സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ തോറ്റു ; ടി.പി സെന്‍കുമാറിനെ പോലീസ് മേധാവിയാക്കണം
ന്യൂഡല്‍ഹി : ടി.പി സെന്‍കുമാറിനെ പോലീസ് മേധാവിയായി വീണ്ടും നിയമിക്കാന്‍ സുപ്രീംകോടതി ഉത്തരവ്. ജിഷ വധക്കേസിലും പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടത്തിലും പൊലീസിന് വീഴ്ച വന്നതിനാലാണ് ഡി.ജി.പിയെ മാറ്റിയതെന്ന സംസ്ഥാന സര്‍ക്കാറിന്റെ വാദം കോടതി അംഗീകരിച്ചില്ല. കഴിഞ്ഞ വര്‍ഷം മേയ് അവസാനത്തിലാണ് ഡി.ജി.പിയെ ഇടത് സര്‍ക്കാര്‍ മാറ്റിയത്.
പിണറായി വിജയന് സര്‍ക്കാര്‍ അധികാരത്തിലെത്തി ആദ്യം എടുത്ത തീരുമാനങ്ങളില്‍ ഒന്ന് സെന്‍കുമാറിനെ മാറ്റി ലോക്നാഥ് ബെഹ്റയെ ഡിജിപിയാക്കുകയായിരുന്നു. എന്നാല്‍ ആ തീരുമാനമാണ് ഇന്ന് സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ ബൂമറാങ്ങായി തിരിച്ചുവരുന്നത്. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഉടന്‍ തന്നെ മാറ്റിയത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും, ഉന്നത ഉദ്യോഗസ്ഥരെ മാറ്റുന്നത് സംബന്ധിച്ച ചട്ടങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന് മറികടന്നുവെന്നും ആരോപിച്ചാണ് സെന്‍കുമാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.
സെന്‍കുമാറിനെ മാറ്റാന്‍ ആഭ്യന്തര സെക്രട്ടറി തയ്യാറാക്കിയ നോട്ടില്‍ കോടതി സംശയം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. കേസില്‍ വാദം കേള്‍ക്കുന്നതിനിടെ സംസ്ഥാന സര്‍ക്കാറിനെതിരെ രൂക്ഷമായ വിമര്‍ശനം സുപ്രീം കോടതി ഉന്നയിച്ചിരുന്നു. ജിഷ്ണു കേസില്‍ പൊലീസിന് വീഴ്ചയുണ്ടായപ്പോള്‍ ഇപ്പോഴത്തെ ഡി.ജി.പിയായ ലോക്നാഥ് ബെഹ്റയെ മാറ്റിയോ എന്ന് പോലും ഒരുവേള കോടതി ചോദ്യം ഉന്നയിച്ചു. എന്നാല്‍ സര്‍ക്കാറിന്റെ ഭരണപരമായ തീരുമാനമാണെന്നും ഇതില്‍ കോടതിക്ക് ഇടപെടാനാവില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ വാദിച്ചു.
സെന്‍കുമാറിനെ മാറ്റിയത് അച്ചടക്ക നടപടിയായി കാണേണ്ടതില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചുവെങ്കിലും ഇതൊന്നും കോടതി അംഗീകരിച്ചില്ല. കേസില്‍ വിധി വന്നതോടെ ഇപ്പോഴത്തെ ഡി.ജി.പി ലോക്നാഥ് ബെഹ്റക്ക് സ്ഥാനം ഒഴിയേണ്ടി വരും. ഇടത് സര്‍ക്കാറിന് അനഭിമതനായ ടി.പി സെന്‍കുമാര്‍ ഡി.ജി.പി സ്ഥാനത്തേക്ക് തിരികെ എത്തുകയും ചെയ്യും. വരുന്ന ജൂണിലാണ് സെന്‍കുമാര്‍ വിരമിക്കുന്നത്.
ഡി.ജി.പി സ്ഥാനത്ത് നിന്ന് മാറ്റിയതിനെതിരെ ആദ്യം സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെയും പിന്നീട് ഹൈക്കോടതിയെയും സമീപിച്ചിരുന്നെങ്കിലും വിധി സര്‍ക്കാറിന് അനുകൂലമായിരുന്നു. ഇതിന് ശേഷമാണ് സെന്‍കുമാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. അഖിലേന്ത്യാ സര്‍വീസ് ചട്ടവും കേരള പോലീസ് ആക്ടും അനുസരിച്ച് തനിക്കെതിരായ സര്‍ക്കാര്‍ നടപടി നിയമപരമായിരുന്നില്ലെന്നാണ് സെന്‍കുമാര്‍ ഹര്‍ജിയില്‍ പറഞ്ഞിരുന്നത്.