മാപ്പ് പറയാന്‍ വയ്യ : പാര്‍ട്ടി പറഞ്ഞാല്‍ രാജിയെന്ന് എം.എം മണി
ഇടുക്കി: പെമ്പിളൈ ഒരുമ പ്രവര്‍ത്തകരോട് മാപ്പ് പറയാന്‍ ഉദ്ദേശ്യമില്ലെന്നും സമരവുമായി അവര്‍ അവിടെയിരിക്കട്ടയെന്നും വൈദ്യുത മന്ത്രി എം.എം മണി. കൂടാതെ മാധ്യമപ്രവര്‍ത്തകരെപ്പറ്റിയും സുരേഷ് കുമാറിനെപ്പറ്റിയും ഇന്നലെ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും തന്റെ വാക്കുകള്‍ വളച്ചൊടിച്ചതാണെന്നും എം.എം. മണി ഇടുക്കിയില്‍ വ്യക്തമാക്കി.
തന്റെ പ്രസംഗത്തെ പറ്റി പരാതി ഉണ്ടായപ്പോള്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിച്ചതാണ്. പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകരുടെ സമരസ്ഥലത്ത് പോകില്ല. അവരെ നേരിട്ട് കണ്ട് മാപ്പ് പറയില്ല. അതിന്റെ ആവശ്യമില്ലെന്നും മണി വ്യക്തമാക്കി. ഖേദം പ്രകടിപ്പിച്ചതോടെ ആ അധ്യായം കഴിഞ്ഞതാണ്. മാധ്യമങ്ങള്‍ തന്റെ ദീര്‍ഘമായ പ്രസംഗം വളച്ചൊടിച്ചതാണ്. തന്നോടിങ്ങനെ ഒന്നും വേണ്ടായിരുന്നു. ഇതൊന്നും പറഞ്ഞ് തന്നെ പിന്തിരിപ്പിക്കാന് നോക്കേണ്ട. സമരം അവസാനിപ്പിക്കണോയെന്ന് ചിന്തിക്കേണ്ടത് അവരെ ഇരുത്തിയവര്‍ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.
പിശകുണ്ടെങ്കില്‍ ശൈലി മാറ്റും. വേറൊരു കാര്യമവുമില്ല. ഞാന്‍ ഇവിടെയെങ്ങാനും ജീവിച്ച് പൊക്കോട്ടെ. ഇന്ന് എന്‍ഡിഎ ഇടുക്കിയില്‍ നടത്തുന്ന ഹര്‍ത്താല്‍ അനാവശ്യമാണെന്നും എം.എം. മണി പറഞ്ഞു.എനിക്ക് അവരുമായി എന്ത് ബന്ധം. എനിക്ക് അവരെ വ്യക്തിപരമായി അറിയാവുന്നതാണ്. ഞാന്‍ ആരുടേയും പേര് പറഞ്ഞിട്ടുമില്ല. പറയുകയുമില്ല. അത് വിട്ട കേസാണ്. അത് സംബന്ധിച്ച ഇനി അങ്ങോട്ട് പോകേണ്ട യാതൊരു കാര്യവുമില്ല.