ഇന്നലെ സ്ഥാപിച്ച മരക്കുരിശ് കാണാതായി; സ്പിരിറ്റ് ഇന്‍ ജീസസ് പ്രവര്‍ത്തകര്‍ അറസ്റ്റിലെന്ന് റിപ്പോര്‍ട്ട്
മൂന്നാര്‍: പാപ്പാത്തിച്ചോലയിലെ കയ്യേറ്റ ഭൂമിയില്‍നിന്ന് അധികൃതര്‍ നീക്കംചെയ്ത കൂറ്റന്‍ കുരിശിന്റെ സ്ഥാനത്ത് വെള്ളിയാഴ്ച വൈകുന്നേരം പ്രത്യക്ഷപ്പെട്ട അഞ്ചടി ഉയരമുള്ള മരക്കുരിശ് കാണാതായതായി റിപ്പോര്‍ട്ട്. രാവിലെയാണ് കുരിശ് അപ്രത്യക്ഷമായത് ശ്രദ്ധയില്‍പ്പെട്ടത്. അതേസമയം കുരിശ് നീക്കംചെയ്തത് ആരാണെന്ന് വ്യക്തമായിട്ടില്ല.
ഇതുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുള്ളതായി റിപോര്‍ട്ടുണ്ട്. കല്‍പ്പറ്റ സ്വദേശി രാജുവും, രാജകുമാരി സ്വദേശി സെബാസ്റ്റ്യനുമാണ് പൊലീസിന്റെ പിടിയിലായത്. ഇന്നുപുലര്‍ച്ചെ ശാന്തന്‍പാറ പൊലീസാണ് സ്പിരിറ്റ് ഇന്‍ ജീസസ് ചെയര്‍മാന്‍ ടോം സക്കറിയയുടെ ഉടമസ്ഥതയിലുളള പിക്കപ്പ് വാനില്‍ ഇവര്‍ വരുമ്പോഴാണ് പിടികൂടിയത്.
വാഹനവും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. സംഭവസ്ഥലത്ത് ഇവരെ കൊണ്ടുവന്ന് ചോദ്യം ചെയ്യുകയാണ്. ഇന്നലെ രാത്രിയായിരിക്കാം മരക്കുരിശ് നീക്കം ചെയ്തതെന്നാണ് വിവരങ്ങള്‍. കുരിശ് നീക്കം ചെയ്തതുമായി ബന്ധപ്പെട്ട് ചിന്നക്കനാല്‍ വില്ലേജ് ഓഫിസറോട് ഉടുമ്പന്‍ചോല അഡീഷണല്‍ തഹസില്‍ദാര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവസ്ഥലം ഉദ്യോഗസ്ഥര്‍ ഇന്ന് സന്ദര്‍ശിക്കും.
കുരിശ് സ്ഥാപിച്ചതായി ശാന്തന്‍പാറ പൊലീസിന് വെള്ളിയാഴ്ച വൈകീട്ടുതന്നെ വിവരം ലഭിച്ചെങ്കിലും ദുര്‍ഘടപാതയായതിനാലും മൂന്നുമണിക്കൂറോളം യാത്ര ചെയ്യേണ്ടതിനാലും അധികൃതര്‍ അങ്ങോട്ട് പോയിരുന്നില്ല. ഇന്ന് പോലീസ് അവിടേക്ക് പോകാനിരിക്കെയാണ് കുരിശ് കാണാതായത്. ഇന്ന് രാവിലെ സ്ഥലത്തെത്തി പരിശോധന നടത്തുമെന്ന് തഹസില്‍ദാരും വ്യക്തമാക്കിയിരുന്നു.
ദേവികുളം താലൂക്ക് ചിന്നക്കനാല്‍ വില്ലേജ് 32/1 സര്‍േവ നമ്പരില്‍പ്പെട്ട സ്ഥലമാണിത്. ഇത് സര്‍ക്കാര്‍ രേഖകള്‍ പ്രകാരം സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമിയാണ്. പുതുതായി കുരിശ് സ്ഥാപിച്ചതാരാണെന്ന് വ്യക്തമായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
നേരത്തേ കുരിശ് സ്ഥാപിച്ചത് സംബന്ധിച്ച് ഉടുമ്പന്‍ചോല തഹസില്‍ദാര്‍ സ്പിരിറ്റ് ഇന്‍ ജീസസ് എന്ന സംഘടനയുടെ അധ്യക്ഷന്‍ ടോം സഖറിയയ്ക്ക് നോട്ടീസ് നല്‍കിയിരുന്നു. പുതിയകുരിശ് സ്ഥാപിച്ചത് തങ്ങളല്ലെന്ന് സ്പിരിറ്റ് ഇന്‍ ജീസസ് സംഘടനയുടെ അനുഭാവികള്‍ ശാന്തന്‍പാറ പോലീസില്‍ അറിയിച്ചിട്ടുണ്ട്.