ഭീമന്‍ കുരിശ് യു.ഡി.എഫിനും കുരിശായി ; പി.പി തങ്കച്ചനെ തിരുത്തിക്കാന്‍ കോണ്‍ഗ്രസിലെ യുവതുര്‍ക്കികള്‍
കുരിശ് പൊളിച്ചത് അധാര്‍മികമല്ല, കുരിശിന്റെ മറവില്‍ നടക്കുന്ന കൈയേറ്റങ്ങളെ അംഗീകരിക്കാനാവില്ല, മൂന്നാറിലേക്ക് കോണ്‍ഗ്രസിന്റെ ദൗത്യസംഘം, കൈയേറ്റ ലോബിയുമായി ബന്ധമെന്ന് ആരോപണം നേരിടുന്ന മുന്‍ എം.എല്‍.എ ഇ.എം ആഗസ്തിയും സംഘത്തില്‍
തിരുവനന്തപുരം: പാപ്പാത്തിച്ചോലയിലെ കുരിശിനെ ചൊല്ലി യു.ഡി.എഫില്‍ പൊട്ടിത്തെറി. കോണ്‍ഗ്രസ് നിലപാട് തള്ളി സ്വന്തം അഭിപ്രായം കണ്‍വീനര്‍ പി.പി തങ്കച്ചന്‍ യു.ഡി.എഫ് നയമായി അവതരിപ്പിച്ചത് കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയുടെ രൂക്ഷവിമര്‍ശനത്തിന് ഇടയാക്കി. യു.ഡി.എഫ് നയം തിരുത്തിക്കാന്‍ കോണ്‍ഗ്രസ് രംഗത്ത്. ഉമ്മന്‍ചാണ്ടിയും വി.എം സുധീരനും കെ മുരളീധരനും ഉള്‍പ്പടെ പ്രധാന നേതാക്കളെല്ലാം വിട്ടു നിന്ന രാഷ്ട്രീയകാര്യ സമിതി യോഗത്തിലാണ് പാപ്പത്തിച്ചോലയിലെ കുരിശിനെ ചൊല്ലി വിമര്‍ശനം ഉയര്‍ന്നത്.
പാപ്പാത്തിച്ചോലയിലെ ഭീമന്‍ കുരിശ് തകര്‍ത്ത സര്‍ക്കാര്‍ നടപടിയെ പി.പി തങ്കച്ചന്‍ അധാര്‍മികമെന്ന് വിമര്‍ശിച്ചിരുന്നു. കെ.പി.സി.സി നിലപാടിന് വിരുദ്ധമായി കൈയേറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടായിരുന്നു തങ്കച്ചന്റേത്. ഇത് കോണ്‍ഗ്രസ് നയമല്ലെന്ന നിലപാടിലാണ് രാഷ്ട്രീയകാര്യ സമിതി എത്തിയത്. വി.ഡി സതീശന്‍, പി.സി വിഷ്ണുനാഥ്, എം ലിജു തുടങ്ങിയ യുവനേതാക്കളാണ് തങ്കച്ചനെതിരേ രംഗത്ത് വന്നത്.
പിന്തിരിപ്പന്‍ നിലപാടാണ് യു.ഡി.എഫ് സ്വീകരിച്ചതെന്നും ഇതു തിരുത്തണമെന്നും മൂവരും ശക്തമായി വാദിച്ചു. തങ്കച്ചനെ പ്രതിരോധിക്കാന്‍ രമേശ് ചെന്നിത്തല അടക്കം യോഗത്തില്‍ പങ്കെടുത്തവരും തയ്യാറായില്ല. . ഇതോടെയാണ് യു.ഡി.എഫ് കണ്‍വീനറുടെ നിലപാടിനെ കെ.പി.സി.സി അധ്യക്ഷന്‍ എം.എം ഹസന്‍ പരസ്യമായി തള്ളിപ്പറയുകയും ചെയ്തു.
കുരിശിന്റെ മറവില്‍ നടക്കുന്ന കൈയേറ്റങ്ങളെ അംഗീകരിക്കാനാവില്ലെന്നും കുരിശിനെ കൈയേറ്റത്തിന് മറയാക്കുന്നത് ശരിയല്ലെന്നും ഹസന്‍ പറഞ്ഞു. യു.ഡി.എഫ് കണ്‍വീനറോട് വിശദീകരണം തേടാനും തീരുമാനമായി. കൈയേറ്റ ഭുമിയിലെ കുരിശ് നീക്കിയതിനെ കോണ്‍ഗ്രസ് അനുകൂലിക്കുന്നതായും ഹസന്‍ പറഞ്ഞു. നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി രാവിലെ യു.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേരും. മൂന്നാര്‍, മണി വിഷയങ്ങളില്‍ യു.ഡി.എഫ് അന്തിമ നിലപാട് സംബന്ധിച്ച് തീരുമാനവും ഉണ്ടാവും.
പെമ്പിളൈ ഒരുമൈ കൂട്ടായ്മയിലെ സ്ത്രീകളെ അപമാനിച്ച വൈദ്യുതി മന്ത്രി എം.എം മണിയെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കുന്നത് വരെ നിയമസഭയ്ക്ക് അകത്തും പുറത്തും കോണ്‍ഗ്രസ് സമരം ശക്തമാക്കും. സംസ്ഥാനത്തൊട്ടാകെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ചൊവ്വാഴ്ച പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചിട്ടുണ്ട്. മഹിളാകോണ്‍ഗ്രസ് ജില്ലാ ആസ്ഥാനങ്ങളില്‍ സത്യാഗ്രഹവും നടത്തും.
മൂന്നാറിലെ കൈയേറ്റങ്ങള്‍ പഠിക്കാന്‍ ഏഴംഗ സമിതിയും നിശ്ചയിച്ചു. സമിതി ചൊവ്വാഴ്ച മൂന്നാറില്‍ പര്യടനം നടത്തും. ബെന്നി ബഹന്നാന്‍, ജോസഫ് വാഴയ്ക്കന്‍, പി.സി വിഷ്ണുനാഥ്, ലാലി വിന്‍സന്റ്, ലതിക സുഭാഷ്, ഇ.എം ആഗസ്തി, റോയി കെ. പൗലോസ് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് മൂന്നാര്‍ സന്ദര്‍ശിക്കുക. ഇതിനിടെ കൈയേറ്റ ലോബിയുമായി ബന്ധമുണ്ടെന്ന് ആരോപണമുള്ള ഇ.എം ആഗസ്തിയെ സംഘത്തില്‍ ഉള്‍പ്പെടുത്തിയതിനെതിരേ വിമര്‍ശനം ശക്തമായിട്ടുണ്ട്.