സൗദി ട്രാന്‍സ്‌പോര്‍ട്ടിംഗ് മേഖലയിലും സമ്പൂര്‍ണ സ്വദേശിവല്‍ക്കരണം ; മലയാളികള്‍ ആശങ്കയില്‍

ജിദ്ദ: ട്രാന്‍സ്‌പോര്‍ട്ടിംഗ് മേഖലയില്‍ സമ്പൂര്‍ണ സ്വദേശി വത്കരണം നടപ്പാക്കാന്‍ സൗദി ഭരണകൂടത്തിന്റെ  തീരുമാനം.രാജ്യത്തെ ട്രാന്‍‌സ്‌പോര്‍ട്ടിംഗ് മേഖലയില്‍ സമ്പൂര്‍ണ സ്വദേശി വത്കരണം നടപ്പാക്കുമെന്ന് തൊഴില്‍ സാമുഹ്യ ക്ഷേമ മന്ത്രാലയ വക്താവ് ഖാലിദ് അബാഖൈല്‍ ആണ് വ്യക്തമാക്കിയത്. ട്രാന്‍സ്‌പോര്‍ട്ടിംഗ് മേഖലയില്‍ സമ്പൂര്‍ണ സ്വദേശി വത്കരണം നടപ്പാക്കുന്നതോടെ മലയാളികള്‍ അടക്കം  ഈ മേഖലയില്‍ ജോലിചെയ്യുന്ന നിരവധി വിദേശികളുടെ തൊഴില്‍ നഷ്‌ടമാവും.രാജ്യത്തെ ഷോപ്പിംഗ് മാളുകളില്‍ അടുത്ത വര്‍ഷം മുതല്‍ സമ്പൂര്‍ണ സ്വദേശി വത്കരണം പ്രഖ്യാപിച്ചികൊണ്ട് തൊഴില്‍ സാമുഹ്യ മന്ത്രി  കഴിഞ്ഞ ദിവസം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. മൊബൈല്‍ ഫോണ്‍ വിപണ രംഗത്ത് 100 ശതമാനവും സ്വദേശി വത്കരണ പദ്ദതി വിജയപ്രദമായി നടപ്പിലാക്കാന്‍ കഴിഞ്ഞതിന്‍റെ  പാശ്ചാതലത്തിലാണ് മറ്റു മേഖലയിലേക്കുകൂടി സമ്പൂര്‍ണ സ്വദേശി വത്കരണ പദ്ദതി വ്യാപിപ്പിക്കുന്നത്. റെന്റ് കാര്‍മേഖലയില്‍ സ്വദേശി വത്കരണം നടപ്പാക്കുന്നതിന്റെ ഭാഗമായി തൊഴില്‍ സാമുഹ്യക്ഷേമ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ വിവിധ മന്ത്രാലയങ്ങളുടെ ശില്‍പശാല നടത്തിയിരുന്നു. മൊബൈല്‍ മേഖലയില്‍ 100 ശതമാനം സ്വദേശി വത്കരണം നടപ്പാക്കാന്‍ മന്ത്രാലയത്തിനു സാധ്യമായെങ്കില്‍ ഈമേഖലയിലും പദ്ദതി നടപ്പാക്കാന്‍ സാധിക്കുമെന്ന് തൊഴില്‍ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. ഇബ്രാഹിം അല്‍ ഷാഫി പറഞ്ഞു.എന്നാല്‍ പദ്ദതിയുടെ വിശദ വിവരങ്ങള്‍ അടുത്താഴ്ച നടത്തുന്ന പ്രഖ്യാപനത്തിലൂടെ മാത്രമേ അറിയാന്‍ കഴിയൂ.