മന്ത്രി എം.എം.മണിയെ പുറത്താക്കാന്‍ മുഖ്യമന്ത്രിക്ക് തുറന്ന കത്തുമായി രമേശ് ചെന്നിത്ത: മണിയുടെ മാനസിക നില പരിശോധിക്കണമെന്നു പരാമര്‍ശം
തിരുവനന്തപുരം: മര്യാദയുടെ സകല സീമകളെയും ലംഘിച്ച്, വായില്‍ തോന്നുന്നതെല്ലാം വിളിച്ചു കൂവുന്ന എം.എം.മണിയെ മന്ത്രിസ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്ത്രീത്വത്തെ അപമാനിച്ച മണിക്കെതിരെ ക്രിമിനല്‍ കേസേടുത്ത് മന്ത്രിയെ പുറത്താക്കി സംസ്ഥാനത്തിന്റെ അന്തസ് വീണ്ടെടുക്കാന്‍ ശ്രമിയ്ക്കണമെന്നു രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയനോട് തുറന്ന കത്തില്‍ ആവശ്യപ്പെട്ടു.
മൂന്നാര്‍ ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് സമനില തെറ്റിയ ആളെപ്പോലെയാണ് മണി പെരുമാറുന്നത്. അദ്ദേഹത്തിന്റെ മാനസിക നില പരിശോധിക്കേണ്ടതാണ്. കയ്യേറ്റം ഒഴിപ്പിക്കുന്നതിന് നിയമാനുസൃതം നടപടി എടുത്ത ഉദ്യോഗസ്ഥരെ കേട്ടാലറയ്ക്കുന്ന ഭാഷയില്‍ അധിക്ഷേപിച്ച എം.എം.മണി ഇപ്പോള്‍ സ്ത്രീകള്‍ക്ക് എതിരെയും തിരിഞ്ഞിരിക്കുന്നു. മൂന്നാര്‍ സമരം തോട്ടം തൊഴിലാളികലായ സ്ത്രീകളെ അശ്ലീല ധ്വനിയോടെയാണ് മണി ആധിക്ഷേപിച്ചത്.
സ്ത്രീകള്‍ക്കെതിരെ അശ്ലീല ആരോപണമുന്നയിക്കുന്നത് സ്ത്രീപീഢനത്തിന്റെ പരിധിയില്‍ വരുന്ന കുറ്റമാണ്. സ്ത്രീത്വത്തെ അപമാനിച്ച മന്ത്രി ക്രിമിനല്‍ കുറ്റമാണ് ചെയ്തിരിക്കുന്നത്. മന്ത്രിയ്ക്ക് എതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും വേണമെന്നു ചെന്നിത്തല ആവശ്യപ്പെട്ടു.
ഭരണഘടന പിടിച്ച് സത്യം ചെയ്ത് അധികാരമേറ്റ മന്ത്രി എം.എം.മണി നഗ്‌നമായ ഭരണഘടനാ ലംഘനമാണ് നടത്തിയിരിക്കുന്നത്. ഭരണ ഘടനയും നിയമവും അനുസരിച്ച് ഭീതിയോ, പക്ഷപാതമോ, പ്രീതിയോ, വിദ്വേഷമോ കൂടാതെ എല്ലാത്തരത്തിലുമുള്ള ജനങ്ങള്‍ക്ക് നീതി നടപ്പാക്കുമെന്ന സത്യപ്രതിജ്ഞാ വാചകം മന്ത്രി ലംഘിച്ചിരിക്കുന്നതായി ചെന്നിത്തല കത്തില്‍ ചൂണ്ടി കാട്ടി.
സംസ്ഥാനത്തിന്റെ സ്വത്ത് സംരക്ഷിക്കാന്‍ ബാദ്ധ്യസ്ഥനായ മന്ത്രി സംസ്ഥാനത്തിന്റെ സ്വത്ത് കൊള്ളയടിക്കുന്നവരുമായി ചേര്‍ന്ന് അത് തടയാന്‍ ശ്രമിക്കുന്ന ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയാണ്. ഭരണഘടനാ പ്രകാരം നടപടി എടുത്ത് ഉദ്യോഗസ്ഥരെ ഊളമ്പാറയ്ക്ക് അയക്കണമെന്നാണ് മണി പറയുന്നത്. കേരളത്തിന്റെ ചരിത്രത്തില്‍ ഇങ്ങനെയൊരു സംഭവം കേട്ട് കേഴ് വി ഇല്ലാത്തതാണ്. ജനാധിപത്യത്തിന് അപമാനമാണ് ഈ മന്ത്രിഎന്നും അദ്ദേഹം പറഞ്ഞു.
കൊലക്കേസ് പ്രതിയായ മണിയെ മന്ത്രിയാക്കിയത് തന്നെ ശരിയായ നടപടിയായിരുന്നില്ല. ഇപ്പോഴാകട്ടെ ആ മന്ത്രി ഭരണഘടനയെ ലംഘിക്കുക മാത്രമല്ല സഭ്യതയെയും ജനാധിപത്യ മര്യാദയെയും വെല്ലുവിളിക്കുകയും ചെയ്യുന്നു. മണിയെ ഉടന്‍ പുറത്താക്കി സംസ്ഥാനത്തിന്റെ അന്തസ്സ് വീണ്ടടുക്കാന്‍ മുഖ്യമന്ത്രി തയ്യാറാവണമെന്നും രമേശ് ചെന്നിത്തല തുറന്ന കത്തില്‍ ആവശ്യപ്പെട്ടു.