എം.എം മണിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പി.സി
എം.എം മണിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പി.സി ജോര്‍ജിന്റെ ഫെയിസ്ബുക്ക് പോസ്റ്റ്. മൂന്നാര്‍ ഭൂമി കയ്യേറ്റ വിഷയം സംബന്ധിച്ചു മണി നടത്തിയ വിവാദ പ്രസ്താവനയ്ക്കെതിരെയാണ് പി.സിയുടെ പരാമര്‍ശം.
മണി തന്റെ പ്രസ്താവനകള്‍ പിന്‍വലിക്കണമെന്നും ഇല്ലെങ്കില്‍ ഇടതുപക്ഷ മുന്നണി ഇടപെട്ട് തിരുത്തിക്കണം എന്നുമാണ് പി.സി പറയുന്നത്. മണിയെന്ന പാര്ട്ടിക്കാരന് എന്തും പറയാം എന്നാല്‍ മന്ത്രിയായ മണിയുടെ ഈ പ്രസ്താവനകള്‍ ഭരണഘടനാ വിരുദ്ധവും സത്യപ്രതിജ്ഞാ ലംഘനവും ആണെന്നാണ് പറയുന്നത്.
എഫ്.ബി. പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ:
‘എം.എം മണി തന്റെ പ്രസ്താവനകള്‍ പിന്‍വലിക്കണം:
ഭൂമികൈയ്യേറ്റത്തെ സംബന്ധിച്ച് മണി സഖാവിന്റെ പ്രസ്താവനകള്‍ ഒരു പാര്‍ട്ടിയുടെ അഭിപ്രായം എന്ന നിലയില്‍ ആണെങ്കില്‍ ചോദ്യം ചെയ്യാന്‍ ഞാന്‍ തയ്യാറല്ല, എന്നാല്‍ ഒരു മന്ത്രി എന്ന നിലയില്‍ അദ്ധേഹത്തിന്റെ പ്രസ്താവനകള്‍ ഭരണ ഘടനാ വിരുദ്ധവും സത്യപ്രതിജ്ഞാ ലംഘനാവുമാണ്.
ഒരു പാര്‍ട്ടി നേതാവ് എന്ന നിലയില്‍ ഭൂമി കയ്യേറാനോ കുരിശു കയ്യേറാനോ ഒക്കെ ആഹ്വാനം കൊടുക്കുന്നത് ഓരോ പാര്‍ട്ടിയുടെയും നയം ആണ്. പാര്‍ട്ടികളുടെ നയം ന്യായമാകാം ആകാതിരിക്കാം. എന്നാല്‍, ജനാധിപത്യ വ്യവസ്ഥയില്‍ എല്ലാവിഭാഗം ജനങ്ങളുടെയും വോട്ടുനേടി ജനപ്രതിനിധിയായി മന്ത്രിയായി വന്ന് ഇത്തരം കവലപ്രസംഗം നടത്താന്‍ പാടില്ല. സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ഒരു മന്ത്രിയെന്ന നിലയില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറുന്നതു മഹത്വമാണെന്നും പറഞ്ഞു പ്രസംഗിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാകാത്തതാണ് അത് സത്യപ്രതിജ്ഞയ്ക്കും ഭരണഘടനയ്ക്കും വിരുദ്ധവുമാണ്.
എം.എം മണിയെക്കൊണ്ട് ഈ പ്രസ്താവനകള്‍ പിന്‍വലിപ്പിക്കാന്‍ ഇടതുപക്ഷ മുന്നണി തയ്യാറാകണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.’