പിണറായിയെ ബിഷപ്പാക്കി ഫേസ്ബുക്ക് പോസ്റ്റിട്ട വ്യക്തിക്കെതിരെ പോലീസ് കേസ്

കണ്ണൂര്‍: കുരിശ് വിഷയത്തില്‍ വിവാദപരമായ പ്രസ്താവന നടത്തിയതിനെ തുടര്‍ന്ന്‍ കേരളാ മുഖ്യമന്ത്രി പിണറായി വിജയന് എതിരെ രൂക്ഷമായ വിമര്ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. പിണറായിയെ കളിയാക്കിക്കൊണ്ട് ട്രോളുകളും പോസ്റ്റുകളും ഒന്നിന് പിറകെ ഒന്നായി പ്രവഹിക്കുകയാണ്.

എന്നാല്‍ പണ്ടത്തെപ്പോലെയല്ല കാര്യങ്ങള്‍ ഇവരെയൊക്കെ ട്രോളാനും പാടില്ല എന്ന അവസ്ഥയിലാണ് കാര്യങ്ങളുടെ പോക്ക്. മുഖ്യമന്ത്രി പിണറായി വിജയനെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടയാള്‍ക്കെതിരെ പോലീസ് കേസെടുത്തു. യൂത്ത് കോണ്‍ഗ്രസ് കേളകം മണ്ഡലം പ്രസിഡന്റ് ജോബിന്‍ പാണ്ടംചേരിക്കെതിരെയാണ് കേളകം സ്വദേശിയും സി.പി.എം.പ്രവര്‍ത്തകനുമായ പൗലോസ് ഞാലുവേലില്‍ നല്കിയ പരാതിയിലാണ് കേസെടുത്തത്.

ക്രൈസ്തവ മതവിശ്വാസികളെയും മുഖ്യമന്ത്രി പിണറായി വിജയനെയും അപകീര്‍ത്തിപ്പെടുത്തി എന്നാണു കേസ്. ക്രൈസ്തവ മതമേലധ്യക്ഷന്മാര്‍ ഉപയോഗിക്കുന്ന വസ്ത്രവും തലപ്പാവും ചേര്‍ത്ത് പിണറായിയുടെ മുഖം ഉള്‍പ്പെടുത്തിയാണ് പോസ്റ്റിട്ടത്.പോസ്റ്റ് ഷെയര്‍ ചെയ്ത്  പലരും വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു.സംഭവം വിവാദമായതോടെ പോസ്റ്റ് പിന്‍വലിച്ചിട്ടുണ്ട്.