കാശ്മീരില്‍ നാടോടികളെ ഗോരക്ഷാസേന ആക്രമിച്ചു കന്നുകാലികളെ തട്ടിയെടുത്തു ; ഒന്‍പതുവയസുള്ള പെണ്‍കുട്ടിക്കും ക്രൂരമര്‍ദനം

ഗോരക്ഷാ സേനയുടെ ആക്രമണം കാശ്മീരിലും. കശ്മീരില്‍ കന്നുകാലികളും വളര്‍ത്തു മൃഗങ്ങളുമായി സഞ്ചരിക്കുകയായിരുന്ന നാടോടി സംഘത്തിനു നേര്‍ക്കാണ് ഗോ രക്ഷകരെന്ന് സ്വയം വിശേഷിപ്പിക്കുന്ന സംഘം ഇരുമ്പുവടികളുമായി ഇവരെ ആക്രമിച്ചത്. ​ ജമ്മു കശ്മീരിലെ റിയാസി ജില്ലയിലാണ് സംഭവം. ആക്രമണത്തില്‍ ഒന്‍പത് വയസുള്ള പെണ്‍കുട്ടിയടക്കം അഞ്ചു പേര്‍ക്ക് പരിക്കേറ്റു. 16 കന്നുകാലികളടക്കം തങ്ങളുടെ കൈയിലുള്ളതെല്ലാം അക്രമി സംഘം തട്ടിപ്പറിച്ചതായി ഇവര്‍ പറയുന്നു. പരമ്പരാഗതമായി ഹിമാലയന്‍ താഴ്‌വരയില്‍ കന്നുകാലികളും മറ്റു വസ്തുവകകളുമായി അലഞ്ഞുതിരിഞ്ഞ് ജീവിക്കുന്ന നാടോടി കുടുംബങ്ങളിലൊന്നാണ് അക്രമിക്കപ്പെട്ടത്. ഇവരെ തടഞ്ഞു നിര്‍ത്തിയ സംഘം ഇരുമ്പു വടികള്‍ ഉപയോഗിച്ച് തല്ലിച്ചതക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പശു, ആട്, ചെമ്മരിയാട്, പട്ടികള്‍ എന്നിയെല്ലാം ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. കൊന്ന് നദിയില്‍ എറിയുമെന്ന് പറഞ്ഞായിരുന്നു അക്രമണം. പട്ടികളെ പോലും ഇവര്‍ വെറുതെ വിട്ടില്ലെന്ന് നാടോടി കുടുംബം പറഞ്ഞു. എല്ലാം പിടിച്ചെടുത്തു. എങ്ങനെയൊ ഓടി രക്ഷപ്പെടുകയായിരുന്നു. വൃദ്ധരെയും അക്രമി സംഘം വെറുതെ വിട്ടില്ല. ഗുരുതമായി പരിക്കേറ്റ ഇവരെ ആശുപത്രിയിലാക്കി. പത്തുവയസ്സുകാരനായ മകനെ കാണാതായെന്നും അവരവനെ തല്ലിക്കൊന്നിട്ടുണ്ടോ എന്നറിയില്ലെന്നും കുടുംബം പറഞ്ഞു.അതേസമയം സംഭവത്തില്‍ ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.