തഞ്ച് വയസ്സില്‍ കൂടുതല്‍ പ്രായമുള്ള ഒരാളാണ്’ എന്നാണ്. തന്റെ ‘മോശപ്പെട്ട’ ശരീരത്തെക്കുറിച്ച് ‘കുറ്റം’ ഏറ്റുപറഞ്ഞ് അയാള്‍ക്ക് ഒരാളുമായി സംഭാഷണം തുടങ്ങേണ്ടി വരുന്നെങ്കില്‍ മേള്‍പ്പറഞ്ഞ ഓരോ സവിശേഷതകള്‍ കൊണ്ടും അയാള്‍ ആ സ്‌പേസില്‍ അപമാനിക്കപ്പെട്ടിട്ടുണ്ടാകും എന്നത് ഉറപ്പാണ്.
പറഞ്ഞ് വരുന്നത് ബോഡി ഷേമിംഗിന്റെ പുതിയ ‘സാദ്ധ്യതകളെ’ക്കുറിച്ചാണ്. സിക്‌സ്പാക്കിന്റെ ചുളിവുകള്‍ മാത്രമുള്ള ശരീരത്തിലേക്ക് തങ്ങളെ ഇറക്കി മെരുക്കി വെക്കാന്‍ നിര്‍ബന്ധിതരാവുന്ന ‘മോശപ്പെട്ട’ ശരീരമുള്ളവരെക്കുറിച്ചാണ്. ‘ആകെ ക്ഷീണിച്ച് പോയല്ലോ../ ഇത്തിരി തടിച്ചുവല്ലെ..’ എന്ന വളരെ നിഷ്‌ക്കളങ്കമെന്നു കരുതപ്പെടുന്ന കമന്റില്‍ നിന്നും തുടങ്ങുന്നതാണ്. ബോഡിയെക്കുറിച്ചുള്ള നിങ്ങളുടെ ആദ്യത്തെ അപകര്‍ഷതാബോധം പൊട്ടിമുളക്കുന്നത് അവിടെ നിന്നാണ്. ‘ആകെ കറുത്ത് പോയെന്നും’ കൂടി പറഞ്ഞാല്‍ പൂര്‍ണ്ണമായി! ശരീരത്തെ ഒരു കഴിവുകേടായി മാറ്റുകയാണിവിടെ. പുതുതായി ഞാന്‍ കേട്ടുകൊണ്ടിരിക്കുന്ന ഒരു കമന്റ് ‘കുണ്ടിക്ക് സൈസില്ലാത്ത നീയെങ്ങനെ ബെല്ലി ഡാന്‍സ് കളിക്കുന്നു’ എന്നതാണ്. ഇതിന്റെ വേറൊരു വെര്‍ഷന്‍ വണ്ണക്കൂടുതലുള്ള നര്‍ത്തകര്‍ സ്ഥിരമായി കേള്‍ക്കുന്നുണ്ടാകും – ഈ തടിയും വെച്ചിട്ടെങ്ങനെ സാധിക്കുന്നു എന്ന്! നിങ്ങള്‍ എന്ത് ചെയ്യുന്നു എന്നതല്ല ഇവരുടെയൊന്നും പ്രശ്‌നം. ഈ ശരീരം വെച്ചിട്ടെങ്ങനെ ചെയ്യുന്നു എന്നതാണ്. കാരണം ഇത്തരം ശരീരപ്രകൃതിയുള്ള ആളുകള്‍ വെറും എല്ലിന്‍ കൂടുകളോ ഇറച്ചിക്കഷണങ്ങളോ ആണല്ലോ നമുക്ക്. പക്ഷെ പറയാനുള്ളതിതാണ്. ബ്ലാക്ക് ‘but’ ബ്യൂട്ടിഫുള്‍, ഫാറ്റ് ‘but’ ഡാന്‍സര്‍, സ്‌കിന്നി ‘but’ സെക്‌സി തുടങ്ങിയവയില്‍ നിങ്ങള്‍ ചേര്‍ക്കുന്ന ആ ‘but’ ഉണ്ടല്ലോ അതൊരു ഔദാര്യമാണ്. അത് നിങ്ങടെ കൈയ്യില്‍ തന്നെ വെച്ചോ.
പണ്ട്, ശരീരം പോരാത്തത് കൊണ്ട് ആരും എന്നെ ശ്രദ്ധിക്കുന്നില്ല എന്നൊരു ബോധം എനിക്കുണ്ടായിരുന്നു. ‘കറുത്തു പോയത് കൊണ്ടാണ്, മെലിഞ്ഞ് പോയത് കൊണ്ടാണ്, അല്ലെങ്കില്‍ ഞാനും സുന്ദരനായേനേ..’ എന്ന ബോധം. ഇപ്പൊ ജീവിതത്തില്‍ ഒരിത്തിരിപോലും ഇല്ലാത്തതും അതു തന്നെയാണ്. ശരീരത്തെക്കുറിച്ചുള്ള ഏതൊരു കമന്റിനേയും അര്‍ഹിക്കുന്ന പുച്ഛത്തോടെയാണിപ്പോള്‍ കാണുന്നത്. ‘പുറമേ കാണുന്നതൊന്നും അല്ല, ഉള്ളിലാണ് സൗന്ദര്യം’ എന്നത് ഒരു അശ്ലീലമാണ്. കാരണം കറുത്തവരേയും, മെലിഞ്ഞവരേയും, തടിച്ച് വയറുചാടിയവരേയും, കഷണ്ടിയുള്ളവരേയും, നരവീണവരേയും, ചുളിവുള്ള തൊലിയുള്ളവരേയും ഒക്കെ കാണുമ്പോള്‍ മാത്രം തോന്നുന്ന ‘തത്വചിന്ത’യാണത്. ഞങ്ങളൊക്കെ പുറമേയും അപാര സുന്ദരന്മാരും സുന്ദരികളുമാണ്. എന്റെ വാരിയെല്ലൊട്ടിയ ശരീരമാണ് എന്റെ സൗന്ദര്യം. ഉമ്മവെക്കാന്‍ കുറേ സ്ഥലം തന്നിട്ടുള്ള ആ നെറ്റികയറ്റമില്ലേ… ആ മിനുമിനുത്ത മൊട്ടത്തലയില്ലേ.. ആ കറുപ്പും വെളുപ്പും ഇടകലര്‍ന്ന പാറ്റേണിലുള്ള മുടിയില്ലേ.. ആ കറുകറുകറുത്ത തൊലിയില്ലേ.. കെട്ടിപ്പിടിക്കുമ്പോള്‍ എന്റെ വയറ്റിലേക്ക് തള്ളി എന്റെ വയറിനെ നിറക്കുന്ന നിന്റെ ആ കുടവയറില്ലേ… ടാറ്റു ചെയ്ത പോലുള്ള സ്‌റ്റ്രെച്ച് മാര്‍ക്കില്ലേ… ഇതൊക്കെ അതിസുന്ദരമാണ് ബ്രോസ്. ഇതൊക്കെ കളഞ്ഞിട്ട് ആര്‍ക്ക് വേണ്ടിയാ നമ്മളീ നമ്മളെ അച്ചിലിട്ട് വാര്‍ക്കാന്‍ പോകുന്നത്. കാലമിനിയും ഒഴുകും. ചുളിവ് വരും, നര വരും, തൊലിപ്പുറം കീഴേക്ക് തൂങ്ങിയാടും. അതും സുന്ദരമായിരിക്കും. സുന്ദരമല്ലാത്തതായി നിങ്ങളുടെ ശരീരത്തില്‍ ഒന്നുമില്ല. അതിനെയങ്ങട് സ്‌നേഹിച്ചാല്‍ തീരാവുന്ന പ്രശ്‌നേള്ളൂ..!

https://www.facebook.com/muhammed.parambat.5/posts/1124824327628283