ബാര്‍: ചെരുപ്പിനനുസരിച്ച് കാല്‍ മുറിക്കാന്‍ കഴിയില്ലെന്നു മന്ത്രി ജി.സുധാകരന്‍

ആലപ്പുഴ: മദ്യശാലകളുടെ ദൂരപരിധി വിഷയത്തില്‍ പ്രതികരിച്ച് മന്ത്രി ജി സുധാകരന്‍. മദ്യശാലകള്‍ ദൂരപരിധി പാലിച്ച് പ്രവര്‍ത്തിക്കണമെന്ന സുപ്രിംകോടതി വിധി നേരായ വിധത്തില്‍ തന്നെ നേരിടുമെന്ന് മന്ത്രി പറഞ്ഞു. കാര്യങ്ങള്‍ മനസിലാക്കാതെ മുന്നോട്ടുപോയാല്‍ നാട് ഗുണം പിടിക്കില്ലന്നും മാധ്യമങ്ങള്‍ വിഷയത്തിന്റെ ഗൗരവം മനസിലാക്കി എഴുതണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

‘ചെരുപ്പിന് അനുസരിച്ച് കാല്‍ മുറിക്കാന്‍ കഴിയില്ല. ഇതിനോടകം തന്നെ മറ്റ് സംസ്ഥാനങ്ങള്‍ സംസ്ഥാന പാതകള്‍ ജില്ലാ റോഡുകളാക്കി മാറ്റി. ഇതിന് സംസ്ഥാന സര്‍ക്കാര്‍ തയാറല്ല.

മദ്യശാല വിഷയത്തില്‍ വസ്തുതകള്‍ ഉള്‍ക്കൊള്ളാന്‍ എല്ലാവരും തയാറാകണം. മാധ്യമങ്ങള്‍ക്കുപോലും കാര്യങ്ങള്‍ മനസിലായി തുടങ്ങി. ചില പഞ്ചായത്ത് പ്രസിഡന്റുമാര്‍ മദ്യശാലകള്‍ പ്രവര്‍ത്തിക്കാന്‍ സൂചി കുത്താന്‍ സ്ഥലം തരില്ലായെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇവരെങ്ങാനും ഇന്ത്യന്‍ പ്രസിഡന്റായാല്‍ നാട്ടിലെ സ്ഥിതി എന്താകും. ഒരാളെ മെമ്പര്‍ ആക്കുന്നതും പ്രസിഡന്റ് ആക്കുന്നതുമൊക്കെ പാര്‍ട്ടിയാണ്. സര്‍ക്കാരിന്റെ നയം അംഗീകരിക്കാന്‍ കഴിയില്ലെങ്കില്‍ ഇക്കൂട്ടര്‍ രാജിവെച്ച് പുറത്തുപോകണം’, സുധാകരന്‍ പറഞ്ഞു.