ട്രംപിന്റെ നയതന്ത്ര ഇടപെടല്‍; അയ്യ ഹിജാസിക്ക് മോചനം

വാഷിങ്ടന്‍: ഈജിപ്ത് തടവറയില്‍ മൂന്ന് വര്‍ഷം കഴിയേണ്ടി വന്ന അമേരിക്കന്‍ എയ്ഡ് വര്‍ക്കര്‍ അയ്യ ഹിജാസിക്ക് ട്രംപിന്റെ നയതന്ത്ര ഇടപെടല്‍ മൂലം മോചനം. മുന്‍ പ്രസിഡന്റ് ഒബാമയ്ക്ക് കഴിയാതിരുന്നതാണ് നൂറ് ദിവസം ഭരണത്തിലിരുന്ന ട്രംപിന് നേടാനായത്. വെര്‍ജീനിയ ജോര്‍ജ് മേസണ്‍ യൂണിവേഴ്സിറ്റി വിദ്യാര്‍ഥിനി ഹിജാസിക്ക് അമേരിക്കന്‍ ഈജിപ്ത് പൗരത്വം ഉണ്ട്. 2014 ല്‍ ചൈല്‍ഡ് അബ്യൂസ് കുറ്റം ചുമത്തിയാണ് ഇവരെ തുറങ്കലിലടച്ചത്.

നോണ്‍ പ്രോഫിറ്റ് സംഘടനയായ ബിലാഡി ഫൗണ്ടേഷനു വേണ്ടിയാണ് ഹിജാസിക്കും ഭര്‍ത്താവും പ്രവര്‍ത്തിച്ചിരുന്നത്. കെയ്റോ തെരുവീഥികളില്‍ അനാഥരായ കുട്ടികളെ കണ്ടെത്തി അവരെ സംരക്ഷിക്കുക എന്നതാണ് ഫൗണ്ടേഷന്റെ പ്രവര്‍ത്തനം. മനുഷ്യാവകാശ സംഘടനാ പ്രവര്‍ത്തകര്‍ ഇവരുടെ അറസ്റ്റില്‍ പ്രതിഷേധിക്കുകയും ഇവരുടെ പേരില്‍ ആരോപിച്ചിരുന്നതെല്ലാം അടിസ്ഥാന രഹിതമാണെന്നും വാദിച്ചിരുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് ഈജിപ്ത് കോടതി ഇവരെ കുറ്റവിമുക്തരാക്കിയത്.
ഇവരോടൊപ്പം വിട്ടയയ്ക്കപ്പെട്ട എല്ലാ പ്രവര്‍ത്തകരേയും അമേരിക്കയിലേക്ക് കൊണ്ടുവരുന്നതിന് ട്രംപ് പ്രത്യേക വിമാനം അയച്ചിരുന്നു. ഈജിപ്ത് പ്രസിഡന്റ് അബ്ദല്‍ ഫട്ടാ ഇല്‍ സിസിയുമായി യുഎസ് നാഷണല്‍ സെക്യൂരിറ്റി അംഗങ്ങള്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് മോചനം യാഥാര്‍ത്ഥ്യമായത്. അമേരിക്കയിലെത്തിയ ഇവര്‍ക്ക് വൈറ്റ് ഹൗസ് പ്രത്യേക സ്വീകരണം നല്‍കി. ട്രംപിന്റെ സന്ദര്‍ഭോചിതമായ ഇടപെടലില്‍ സ്വാതന്ത്ര്യം ലഭിച്ച ഇവരും കുടുംബാംഗങ്ങളും പ്രത്യേകം നന്ദി പറഞ്ഞു.